നിങ്ങളുടെ കൈയിലുള്ള പഴയ കറൻസിക്ക് കിട്ടുമോ ലക്ഷങ്ങൾ?

HIGHLIGHTS
  • ഒരു രൂപ നോട്ടിന് ഒരു ലക്ഷം രൂപ ലഭിക്കുമെന്നാണെങ്കിൽ 90% ഓഫര്‍ നൽകാം
grow-1
SHARE

പഴയ ഒരു രൂപ നോട്ടിനും 25 പൈസ നാണയത്തിനും ലക്ഷങ്ങൾ വിലയുണ്ട് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ചിലത് മുൻനിര ഓൺലൈൻ വാർത്താമാധ്യമങ്ങളിൽ നിന്നുള്ളതാണ്. ഇത്തരം കറൻസികൾ കയ്യിലുള്ളവരാണെങ്കിൽ ലോട്ടറി അടിച്ചുവെന്നും, ഇനി ഇല്ലാത്തവരാണെങ്കിൽ  കുറഞ്ഞ വിലയ്ക്ക് വാങ്ങി വലിയ ലാഭത്തിന് വിൽക്കണമെന്നൊക്കെ ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. 

ന്യുമിസ്മാറ്റിക്സ്‌ ലക്ഷങ്ങളുടെ കളിയോ?

കറൻസികളുടെ ശേഖരം വിനോദോപാധിയാക്കുന്നതിനെ ന്യുമിസ്മാറ്റിക്സ്‌ എന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെ കറൻസികളുടെ ശേഖരണം ശീലമാക്കിയവർ വിപണിയിൽ തികഞ്ഞ ദൗർലഭ്യം നേരിടുന്ന പുരാതനവും വ്യത്യസ്തവുമായ കറൻസികൾ വലിയ വില നൽകി വാങ്ങാറുണ്ട്. പക്ഷേ ലൈഫ്‌ബോയിയുടെ പരസ്യത്തിൽ അവശേഷിക്കുന്ന സൂക്ഷ്മജീവികളെക്കാളും കുറവാണ് ഇങ്ങനെ പണം നോക്കാതെ ‘പണം’ വാങ്ങുന്നവർ. ഇനി പണം പ്രശ്നമല്ലാത്ത ഒരു കറൻസി പ്രേമിയെ കണ്ടെത്തിയാൽ തന്നെയും 25 പൈസ നാണയത്തിനും പഴയ ഒരു രൂപ നോട്ടിനും ലക്ഷങ്ങൾ വിലമതിക്കത്തക്ക ദൗർലഭ്യം ഇപ്പോൾ  ഇല്ലെന്നതാണ് യാഥാർഥ്യം.

തട്ടിപ്പാണോ?

ഇന്ത്യമാർട്ട്, കോയിൻ ബസാർ എന്നിങ്ങനെ രണ്ട് വെബ്‌സൈറ്റുകളെ ചുറ്റിപ്പറ്റിയാണ് വാർത്തകളിലധികവും. ജിഎസ്ടി രജിസ്‌ട്രേഷനുള്ള ആർക്കും ഇന്ത്യബസാറിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിപണനം നടത്താം. ആമസോൺ, ഫ്ലിപ്കാർട്ട് മാതൃകയിലെന്ന് ചുരുക്കിപ്പറയാം. നമ്മുടെ നാട്ടിൽ സുലഭമായ ചിരട്ടയ്ക്ക് പോലും ഇന്ത്യമാർട്ടിൽ നിരവധി മൊത്തവിൽപ്പനക്കാരുണ്ട്. അതേ മാതൃകയിൽ പഴയ കറൻസികൾക്കുമുണ്ടെന്ന് മാത്രം. ഇപ്പോഴത്തെ ഈ വാർത്തകൾ വിശ്വസിച്ചിട്ടാകണം 25 പൈസ നാണയത്തിനും, ഒരു രൂപ നോട്ടിനും നിരവധി വിൽപനക്കാർ ഇന്ത്യമാർട്ടിൽ രജിസ്റ്റർ ചെയ്തതായി കാണാം. പലരുടെയും പക്കൽ ഒരുപോലെയുള്ള ഇരുപതും  അൻപതും കറൻസികൾ ഉണ്ടെന്ന് ചിത്രങ്ങളിൽ  നിന്നും മനസ്സിലാക്കാം. പക്ഷെ അവ വിറ്റ് കുബേരനാകാമെന്ന ചിന്ത വില്പനക്കാരുടെ ആധിക്യം കാണുമ്പോൾ തന്നെ ഇല്ലാതാകും. ചിലവായ പണമെങ്കിലും തിരിച്ച് കിട്ടിയാൽ വലിയ ഭാഗ്യം.

കോയിൻ  ബസാറും ജി.എസ്.ടി ഉള്ള ആർക്കും വിപണനം നടത്താവുന്നതാണ്. വിലപിടിപ്പുള്ള ലോഹങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, 2012 ൽ സ്ഥാപിതമായ സ്ഥാപനമാണ് യഥാർത്ഥ കോയിൻ ബസാർ (coinbazaar.com). എന്നാൽ ഇതിൽ നിന്നും രണ്ടക്ഷരങ്ങളിൽ മാറ്റം വരുത്തി പിറവിയെടുത്തതാണ് വാർത്തകളിൽ ഇടം നേടിയ കോയിൻ ബസാർ (coinbazzar.com). ആർക്ക് വേണമെങ്കിലും വിപണനം നടത്താമെന്നാണ് ഇതിലെ ചട്ടമെങ്കിലും നിലവിൽ ഇവിടെ 7 വ്യവസായ സ്ഥാപനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വെബ്സൈറ്റ് ആകമാനം ഭാഷാപിശകുകളാണ്. ഇതൊക്കെ കൊണ്ട് തന്നെ വാർത്തയിലിടം നേടിയ ഈ ഇ-കൊമേഴ്‌സ് സ്ഥാപനത്തെ വിശ്വാസത്തിലെടുക്കുക വയ്യ. 

90% ഓഫർ നൽകാം

പഴയ റേഡിയോകളിലും റാന്തൽ വിളക്കുകളിലും റെഡ് മെർക്ക്യൂറി എന്നൊരു ഘടകം ഒളിഞ്ഞിരിപ്പുണ്ടെന്നും തന്മൂലം ഇവയ്ക്ക് കോടികൾ വില നൽകി വാങ്ങാൻ വിദേശങ്ങളിൽ ആളുകൾ വരി വരിയായി നില്കുകയാണെന്നുമൊക്കെയുള്ള ഒരു കഥ മുൻപ് പ്രചരിച്ചിരുന്നു. സത്യത്തിൽ, ഈ ഉപകരണങ്ങളിൽ അങ്ങനെയൊന്ന് ഇല്ലെന്ന് മാത്രമല്ല, ചുവപ്പ് നിറത്തിലുള്ള മെർക്കുറി സൾഫൈഡിന് അവകാശപ്പെടുന്ന സവിശേഷതകളൊന്നും ഇല്ല താനും. ഇപ്പോഴത്തെ 25 പൈസ, ഒരു രൂപ   കറൻസികളുടെ കഥയും ഇത് പോലെ ഏതെങ്കിലും ഒരു വിരുതന്റെ ഭാവനയിൽ വിരിഞ്ഞതാകാം. ഇത്രയൊക്കെ വായിച്ചിട്ടും ഭാഗ്യപരീക്ഷണത്തിന് തയ്യാറുള്ളവർ ചെയ്യേണ്ടത് olx ൽ ഒരു സൗജന്യ  അക്കൗണ്ട് തുടങ്ങുക. ശേഷം കൈവശമുള്ള കറൻസി ലിസ്റ്റ് ചെയ്യുക. ഒരു രൂപ നോട്ടിന് ചുരുങ്ങിയത് ഒരു ലക്ഷം രൂപ ലഭിക്കുമെന്നാണ് അവകാശവാദം. 90% വിലക്കിഴിവ് നൽകി 10000 രൂപ ആവശ്യപ്പെട്ടാൽ മതി. ഇത്രയും വിലക്കിഴിവ് നൽകുന്നത് കൊണ്ട് ആവശ്യക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ ഉറപ്പായും തേടിയെത്തും. 

(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്)

English Summary: Is Old Currency a Hot Selling Cake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA