ADVERTISEMENT

കോവിഡ് പ്രതിസന്ധിയില്‍ അധികമാരും തിരിച്ചറിയാതെ പോകുന്ന വലിയ 'വൈറസാ'ണ് കുതിച്ചുയരുന്ന എണ്ണവില. സര്‍ക്കാരുകള്‍ക്ക് പല ന്യായം നിരത്താനുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഇത് ഇടിത്തീയാണ്. പ്രത്യേകിച്ച് തൊഴില്‍-വരുമാന രംഗങ്ങള്‍ കോവിഡില്‍ പകച്ച് നില്‍ക്കുമ്പോള്‍. അല്‍പ്പം കണക്ക് പരിശോധിക്കാം.

2020 മേയ് മാസം ഒന്നാം തീയതി പെട്രോള്‍ വില 69.59 രൂപയായിരുന്നു. ഡീസല്‍ വിലയാകട്ടെ 62.29 രൂപയും. കോവിഡിനെ തുടര്‍ന്ന് ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിലയാണ് ഇത്. എന്നാല്‍ സകല പ്രതീക്ഷകളും തെറ്റിച്ച കോവിഡിന്റെ രണ്ടാം വരവിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്ന 2021 മേയ് 30ന് പെട്രോള്‍ വില 100 കടന്നിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 100.19 രൂപ. ഡീസലാകട്ടെ 92.17 രൂപയും.(മുംബൈയിലെ ഇന്നലത്തെ വിലയാണിത്). ഒരു വര്‍ഷം കൊണ്ട് രാജ്യത്ത് ഒരു ലിറ്റര്‍ പെട്രോളിന് കൂടിയത് 30.6 രൂപ. ഡീസലിനാകട്ടെ 29.88 രൂപ.( ചെന്നൈയില്‍ പെട്രോളിനും ഡീസലിനും ശരാശരി  നാല് രൂപയ്ക്കടുത്ത് മുംബൈ വിലയുമായി വ്യത്യാസമുണ്ടാകും). കേരളത്തിൽ മെയ് 31ന് പെട്രോളിന് തിരുവനന്തപുരത്ത് 96.26 രൂപയും കൊച്ചിയിൽ 94.33 രൂപയുമാണ്. 

മാസം 3,000 രൂപ!

കഴിഞ്ഞ ഒരു വര്‍ഷമായി പലപ്പോഴും ദേശീയ, പ്രാദേശിക ലോക്ഡൗണ്‍ ആയതിനാല്‍ പലര്‍ക്കും നിരന്തരം യാത്ര ചെയ്യേണ്ടി വന്നിട്ടില്ല. അതുകൊണ്ട് നേരിട്ടുള്ള ഇന്ധന വിലവര്‍ധനയുടെ ആഘാതം വലിയ തോതില്‍ ഉണ്ടായിട്ടില്ല. എന്നാൽ കോവിഡ് ഭീതി മൂലം വാഹനമുള്ളവരൊക്ക സ്വന്തം വണ്ടിയിലാക്കി യാത്രകളെല്ലാം. അതായത് 30 കിലോമീറ്റര്‍ അകലെയുള്ള ഓഫീസില്‍ ചെറുകാറില്‍ പോയി വരേണ്ടി വരുന്ന ഒരു ജീവനക്കാരന് ദിവസം 122.4 രൂപയുടെ അധിക ചെലവാണ് ഇവിടെ ഉണ്ടാവുക. ഒരു വര്‍ഷം മുമ്പ് നാല് ലിറ്റര്‍ പെട്രോളിന് 278.36 രൂപയാകുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 400.76 രൂപയായി മാറുന്നു. ഒരു ദിവസം പെട്രോള്‍ ചെലവിലുണ്ടാകുന്ന വര്‍ധന 122.4 രൂപ. മാസം 25 ദിവസം ഓഫീസില്‍/ സ്ഥാപനത്തില്‍ പോകുന്ന ആളാണെങ്കില്‍ അധിക ചെലവ് 3,060 രൂപ. പെട്രോള്‍, ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് മറ്റ് സാധനങ്ങള്‍ക്കുണ്ടായിട്ടുള്ള വിലക്കയറ്റം പരിഗണിക്കാതെ നേരിട്ട് പോക്കറ്റിനെ ബാധിക്കുന്ന അധിക ചെലവാണിതെന്നോര്‍ക്കണം. ഇരുചക്രവാഹനമുപയോഗിക്കുന്നവര്‍ക്കും ശരാശരി 1000-1500 രൂപയുടെ അധിക ചെലവ് മാസത്തില്‍ ഉണ്ടാകുന്നുണ്ട്. മാസം 3000 രൂപ വരെ യാത്രയ്ക്ക്് അധികം ചെലവാക്കേണ്ടി വരിക എന്ന നിസാര കാര്യമല്ല. അഞ്ച് ലക്ഷം രൂപയുടെ ഇ എം ഐ അടയ്ക്കാനുള്ള തുക വരും ഇത്. അതുകൊണ്ട് ഇതിനെ തരണം ചെയ്‌തേ ഒക്കൂ.

പൊതു വാഹനം ശീലിക്കാം

കോവിഡ് നിയന്ത്രണങള്‍ പിന്‍വലിക്കുന്നതോടെ പൊതു വാഹനങ്ങള്‍ നിരത്തിലെത്തും. ഈ സാഹചര്യത്തില്‍ വലിയ വില കൊടുത്ത് ഇന്ധനം നിറച്ചുളള കാര്‍/ബൈക്ക് യാത്രകള്‍ കഴിയുന്നതും കുറയ്ക്കാം. പൊതുവാഹനങ്ങളായ ബസ്, ട്രെയിന്‍ ഇവ ഉപയോഗിക്കാം. ഓര്‍ക്കുക പത്ത് ദിവസം പൊതുഗതാഗതം ഉപയോഗിച്ചാല്‍ വലിയ തുക നിങ്ങള്‍ക്ക് ലാഭിക്കാം.

പൂളിങ്

ഒരേ റൂട്ടില്‍ യാത്ര ചെയ്യുന്ന ഒന്നിലധികം പേരുണ്ടെങ്കില്‍ കാര്‍ പൂളിങ് പരീക്ഷിക്കുക. അഞ്ച് പേര്‍ക്ക് വരെ ഇങ്ങനെ ഒരുമിച്ച യാത്ര ചെയ്യാം. ഇതിലൂടെ പെട്രോള്‍ വില വര്‍ധന വലിയ തോതില്‍ ചെറുക്കാം. മുകളിലെ ഉദാഹരണത്തില്‍ 400.76 രൂപ അഞ്ച് പേര്‍ക്കായി പങ്കു വയ്ക്കപ്പെടുമ്പോള്‍ 80 രൂപയില്‍ ഒരു ദിവസത്തെ യാത്രാ ചെലവ് ഒതുക്കാം.

ദിവസവും കാര്‍ എടുക്കേണ്ട

അപകടകരമല്ലാത്ത ചെറിയ റൂട്ടുകളാണെങ്കില്‍ തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളില്‍ കാറിന് പകരം ടൂവീലറാക്കിയാലും പണച്ചെലവ് കുറയ്ക്കാം. തിരക്കേറിയ ട്രാഫിക്കില്‍ വേഗത്തില്‍ ലക്ഷ്യത്തിലെത്താനും ഇതുപകരിക്കും. വില വര്‍ധന ടൂവിലറിനും ബാധകമെങ്കിലും കാറിനേക്കാള്‍ ചെലവ് കുറയും എന്നതിനാല്‍ ഇടയ്ക്ക് ഇത് പരീക്ഷിക്കാം.

ഇലക്ട്രിക് വാഹനങ്ങള്‍

ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ന് സര്‍വ സാധാരണമാണ്. ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ ലഭിക്കുന്ന കാറുകള്‍ ലഭ്യമാണ്. അതുപോലെ തന്നെയാണ് ടൂവീലറുകളും. 60,000 രൂപ മുതല്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. മാസം ശരാശരിയുള്ള യാത്രകളും ഇന്ധന ചെലവും പരിഗണിച്ച് യുക്തമെങ്കില്‍ നിലവിലുള്ള വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറാവുന്നതാണ്.

സൈക്കിള്‍ ശീലിക്കാം

എന്തിനും വാഹനം എന്ന ശീലം ഉപേക്ഷിക്കാം. ചെറിയ ദൂരമൊക്കെ സൈക്കിള്‍ ഉപയോഗിച്ച് യാത്രയാകാം. ഇവിടെ ഇന്ധന ചെലവ് അതിജീവിക്കാം എന്ന് മാത്രമല്ല ആരോഗ്യം പരിരക്ഷിക്കുകയും  ആശുപത്രി ബില്ലുകള്‍ കുറയ്ക്കുകയും ചെയ്യാം.

English Summary : Fuel Price is Sky Rocketing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com