വൈദ്യുതി : അമിതബിൽ കുറയ്ക്കാനൊരു വഴിയിതാ

HIGHLIGHTS
  • കെഎസ്ഇബി ബില്ലിങ് സമ്പ്രദായം കൃത്യമായി മനസിലാക്കുക
kseb-meter
SHARE

വേനൽചൂട് ഒതുങ്ങിയെങ്കിലും വീടുകളിലെ വൈദ്യുതി ഉപഭോഗം കുറയാത്തതിനാൽ കറന്റ് ബിൽ ഷോക്കടിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. ലോക്ഡൗൺ കാരണം ആരും പുറത്തിറങ്ങാത്തതും കൂടുതൽ പേരും വീട്ടിലിരുന്നു തന്നെ ജോലിചെയ്യുന്നതും കുട്ടികളുടെ ഓൺലൈൻ ക്ലാസുകളുമെല്ലാം വൈദ്യുതി ഉപയോഗം കൂട്ടുന്നു. ഫലമോ വരുമാനത്തിന് വഴിയില്ലാത്ത ഈ അവസ്ഥയിൽ കൈയിൽ കിട്ടുന്ന അമിതബില്ല് കണ്ടു കണ്ണുതള്ളുന്നവരുടെ എണ്ണം കൂടുകയാണ്. കെഎസ്ഇബി ബില്ലിങ് സമ്പ്രദായത്തെക്കുറിച്ച് കൃത്യമായി മനസിലാക്കുന്നതിലൂടെ അമിതബിൽ വലിയൊരളവിൽ ഒഴിവാക്കാനാകും.

ശരാശരി വൈദ്യുതി ഉപയോഗിച്ച് കറന്റ് ബില്ലിൽ സർക്കാർ സബ്സിഡി നേടുന്നവർക്കാണ് വൈദ്യുതി ഉപയോഗം കൂടിയാൽ ഇരുട്ടടി കിട്ടുന്നത്. സബ്സിഡി പരിധിയിൽ നിന്നു ഒരു യൂണിറ്റ് വൈദ്യുതി ഉപഭോഗം വർധിച്ചാൽ തന്നെ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും ഉയർന്ന നിരക്കിൽ പണം നൽകേണ്ടി വരുന്നു. അൽപമൊന്നു ശ്രദ്ധിച്ചാൽ ഈ അമിതഭാരം ഒഴിവാക്കാം. 

പ്രതിമാസ ഉപഭോഗം കണക്കാക്കുക 

രണ്ട് മാസം കൂടുമ്പോഴാണല്ലോ കറന്റ് ബില്ലു വരിക. അവസാനത്തെ മൂന്നു ബില്ലുകൾ പരിശോധിച്ച് അതിൽ ഓരോന്നിലും എത്ര യൂണിറ്റ് വീതമാണ് നിങ്ങളുടെ ഉപഭോഗമെന്നു കണക്കുകൂട്ടുക. അതിനു ശേഷം അവ തമ്മിൽ കൂട്ടി ആറ് കൊണ്ട് ഹരിച്ചാൽ നിലവിൽ പ്രതിമാസം ശരാശരി എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് അറിയാം. 

പ്രതിമാസ ഉപഭോഗം 120 യൂണിറ്റിൽ (ദ്വൈമാസ ബില്ലിൽ 240 യൂണിറ്റ്) കൂടുതലാണെങ്കിൽ സബ്സിഡി ലഭിക്കില്ലെന്ന് അറിയാമല്ലോ. 

നിങ്ങളുടെ വൈദ്യുതോപയോഗം ഇതിനു തൊട്ടു താഴെയോ മുകളിലോ ആണെങ്കിൽ അൽപമൊന്നു ശ്രദ്ധിച്ചാൽ, വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനായാൽ സബ്സിഡി ആനുകൂല്യം പാഴാക്കാതെ വൈദ്യുത ബില്ലിൽ നല്ലൊരു തുക തന്നെ ലാഭിക്കാം. 

ഉപഭോഗം കൂടിയാൽ ഉയർന്ന വില

വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് ഈടാക്കുക. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപ്പിക് താരിഫ് ആണ് നിലവിലുള്ളത്. അതായത് പ്രതിമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 50 യൂണിറ്റിന് 3.15, 51 മുതൽ 100 യൂണിറ്റ് വരെ 3.70, 101 മുതൽ 150 യൂണിറ്റ് വരെ 4.80, 151 മുതൽ 200 യൂണിറ്റ് വരെ 6.40, 201 മുതൽ 250 യൂണിറ്റ് വരെ 7.60 രൂപ എന്ന രീതിയിലാണ് നിരക്കുകൾ.

വൈദ്യുതി ചാർജ് മാത്രമല്ല ബില്ലിൽ

ദ്വൈമാസം 240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, പ്രതിമാസം ആദ്യ 40 യൂണിറ്റിന് 35 പൈസയും, 41-120 വരെ യൂണിറ്റിന് 50 പൈസയും സബ്സിഡിയായി നൽകുന്നു. ഫിക്സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് പ്രതിമാസം 20 രൂപ സബ്സിഡിയുണ്ട്. വൈദ്യുതി ചാർജിന്റെ കൂടെ 10% ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ വാടക, മീറ്റർ വാടകയുടെ 18% ജിഎസ്ടിയും 1% സെസും കൂടിച്ചേരുന്നതാണ് ബിൽത്തുക.

ഇനി നിങ്ങളുടെ വീട്ടിൽ പ്രതിമാസ ഉപയോഗം 250 യൂണിറ്റിന് മുകളിലാണെന്നു വയ്ക്കുക. അതായത് ദ്വൈമാസ ബില്ലിൽ 500 യൂണിറ്റ്. അത്തരം ഉപഭോക്താക്കളിൽ പ്രതിമാസം ഒന്നുമുതൽ 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5.80, 350 യൂണിറ്റ് വരെ 6.60, 400 യൂണിറ്റ് വരെ 6.90, 500 യൂണിറ്റ് വരെ 7.10, 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 7.90 എന്നിങ്ങനെയാകും നിരക്കുകൾ.

അതു കൊണ്ട് വീട്ടിലെ വൈദ്യുതി ഉപയോഗം ഒരു മാസം ശരാശരി എത്ര യൂണിറ്റെന്നു കണക്കൂകൂട്ടുക, നിയന്ത്രിക്കുക, പണം ലാഭിക്കുക

English Summary : Tips for Cut down Electricity Bill

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA