ADVERTISEMENT

ക്ലബ്ബ് ഹൗസില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ എന്താണു ചെയ്യേണ്ടത്? ഏതു ഭാഷ സംസാരിക്കുന്നവര്‍ക്കിടയിലാണെങ്കിലും ക്ലബ്ബ് ഹൗസില്‍ വിപുലമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത്. ഇങ്ങനെ എണ്ണം വര്‍ധിച്ചാല്‍ അതിലൂടെ വരുമാനമുണ്ടാക്കാം എന്നൊരു ചിന്തയുമായാണ് ഓരോ ക്ലബ്ബ് ഹൗസ് റൂമുകളിലും ചെന്നു ചിലര്‍ ലേലം വിളിക്കുന്നതു പോലെ ഫോളോവേഴ്‌സിനെ തേടുന്നത്. യഥാര്‍ത്ഥത്തില്‍ ക്ലബ്ബ് ഹൗസില്‍ ഫോളോവേഴ്‌സ് വര്‍ധിച്ചാല്‍ നിങ്ങള്‍ക്കു സാമ്പത്തിക നേട്ടം ഉണ്ടാകുമോ? ആരും വെറുതെ പണം തരില്ല എന്നതാണ് ഇതിനുള്ള ഉത്തരം. എങ്കിലും മറ്റു സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് എന്നതു പോലെ ക്ലബ്ബ് ഹൗസില്‍ നിന്നും വരുമാനമുണ്ടാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. 

പരസ്യങ്ങള്‍ക്ക് എത്രത്തോളം സാധ്യത?

ശബ്ദ സന്ദേശങ്ങള്‍ മാത്രം സാധ്യമാകുന്ന ഈ പുതിയ സാമൂഹ്യ മാധ്യമത്തില്‍ പരസ്യങ്ങള്‍ എങ്ങനെ ഉള്‍പ്പെടുത്തുമെന്നത് പലരും ഉയര്‍ത്തുന്ന സംശയമാണ്. ഇക്കാര്യത്തില്‍ ക്ലബ്ബ് ഹൗസ് എന്തെങ്കിലും നീക്കം നടത്തിയാല്‍ സ്വാഭാവികമായും അതിലൊരു വിഹിതം പങ്കു വെക്കപ്പെടും. മറ്റു സാമൂഹ്യ മാധ്യമങ്ങളില്‍ എന്നതു പോലെ ഇവിടേയും ചെറിയ വരുമാനം അതിലൂടെ ലഭിക്കുവാനും സാധ്യതയുണ്ട്. 

സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്ക് അവസരം

നമ്മുടെ നാട്ടില്‍ പലരും പരസ്യമായി പറയാന്‍ മടിക്കും എങ്കിലും സാമൂഹ്യ മാധ്യമങ്ങളിലെ സ്‌പോണ്‍സര്‍ഷിപ്പ് ഒരു രഹസ്യമല്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ക്കാണ് ഇത്തരം സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്ക് അവസരം. പതിനായിരമോ ഒരു ലക്ഷമോ ഫോളോവേഴ്‌സ് ഉണ്ടെന്നതു കൊണ്ടു മാത്രം ഒരാള്‍ക്കു സ്‌പോണ്‍സര്‍ഷിപ്പു ലഭിക്കണമെന്നില്ല. ഗുണമേന്‍മയുള്ള ഫോളോവേഴ്‌സ് ആണെങ്കില്‍ മാത്രമേ അതിനെല്ലാം അവസരം പോലും ലഭിക്കു. അതായത് ഇപ്പോള്‍ പലരും ചെയ്യുന്നതു പോലെ ലേലം വിളിച്ച് ഫോളോവേഴ്‌സിനെ പെരുപ്പിക്കുന്നതു കൊണ്ട് ഒരു ഗുണവും ലഭിക്കാന്‍ സാധ്യതയില്ല. ഓര്‍ഗാനിക് ഗ്രോത്ത് എന്ന നിലയിലുള്ള വര്‍ധനവാണെങ്കില്‍ മാത്രമേ വിപുലമായ ഫോളോവേഴ്‌സ് ഉള്ളവര്‍ക്കു പോലും സ്‌പോണ്‍സര്‍ഷിപ്പുകള്‍ ലഭിക്കാന്‍ സാധ്യതയുള്ളു. 

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ക്ലബ്ബ് ഹൗസിന്റെ വിപുലമായ നയങ്ങള്‍ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളു. മിക്കവാറും  സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ നയമുണ്ട്. പണം വാങ്ങിയാണ് ഉള്ളടക്കം ലഭ്യമാക്കുന്നതെങ്കില്‍  അക്കാര്യം വെളിപ്പെടുത്തണമെന്നാണ് പല സാമൂഹ്യ മാധ്യമങ്ങളും ആവശ്യപ്പെടുന്നത്. അവയുടെ പങ്കു വെക്കല്‍ സംബന്ധിച്ചും എന്തെങ്കിലും പരസ്യ വരുമാനമുണ്ടെങ്കില്‍ അതു പങ്കു വെക്കുന്നതു സംബന്ധിച്ചും ഉപഭോക്താവും സാമൂഹ്യ മാധ്യമവും തമ്മില്‍ ധാരണയുണ്ടാക്കാനും അവസരമുണ്ട്. 

സ്ഥാപനങ്ങളേയോ ബ്രാന്‍ഡുകളേയോ വ്യക്തികളേയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ അടിസ്ഥാനപരമായി നടക്കുന്നത്. ഇവയുടെയെല്ലാം പേരില്‍ ക്ലബ്ബുകളോ റൂമുകളോ തുടങ്ങുകയും അവയെക്കുറിച്ചു സംസാരിക്കുകയുമാവാം. ഇതിനെല്ലാം നല്‍കുന്ന സേവനത്തിന്റേയും സ്ഥാപനത്തിന്റെ വലുപ്പത്തിന്റേയും അടിസ്ഥാനത്തില്‍ പ്രതിഫലം നേടുകയുമാവാം. ഇവയൊന്നും സാമൂഹ്യ മാധ്യമത്തിന്റെ നയങ്ങളുടേയും നിബന്ധനകളുടേയും ലംഘനമാകരുതെന്നു മാത്രം. 

മോഡറേറ്ററാകാം, പിആര്‍ മാനേജറാകാം

പല രംഗങ്ങളിലെ മുന്‍നിരക്കാരും സെലിബ്രിറ്റികളുമെല്ലാം പുതിയ സാമൂഹ്യ മാധ്യമത്തിലേക്കു കടന്നു വരുന്നുണ്ട്. ഇവര്‍ക്കൊന്നും അവിടെ ചെലവഴിക്കാന്‍ സമയവും സാഹചര്യവും ഉണ്ടാകില്ല. ഇനി പങ്കെടുത്താല്‍ പോലും അതില്‍ കൃത്യമായി മുഴുകുവാനും ശ്രദ്ധ പതിപ്പിക്കാനും സാധിക്കുകയുമില്ല. അഅത്തരക്കാരുടെ റൂമുകളില്‍ മോഡറേറ്ററായി പ്രവര്‍ത്തിക്കുന്നതു മുതല്‍ ഇടപെടലുകള്‍ നടത്തുന്നതു വരെയുള്ള കാര്യങ്ങള്‍ നടത്താം. ആവശ്യമെങ്കില്‍ ശബ്ദ സന്ദേശങ്ങള്‍ നല്‍കാം. അവര്‍ക്കു സംസാരിക്കാനുള്ള കാര്യങ്ങള്‍ തയ്യാറാക്കാം. ഇങ്ങനെ വിപുലമായ അവസരങ്ങളാണ് മുന്നിലുള്ളത്. ഇത്തരം കാര്യങ്ങള്‍ സേവനം നല്‍കുന്ന വ്യക്തിയും സേവനം തേടുന്ന സ്ഥാപനം അല്ലെങ്കില്‍ വ്യക്തിയും  തമ്മിലുള്ള ഇടപാടായിരിക്കും. അതില്‍ സാമൂഹ്യ മാധ്യമത്തിന് കാര്യമായ പങ്കൊന്നും ഉണ്ടാകില്ല. സേവനം നല്‍കുന്ന വ്യക്തിയും  അതു സ്വീകരിക്കുന്നവും തമ്മിലുള്ള ധാരണയനുസരിച്ചു പ്രതിഫലവും നേടാം.

പ്രീമിയം റൂമുകള്‍ക്കും സാധ്യത

ഈ പുതിയ സാമൂഹ്യ മാധ്യമത്തില്‍ പണം നല്‍കി മാത്രം പ്രവേശിക്കാനാവുന്ന പ്രീമിയം റൂമുകള്‍ക്കും സാധ്യതയുണ്ട്. ഇങ്ങനെയുള്ള റൂമുകളില്‍ പ്രവേശിക്കാന്‍ ചെറിയൊരു തുക നല്‍കണമെന്ന നിബന്ധന സൃഷ്ടിക്കുകയുമാവാം. ഇക്കാര്യത്തിലും ക്ലബ്ബ് ഹൗസിന്റെ നയങ്ങള്‍ക്കു കാത്തിരിക്കേണ്ടതുണ്ട്. ചില മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുള്ള പെയ്‌മെന്റ് സൗകര്യം ഈ സാധ്യതകള്‍ തന്നെയാണു സൂചിപ്പിക്കുന്നത്. 

പ്രീമിയം റൂമുകള്‍ പോലെ തന്നെ സ്വകാര്യ റൂമുകളില്‍ പണം ഈടാക്കി മാത്രം പ്രവേശനം അനുവദിക്കുന്ന രീതിയും ഉടലെടുത്തേക്കാം. ഇത്തരത്തില്‍ ഏതു സംവിധാനമാണെങ്കിലും അതില്‍ പങ്കെടുക്കുന്നവരെ ആകര്‍ഷിക്കാനുള്ള ഉള്ളടക്കം റൂമില്‍ നിന്നു ലഭിക്കണം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള പ്രായോഗിക മാര്‍ഗ നിര്‍ദേശങ്ങളുമായി ബിസിനസ് രംഗത്തെ അതികായര്‍ എത്തുന്ന റൂമിലേക്ക് പണം നല്‍കി മറ്റുള്ളവര്‍ എത്തും. വിദേശ ജോലിക്കു ഗുണകരമാകുന്ന പരിശീലനങ്ങള്‍, അല്ലെങ്കില്‍ ട്യൂഷന്‍ സേവനങ്ങള്‍ എന്നിവയൊക്കെ നിലവിലുള്ളതിലും കുറഞ്ഞ ഫീസില്‍ ലഭ്യമാക്കുകയാണെങ്കില്‍ അവിടേയും പണം നല്‍കാന്‍ തയ്യാറാകുന്നവരുണ്ടാകും. ചുരുക്കി പറഞ്ഞാല്‍ മികച്ചതും വരുന്നവര്‍ക്കു ഗുണകരമായതുമായ എന്തെങ്കിലും റൂമില്‍ ഉണ്ടെങ്കില്‍ മാത്രമേ വരുമാന സാധ്യതയുള്ളു. ഇവയെല്ലാം വരും നാളുകളില്‍ ഈ സാമൂഹ്യ മാധ്യമം സ്വീകരിക്കുന്ന നയങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും എന്നതും പ്രസക്തമാണ്. 

ബയോ ഏറെ പ്രധാനപ്പെട്ടത്

നിങ്ങളുടെ സാമൂഹ്യ മാധ്യമം നിങ്ങള്‍ക്കു താല്‍പര്യമുള്ള രീതിയില്‍ ഉപയോഗിക്കാം. പക്ഷേ, അതിലൂടെ വരുമാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതിന്റേതായ ഗൗരവത്തില്‍ തന്നെ കൈകാര്യം ചെയ്യണം.  നിങ്ങള്‍ ഭാവിയില്‍ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വിഭാഗത്തെ മുന്നില്‍ കണ്ടു വേണം ക്ലബ്ബ് ഹൗസിലെ ബയോ തയ്യാറാക്കാന്‍.  നിങ്ങള്‍ നല്‍കുന്ന സേവനത്തെ കുറിച്ചു കൂടുതല്‍ മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഗുണകരമായ രീതിയില്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉള്‍പ്പെടുത്താനും ഇതോടൊപ്പം അവസരം ലഭിക്കും.

നേരിട്ടുള്ള വില്‍പനയ്ക്കും അവസരം

പുതിയതോ ജനങ്ങള്‍ക്കു താല്‍പര്യമുള്ളതോ ആയ ഉല്‍പന്നങ്ങളും സേവനങ്ങളും റൂമുകളിലൂടെ പരിചയപ്പെടുത്തുകയും അവയുടെ വില്‍പന നടത്തുകയും ചെയ്യാനും സാധിക്കും. വിവിധ വിഷയങ്ങളില്‍ സംശയ നിവാരണം നടത്തുന്ന സെഷനുകളാണ് മറ്റൊരു സാധ്യത. മറ്റു സാമൂഹ്യ മാധ്യമങ്ങളില്‍ ചെയ്യുന്നതു പോലെ നിരവധി മേഖലകളിലെ ഉപദേശമോ കണ്‍സള്‍ട്ടന്‍സിയോ നല്‍കാനും സാധിക്കും. ഇവിടെയെല്ലാം പ്രസക്തമായ ഒന്നുണ്ട്. നിങ്ങള്‍ക്ക് എത്ര ഫോളോവേഴ്‌സ് ഉണ്ടെന്നതല്ല ആത്യന്തികമായി നിങ്ങളെ തുണയ്ക്കാന്‍ പോകുന്നത്. നിങ്ങള്‍ക്ക് അതാതു മേഖലകളില്‍ എത്രത്തോളം കഴിവുണ്ട് എന്നതായിരിക്കും വിലയിരുത്തപ്പെടുക. ക്ലബ്ബ് ഹൗസ് നിങ്ങള്‍ക്കു സഞ്ചരിക്കാനുള്ള ഒരു പാത മാത്രമായിരിക്കും. അതിലൂടെ സഞ്ചരിച്ചു ജനങ്ങള്‍ക്കിടയിലെത്തി ബിസിനസ് നടത്തണമെങ്കില്‍ അതിനുള്ള കഴിവുണ്ടെങ്കില്‍ മാത്രമേ സാധിക്കു. 

പാനലിസ്റ്റുകള്‍ക്കും സാധ്യത

വലിയ റൂമുകളില്‍ ആയിരക്കണക്കിനു പേര്‍ കേള്‍വിക്കാരായി ഇരിക്കുകയും വളരെ കുറച്ചു പേര്‍ മാത്രം സംസാരിക്കുകയും ചെയ്യുന്നതു കാണാറുണ്ടല്ലോ. ഇത്തരം റൂമുകളില്‍ സംസാരിക്കുന്ന വിദഗ്ദ്ധര്‍ക്കും പാനലിസ്റ്റ് എന്ന പേരില്‍ റൂം സംഘടിപ്പിക്കുന്നവരില്‍ നിന്നു പ്രതിഫലം തേടാവുന്നതാണ്. ഈ പാനലിസ്റ്റുകളുടെ വൈദഗ്ദ്ധ്യമാണല്ലോ അവിടെ പ്രയോജനപ്പെടുത്തുന്നത്. ഇത്തരം മാതൃകകളെല്ലാം ഇനിയും ഉരുത്തിരിഞ്ഞു വരേണ്ടതുണ്ടെന്നതാണു വസ്തുത.

English Summary : How to Make Money from Club House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com