ADVERTISEMENT

സ്വര്‍ണം കയ്യിലുണ്ടെങ്കില്‍ നൂലാമാലകളില്ലാതെ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും പണം ലഭിക്കും. ബാങ്കുകളിലോ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലോ സ്വര്‍ണം നല്‍കിയാല്‍ ക്രെ‍ഡിറ്റ് സ്കോറുപോലും നോക്കാതെ  ഉടന്‍ പണം കിട്ടും. അതുകൊണ്ടു തന്നെ കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സ്വര്‍ണ വായ്പയിലാണ് മിക്കവരും ശരണം തേടുന്നത്. കഴിഞ്ഞയാഴ്ചയില്‍ സ്വര്‍ണ വില താഴോട്ടു പോയെങ്കിലും വിപണി മൂല്യത്തിന്റെ 70 ശതമാനം തുകയെങ്കിലും ലഭിക്കുമെന്നത് വായ്പയെ ആകര്‍ഷകമാക്കുന്നുണ്ട്. സ്വര്‍ണം ഈടായിക്കൊടുത്ത് ഏതൊക്കെ വായ്പ ലഭിക്കുമെന്നത് നോക്കാം.

എന്തുകൊണ്ട് സ്വര്‍ണ വായ്പ?

∙തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ സ്വര്‍ണ വായ്പ എളുപ്പത്തില്‍ കിട്ടും. 

∙ഭൂമിയോ വീടോ പണയമായി നല്‍കേണ്ടി വരുമ്പോഴുള്ള മാനസിക സംഘര്‍ഷം സ്വര്‍ണ വായ്പ എടുക്കുമ്പോള്‍ ഉണ്ടാകാറില്ല. 

∙ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞവര്‍ക്കും സ്വര്‍ണം ഈടായി നല്‍കി വായ്പ എടുക്കുമ്പോള്‍ തുകയില്‍ കുറവൊന്നു വരികയുമില്ല. 

∙ചിലയിടങ്ങളില്‍ പലിശ നിരക്കില്‍ കുറവും തിരിച്ചടവ് കാലാവധിയില്‍ സാവകാശവും ലഭിക്കും. 

∙സ്വകാര്യ - ദേശസാല്‍കൃത -  സഹകരണ ബാങ്കുകളും വന്‍കിട കമ്പനി ശാഖകളുമൊക്കെ ആവേശത്തോടെ സ്വര്‍ണ വായ്പ നല്‍കുന്നുണ്ട്. 

∙ബാങ്കുകളില്‍ വ്യക്തിഗത വായ്പകള്‍ക്ക് ഉള്‍പ്പടെ വേണ്ടി വരുന്ന സങ്കീര്‍ണമായ നടപടിക്രമങ്ങളും കാത്തിരിപ്പും സ്വര്‍ണ വായ്പയ്ക്ക് ആവശ്യമായി വരുന്നില്ല. 

∙കുറഞ്ഞ കാലയളവിലേക്ക് സാധാരണയായി ബാങ്കുകള്‍ വലിയ തുകകള്‍ വായ്പയായി നല്‍കാറില്ല. എന്നാല്‍ സ്വര്‍ണം ഈടായി നല്‍കിയാല്‍ വലിയ തുക വായ്പ നല്‍കാന്‍ മടി കാണിക്കാറുമില്ല.

പലിശയും തിരിച്ചടവും

മിക്ക ബാങ്കുകളിലും വ്യക്തിഗത വായ്പയേക്കാള്‍ പലിശ കുറവ് സ്വര്‍ണ വായ്പയ്ക്ക് തന്നെയാണ്. എങ്കിലും പൊതുവില്‍ 7 ശതമാനത്തിനു മുകളിലുള്ള പലിശ നിരക്കാണ് നല്‍കേണ്ടി വരിക. ഒരാഴ്ച മുതല്‍ 1 വര്‍ഷം വരെയും മൂന്നോ അഞ്ചോ വര്‍ഷം വരെയുമൊക്കെ തിരിച്ചടവിന് സാവകാശം ലഭിക്കുമെങ്കിലും ഇതനുസരിച്ച് പലിശ നിരക്കില്‍ മാറ്റം വരാനും സാദ്ധ്യതയുണ്ട്. പലിശ കൃത്യമായി അടച്ചു പോകുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ. കാലാവധി തീരുമ്പോള്‍ മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കാന്‍ കഴിയാത്തവരെല്ലാം പലിശയ്‌ക്കൊപ്പം വായ്പാ തുകയുടെ നിശ്ചിത സംഖ്യ അടയ്ക്കാനുള്ള സ്കീം തെരഞ്ഞെടുക്കുകയാണ് നല്ലത്. അതു പോലെ വായ്പ എടുക്കുന്നതിന് മുമ്പ് പ്രോസസിങ് ചാര്‍ജ് എത്രയാണെന്ന് മനസിലാക്കി വെയ്ക്കുകയും വേണം. 

gold-1

 

സ്വര്‍ണം നഷ്ടപ്പെടാതെ സൂക്ഷിക്കാം

എളുപ്പത്തില്‍ കിട്ടുമെന്നതിനാല്‍ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ സ്വര്‍ണ വായ്പ എടുക്കുന്നവരുണ്ട്. വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കില്‍ തിരിച്ചടവിനുള്ള ശേഷിയും കുറഞ്ഞിട്ടുണ്ടാവും. അതുകൊണ്ടു തന്നെ സ്വര്‍ണ വായ്പയെടുക്കുന്ന തുകയിലും തിരിച്ചടയ്ക്കാന്‍ തെരഞ്ഞെടുക്കുന്ന കാലാവധിയിലും ശ്രദ്ധ വേണം. പലിശയോ മുതലോ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ സ്വര്‍ണം ലേലം ചെയ്യാന്‍ ബാങ്കിന് അധികാരമുണ്ട്. 

കാര്‍ഷിക സ്വര്‍ണ വായ്പകള്‍

∙സ്വന്തമായി കൃഷി ഭൂമിയുള്ളവര്‍ക്കും കൃഷിക്കായി ഭൂമി ലീസിന് എടുത്തവര്‍ക്കും കൃഷിക്കും കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക സ്വര്‍ണ വായ്പ ലഭിക്കും. 

∙കൃഷിയുടെ വിസ്തൃതിയനുസരിച്ച് ഒരാള്‍ക്ക് 20 ലക്ഷം രൂപ വരെ സ്വര്‍ണത്തിന്റെ ഈടില്‍ വായ്പ ലഭിക്കും.

∙ മറ്റു വായ്പകളേക്കാള്‍ പലിശ നിരക്കില്‍ കുറവുണ്ടായിരിക്കും. 

∙വിത്ത്, വളം, കീടനാശിനി, ജലസേചനം, കാര്‍ഷിക തൊഴിലാളികള്‍ക്കുളള കൂലി, വിളവെടുപ്പ്, തുടങ്ങി കാര്‍ഷിക ഉത്പാദനശേഷി കൂട്ടാനുള്ള പദ്ധതിക്ക് 1.75 ലക്ഷം രൂപ മുതല്‍ സ്വര്‍ണത്തിന്മേല്‍ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കും. 

∙കൂടാതെ കാര്‍ഷികേതര വായ്പയുടെ പരിധിയില്‍ പെടുത്തി ചികിത്സാ ചെലവ്, അപ്രതീക്ഷിതമായ മറ്റു ഗാര്‍ഹിക ചെലവുകള്‍ എന്നിവയ്ക്കായി 5000 രൂപ മുതല്‍ സ്വര്‍ണ വായ്പയായി ലഭിക്കും. 

∙രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ എടുക്കുമ്പോള്‍ സ്വര്‍ണം കൈവശമുള്ളവര്‍ക്ക് ഭൂമി ഈടായി നല്‍കേണ്ടി വരില്ല. മാത്രമല്ല പലിശ നിരക്ക് 4 ശതമാനമായി ചുരുങ്ങുകയും ചെയ്യും.

ചെറുകിട വ്യവസായങ്ങള്‍ക്കും വായ്പ

സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ക്ക് ചില ബാങ്കുകള്‍ സ്വര്‍ണ വായ്പാ പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത സംരംഭങ്ങള്‍ക്കും പാര്‍ടണര്‍ഷിപ്പ് സംരംഭങ്ങള്‍ക്കുമൊക്കെ വായ്പ ലഭിക്കും. പരമാവധി 1 വര്‍ഷം വരെ നീളുന്ന കാലാവധിയില്‍ 20 ലക്ഷം രൂപ വരെയാണ് വായ്പയായി നല്‍കുന്നത്.

English Summary : Gold Loans for Different needs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com