പെട്രോൾ വില സർക്കാറിന്റെ കൊള്ള, പ്രത്യാഘാതം അടുക്കളയിലേക്കും

HIGHLIGHTS
  • നൂറിൽ നിന്ന് നൂറ്റമ്പതും, പിന്നീട് ഇരുനൂറും രൂപയാകുന്നത് വിദൂരമല്ല
INDIA-WORLD-COMMODITIES-OIL
SHARE

കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പിനു ശേഷം 31തവണയാണ് ഇന്ധന വില ഉയർത്തിയത്. ഇതിനെ 'പകൽ കൊള്ളയെന്നോ', 'തീവെട്ടിക്കൊള്ളയെന്നോ' തന്നെ വിളിക്കാം. 

ജൂൺ മാസം ഇരുപത്തേഴാം തിയതി വരെ 15 തവണയാണ് ഇന്ധന വില വർധിച്ചത്. തലസ്ഥാനം ഉൾപ്പടെ പല ജില്ലകളിലും ഒരു ലിറ്റർ പെട്രോളിന്റെ വില 100 രൂപ കടന്നു. ക്രൂഡ് ഓയിലിനെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ വില അടിക്കടി ഉയരുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങളെന്തൊക്കെയാണ്?  .   

വിലക്കയറ്റം 

പെട്രോൾ-ഡീസൽ ഉൽപ്പന്നങ്ങളുടെ വില കൂടിയാൽ രാജ്യത്തെ വിലക്കയറ്റത്തോത് വർധിക്കും. ഔദ്യോഗികമായി കണക്കാക്കുന്ന മൊത്ത വിലസൂചികയിലും, റീറ്റെയ്ൽ വില സൂചികയിലും ഇത് പ്രതിഫലിക്കും. കാരണം, വിലക്കയറ്റ തോത് കണക്കാക്കുന്ന  രീതിശാസ്ത്രത്തിൽ  ഇന്ധനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. റീറ്റെയ്ൽ വിലക്കയറ്റം 4.23 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി മെയ് മാസത്തിൽ ഉയർന്നു. ആറുമാസത്തിനിടയിലെ ഉയർന്ന നിരക്കാണിത്. ഇന്ധന വിഭാഗത്തിലെ 12 ശതമാനം വരുന്ന വിലക്കയറ്റം ഇതിനു കാരണമായിട്ടുണ്ട്. 

palakkad-petrol-rate

പെട്രോൾ-ഡീസൽ എന്നിവയുടെ വില വർധിച്ചാൽ ഉടൻ തന്നെ ഗതാഗത ചെലവ് കൂടും. മിക്ക സാധനങ്ങളുടെയും കടത്തുകൂലി കൂടുകയും, വില ഉയരുകയും ചെയ്യും. ഭക്ഷ്യ വസ്തുക്കൾ, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവക്കെല്ലാം വില കൂടുന്ന ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഫലത്തിൽ, ഔദ്യോഗിക  വില സൂചിക കണക്കാക്കുന്ന വിലക്കയറ്റ തോതിലും ഉയർന്നതായിരിക്കും യഥാർത്ഥ വിലക്കയറ്റം. 

സമ്പദ് വ്യവസ്ഥയിലെ ആഘാതങ്ങൾ 

സ്ഥൂല തലത്തിലിത് എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

കണക്കു പ്രകാരം, കേരളത്തിൽ 12500   സ്വകാര്യ ബസുകളാണുള്ളത്. അതിൽ 10500 എണ്ണവും ഫോം-ജി നൽകി ഓടാതിരിക്കുകയാണ്. ലോക്ഡൗണും, ഡീസൽ വിലയിലെ വർദ്ധനയുമാണിതിന് കാരണം. ഇരുട്ടിൽ തപ്പുകയാണ് തൊഴിലാളികളും ചെറുകിട മുതലാളിമാരും. ഈ സാഹചര്യത്തെ അതിജീവിക്കാനുള്ള മാർഗങ്ങൾ നടപ്പിലാക്കേണ്ട സർക്കാർ  ഇന്ധന വില കൂട്ടി അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുകയാണ്.

വാഹന വ്യവസായവും, കാർഷിക മേഖലയും തളർച്ച നേരിടും. ഉയർന്ന ഇന്ധന വില കാരണം വാഹനങ്ങളോടുള്ള ഡിമാൻഡ് കുറയുകയും വാഹന  വിപണി പ്രതിസന്ധിയിലാവുകയും ചെയ്യും. കഴിഞ്ഞ രണ്ടു പാദവർഷങ്ങളിലായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിനു കളമൊരുക്കിയ വാഹന വ്യവസായം 1.3 കോടി ആളുകൾക്കാണ് തൊഴിൽ നൽകുന്നത്. ഇരുചക്രവാഹനത്തിന്റെ കാര്യത്തിൽ ഇന്ത്യ ലോകത്തു രണ്ടാം സ്ഥാനവും വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ നാലാം സ്ഥാനവും വഹിക്കുന്നുവെന്ന പ്രാധാന്യവും കൂട്ടി വായിക്കേണ്ടതാണ്. ഇതിനാണ് തിരിച്ചടി നേരിടാൻ പോകുന്നത്. 

ആപൽക്കരമായ സാഹചര്യം

Agriculture

കാർഷിക മേഖലയിലാകട്ടെ ഡീസൽ ഉപയോഗിക്കുന്ന ട്രാക്ടർ ഉൾപ്പടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. നിലം ഒരുക്കാനും, കൊയ്യാനും, ജലസേചനം നടത്താനും യന്ത്രങ്ങളെ  ആശ്രയിക്കുന്നു. ഡീസലിന്റെ വില കൂടുന്നത് കൊണ്ട് നിവേശക ചെലവ് (input cost) കൂടുകയും  കാർഷിക ഉൽപ്പന്നങ്ങളുടെ വില വർധിക്കുകയും ചെയ്യുന്നു. ന്യൂന സാമ്പത്തിക വളർച്ച കൈവരിച്ച കഴിഞ്ഞ വർഷം അത്താണിയായിരുന്നത് കാർഷിക മേഖലയിലെ 3.4 ശതമാനം വളർച്ചയായിരുന്നു. അതിനാണ് പ്രതിസന്ധി വരാൻ പോകുന്നത്. കാർഷിക മേഖലയെ കൂടുതൽ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നത് ആപൽക്കരമായ സാഹചര്യത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമായിരിക്കും.

പല വ്യവസായ മേഖലകളിലും ക്രൂഡ് ഓയിൽ ഉത്പന്നങ്ങൾ അസംസ്കൃത പദാർഥങ്ങളാണ്. ടയർ, ലൂബ്രിക്കന്റുകൾ, വ്യോമഗതാഗതം തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. ഫലത്തിൽ നിവേശക ചെലവ് കൂടുകയും, വ്യാവസായിക ഉൽപ്പന്നങ്ങളുടെ  വില ഉയരുകയും അങ്ങനെ വിലക്കയറ്റത്തിന് വഴി തെളിയിക്കുകയും  ചെയ്യും. മേഖലകളോടുള്ള ഡിമാൻഡ് കുറയുകയും പ്രസ്തുത മേഖലകളും തുടർന്ന് സമ്പദ് വ്യവസ്ഥയും പ്രതിസന്ധിയിലാകുകയും ചെയ്യും

അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്  

വിലക്കയറ്റവും സമ്പദ് വ്യവസ്ഥയുടെ തളർച്ചയും അടുക്കളയിലാണ് പ്രതിഫലിക്കുക. എന്നുവെച്ചാൽ, വീട്ടമ്മമാർക്കാണ് ഇന്ധന വില വലിയ പ്രത്യാഘാതം സൃഷ്ടിക്കുക. കോവിഡ് കാരണം കുറഞ്ഞ വരുമാനത്തിനിടയിൽ, ഇന്ധന   വിലവർദ്ധന വീണ്ടും അവരുടെ കീശയുടെ ശോച്യാവസ്ഥ വഷളാക്കും. ഇത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. ബഹുഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികൾ ആശ്രയിക്കുന്ന ഇരുചക്ര വാഹനത്തിനാവശ്യമായ ഇന്ധന ചെലവ് വർധിപ്പിക്കുന്നത് കുടുംബ വരുമാനം വീണ്ടും കുറയ്ക്കും. വീടുകൾ തോറും പണിയെടുക്കുന്ന പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ, സെയിൽസ് ഏജന്റുമാർ തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നവരാണ്. മുച്ചക്ര വാഹന ആശ്രിതരായ (ഓട്ടോ റിക്ഷ) ഡ്രൈവർമാരുടെ കാര്യത്തിൽ ഡീസൽ വില വർദ്ധന ഉർദ്ധശ്വാസം വലിക്കുന്നവന്റെ തലയിൽ തേങ്ങാ വീണത് പോലെയാണ്. 

wayanad news

എണ്ണ വിലയിലെ രാഷ്ട്രീയം

അടിസ്ഥാന വില നിർണയത്തിലെ സ്വതന്ത്ര വിപണിയുടെ പങ്ക്‌, പെട്രോൾ-ഡീസൽ വിലയിലെ അന്തരം കുറയ്ക്കൽ, ഉയർന്ന നികുതി വരുമാനത്തോടുള്ള  സർക്കാരിന്റെ കണ്ണ് എന്നിവ എണ്ണ വിലയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമസ്യകളാണ്. എണ്ണവില നിർണയത്തിലെ  സ്വതന്ത്ര വിപണിയിലൂന്നിയ സാങ്കേതികതയിൽ നിന്ന് തുടങ്ങാം  

രാജ്യന്തര വിലയുടെ അടിസ്ഥാനത്തിലാണ് പെട്രോളിയത്തിന്റെയും ഡീസലിന്റെയും വില നിർണയിക്കുന്നത്. ഒരു സാധനത്തിന്റെ വില എങ്ങനെയാണു നിർണയിക്കുക? ഉൽപ്പാദന ചെലവ് കണക്കാക്കിയ ശേഷം ഗതാഗത ചെലവ്, വിപണന ചെലവ് എന്നിവയോടൊപ്പം ന്യായമായ ലാഭവും ചേർത്ത് വില നിർണയിക്കുന്നു. ഉദാഹരണത്തിന് ആഫ്രിക്കയിൽ നിന്ന് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്യുന്ന ഫാക്ടറി ഉടമ അതിന്റെ ലാൻഡിങ് കോസ്ററ്, നിവേശക ചെലവായി (input cost) കണക്കാക്കുന്നു. അത് ഫാക്ടറിയിൽ സംസ്കരിച്ചു  കശുവണ്ടിയായി പാക്ക് ചെയ്തു വിൽക്കുന്നു. സംസ്കരിക്കാനെടുത്ത ചെലവ്, പാക്കിങ്ങിനാവശ്യമായ ചെലവ്, ഗതാഗത ചെലവ്, മാർക്കറ്റിങ് ചെലവ്, ഡീലർമാരുടെ കമ്മിഷൻ, ന്യായമായ ലാഭം  എന്നിവ  ചേർത്ത് അന്തിമ വില നിർണയിക്കുന്നു. 

മറ്റൊരു പാത

എന്നാൽ എണ്ണയുടെ കാര്യത്തിൽ ഈ രീതിയനുസരിച്ചു വിലയിടാനുള്ള സാഹചര്യം നിലനിൽക്കുന്നെങ്കിലും മറ്റൊരു പാതയാണ് പിന്തുടരുന്നത്. എന്താണത്? എല്ലാ ദിവസവും രാവിലെ ആറു മണിക്ക് പെട്രോളിയം കമ്പനികൾ അന്നന്നത്തെ രാജ്യാന്തര വിപണി വിലയിരുത്തി ദേശീയ കമ്പോളത്തിലെ വില നിർണയിക്കുന്നു (Dynamic Fuel Pricing). എന്നുപറഞ്ഞാൽ. രാജ്യന്തര വിലയുടെ അടിസ്ഥാനത്തിലാണ് പെട്രോളിയത്തിന്റെയും ഡീസലിന്റെയും വില നിർണയിക്കുന്നത്. 

മുകളിൽ വിശദീകരിച്ചത് പോലെ അത്ര സൂതാര്യമല്ല ഈ വില നിർണയം. ഇറക്കുമതി 80 ശതമാനവും  കയറ്റുമതി  20 ശതമാനവും എന്ന സങ്കൽപ്പത്തിൽ കണക്കാക്കുന്ന ശരാശരി വിലയാണ് എണ്ണകമ്പനികളുടെ വില നിർണയത്തിനാധാരം. ഇതിനെ 'ട്രേഡ് പാരിറ്റി വില നിർണയം' (Trade Parity Price) എന്ന് വിശേഷിപ്പിക്കുന്നു. ഇറക്കുമതി പാരിറ്റി വിലയും കയറ്റുമതി പാരിറ്റി വിലയും ചേർന്നതാണ് ട്രേഡ്  പാരിറ്റി വില.

സാങ്കൽപ്പിക വില

നമ്മൾ ഇന്ധനം ഇറക്കുമതി ചെയ്താൽ നൽകേണ്ട വിലയാണ് (സാങ്കൽപ്പികം) ‘ഇറക്കുമതി പാരിറ്റി വില’ (Import Parity Price). ഇതിൽ ഇന്ധനത്തിന്റെ ചെലവ് കൂടാതെ ഗതാഗത ചെലവ്, ഇൻഷുറസ്, കസ്റ്റംസ് തീരുവ എന്നിവ ഉൾപ്പെടുന്നു. അതുപോലെ  ഇന്ധനം കയറ്റുമതി ചെയ്താൽ നമുക്ക് ലഭിക്കേണ്ട വിലയാണ് ( സാങ്കൽപ്പികം) ‘കയറ്റുമതി പാരിറ്റി വില’ (Export parity Price). ഇവയുടെ ശരാശരി വിലയാണ് എണ്ണകമ്പനികളുടെ വില നിർണയത്തിനാധാരം. 

‘ട്രേഡ് പാരിറ്റി വില’ ഡോളറിലാണ് പ്രകടിപ്പിക്കുന്നത്. നിലവിലെ വിനിമയ നിരക്കിന്റെ അടിസ്ഥാനത്തിലാണ് രൂപയിൽ കണക്കാക്കുന്നത്. ഇങ്ങനെ നിർണയിക്കുന്ന വില ശാസ്ത്രീയമല്ലെന്നതാണ് വിദഗ്ധരുടെ അഭിപ്രായം. പ്രാദേശികമായി ക്രൂഡ് സംസ്കരിച്ചെടുക്കുന്നതിനാൽ രാജ്യാന്തര വിലയെ ആശ്രയിക്കേണ്ടതില്ല. മാത്രവുമല്ല നമ്മുടെ സംസ്കരണ ചെലവ് കുറഞ്ഞതാണെന്ന അഭിപ്രായവും ശക്തമാണ്. പ്രത്യേകം ഓർക്കേണ്ട കാര്യം, നാം ഇറക്കുമതി ചെയ്യുന്നത് ക്രൂഡ് ആണ്; മറിച്ചു പെട്രോളിയവും ഡീസലും അല്ല. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് സംസ്കരിച്ചു പെട്രോളിയവും ഡീസലും ആക്കുന്നത് ആഭ്യന്തര എണ്ണ കമ്പനികൾ തന്നെയാണ്. 

എന്തിനു സാങ്കല്പിക വിലയെ ആശ്രയിക്കണം? 

ട്രേഡ്  പാരിറ്റി  പ്രകാരം നിർണയിക്കുന്നതു അന്തിമ വിലയല്ല എന്ന കാര്യം പ്രത്യേകം മനസിലാക്കേണ്ടതാണ്.  ഉപഭോക്താവ് നൽകേണ്ട അന്തിമ വില കണ്ടുപിടിക്കാൻ ഇനിയും കടമ്പകൾ ഉണ്ട്. ട്രേഡ് പാരിറ്റി വിലയോടൊപ്പം, വിപണന ചെലവ്, തദ്ദേശീയ ഗതാഗത ചെലവ്, വിപണന കമ്പനികളുടെ മാർജിൻ എന്നിവ ചേർക്കുന്നു. ഈ വിലക്കാണ് വിപണന കമ്പനികൾ, എണ്ണ കമ്പനികളിൽ നിന്നും പെട്രോളും ഡീസലും വാങ്ങുന്നത്. ഇതിനെ ‘റിഫൈനറി ഗേറ്റ് പ്രൈസ്’ അഥവാ ‘റിഫൈനറി ട്രാൻസ്ഫർ പ്രൈസ്’ എന്ന് വിളിക്കുന്നു. അതായത് ഓയിൽ  മാർക്കറ്റിങ് കമ്പനികൾ, ഓയിൽ റീഫൈനേഴ്സിന് നൽകുന്ന വിലയാണിത്. ഇതിനോടൊപ്പം ഡീലറുടെ കമ്മീഷനും, കേന്ദ്ര  എക്‌സൈസ് ഡ്യൂട്ടിയും, സെസും, കൂട്ടുമ്പോൾ ‘ഡീലർ പ്രൈസ്’ ലഭിക്കുന്നു. വീണ്ടും സംസ്ഥാന നികുതികൾ കൂടി കൂട്ടുമ്പോഴാണ് ഉപഭോക്താവ് നൽകേണ്ട റീറ്റെയ്ൽ വില തീരുമാനമാകുന്നത്. 

സർക്കാരുകൾക്ക് ലഭിക്കുന്ന നികുതി വരുമാനമാണ് എണ്ണയുടെ രാഷ്ട്രീയത്തിലെ മറ്റൊരു അകപ്പൊരുൾ. പെട്രോളിന്റെയും ഡീസലിന്റെയും മേൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നികുതികൾ ചുമത്തുന്നു. പെട്രോളിന്റെ അടിസ്ഥാന വിലയിൽ  നികുതി 146 ശതമാനമാണ്. അതിൽ 85 ശതമാനം കേന്ദ്ര നികുതിയും 61ശതമാനം സംസ്ഥാന നികുതിയും ആകുന്നു.  ഫലമോ, കേന്ദ്ര സർക്കാരിന് 3.89 ലക്ഷം കോടി രൂപയാണ് ഈ ഉത്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനമായി 2020-21ൽ ലഭിച്ചത്. 

money-grow (2)

എണ്ണയുടെ രാഷ്ട്രീയം

പെട്രോൾ- ഡീസൽ വിലകളിലെ അന്തരം കുറക്കലാണ് മറ്റൊരു പ്രതിപാദ്യ വിഷയം. എപ്പോഴും പെട്രോളിന്റെ വില ഡീസലിന്റെ വിലയെ അപേക്ഷിച്ചു ഉയർന്നതായിരുന്നു. എന്നാൽ സ്വതന്ത്ര വിപണി വില നിർണ്ണയം ഏറ്റെടുത്തതോടുകൂടി ഇവ തമ്മിലുള്ള വിലയിലെ അന്തരം നാമമാത്രമായിരിക്കുന്നു. 2014 ഏപ്രിലിൽ ഒരു ലിറ്റർ പെട്രോളിന്റെ ഡൽഹിയിലെ വില 72.26 രൂപയായിരുന്നപ്പോൾ, ഡീസലിന്റേതു 55.48 രൂപയായിരുന്നു. വ്യത്യാസം 17 രൂപ. 2021ജൂൺ മാസത്തിൽ അവയുടെ വില യഥാക്രമം 94.49 രൂപയും 85.38 രൂപയുമായി. വ്യത്യാസം കേവലം ഒൻപതു രൂപയായി കുറഞ്ഞു. വരും നാളുകളിൽ ഈ വ്യത്യാസം പൂർണമായും ഇല്ലാതാകും; എണ്ണകമ്പനികളുടെയും കേന്ദ്ര സർക്കാരിന്റെയും കീശ വീർക്കും..

ഇനിയെന്ത് ?

അനന്തമായി എണ്ണവില ഉയരുന്ന സാഹചര്യമാണ് ഇന്ന്   നമ്മുടെ മുന്നിൽ നിലനിൽക്കുന്നത്. എണ്ണകമ്പനികൾക്കു കമ്പോളത്തിലെ  വിലയുടെ ചാഞ്ചാട്ടത്തിനനുസരിച്ചു വില നിർണയിക്കാമെന്നു വന്നതു മുതൽ ഇന്ത്യൻ ജനത ഈ അവസ്ഥയെ  അതിജീവിക്കാൻ കഷ്ടപ്പെടുകയാണ്. ഇതിനൊരു പരിഹാരം അവശ്യമായിരിക്കുന്ന സന്ദർഭമാണിത്. നൂറിൽ നിന്നും നൂറ്റമ്പതും, പിനീട് ഇരുനൂറും രൂപയാകുന്നത് ഇക്കണക്കിനു വിദൂരമാവില്ല. ഇതിനൊരു വിരാമമിടേണ്ടതുണ്ട്. ഇതിലേക്കായി  ചില   നടപടികൾ അടിയന്തിരമായി സർക്കാരുകൾ സ്വീകരിക്കേണ്ടതുണ്ട്. 

∙ അന്തിമ വിലയുടെ സ്ഥാനത്തു അടിസ്ഥാന വില ബാധകമാക്കി നികുതി ചുമത്തണം . 

∙ സർക്കാരുകൾ അസാധാരണ സാഹചര്യം പരിഗണിച്ചു നികുതിയിൽ കുറവ് വരുത്താനുള്ള ശ്രമം ഉണ്ടാകണം. 

∙ വില നിർണയം കൂടുതൽ സുതാര്യമാക്കി ഉപഭോക്താവിന് കിട്ടേണ്ട വിലയിലെ അനൂകൂല്യം നൽകണം. 

∙ ഇപ്പോൾ നിശ്ചിത ശതമാനം എത്തനോൾ ചേർത്താണ് പെട്രോൾ വിൽക്കുന്നത്. എത്തനോളിന്റെ വില പെട്രോളിന്റെ വിലയിലും കുറവാണ്. പ്രസ്തുത വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താവിന് കൈമാറണം. 

∙ 4.5 രൂപയുടെ സെസ് കുറവ് വരുത്തിയാൽ ഉപഭോഗം മെച്ചപ്പെടുമെന്നും, നഷ്ടപ്പെടുന്ന നികുതി വില്പന കൂടുന്നതിലൂടെ പരിഹരിക്കാമെന്ന ഐസിആർഎ യുടെ നിർദ്ദേശം അംഗീകരിക്കാവുന്നതാണ്. 

വില പിടിച്ചു കെട്ടാം 

ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ ഉയരുന്ന വിലയെ പിടിച്ചുനിർത്താൻ മാത്രമല്ല കുറക്കാനും കഴിയും. പോരെങ്കിൽ, വില കുറയുന്ന സാഹചര്യത്തിൽ ഡിമാൻഡ് കൂടുകയും നഷ്ടപ്പെടുന്ന നികുതി തിരിച്ചു പിടിക്കുകയും ചെയ്യാൻ കഴിയും. ഇതാണ് നല്ല ധനശാസ്ത്രമെന്നു പറയാതിരിക്കാൻ വയ്യ.

ലേഖകൻ പ്രമുഖ സാമ്പത്തിക വിദഗ്ധനാണ്

English Summary: The Complications and Politics Behind Petrol Pricing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA