ADVERTISEMENT

കോവിഡ്, ഇന്ധന വില വർധന, വിപണിയിലെ പണപ്പെരുപ്പം ഇതെല്ലാം കാരണം കുടുംബ ബജറ്റ് താളം തെറ്റുന്നതില്‍ ആശങ്കപ്പെട്ടിരുന്നിട്ട് കാര്യമില്ല. കുടുംബ ബജറ്റ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്ന് ആലോചിക്കേണ്ട സമയമാണിത്. വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യങ്ങളെ നേരിടാൻ ഈ മാർഗങ്ങൾ നോക്കാം

വൈദ്യുതി, വെള്ളം അമൂല്യമാണ്

കൂടുതല്‍ പേരും വീട്ടിലിരിക്കുന്ന സമയമാണിത്. അതുകൊണ്ടു വൈദ്യുതിയുടെയും വെള്ളത്തിന്റേയും ചെലവ് കൂടുതലായിരിക്കും. ചെറിയ ശ്രദ്ധ വച്ചാല്‍ ഇക്കാര്യത്തില്‍ ഏറെ മാറ്റമുണ്ടാക്കാന്‍ കഴിയും. ബള്‍ബും ട്യൂബുമൊക്കെ അനാവശ്യമായി ഓണ്‍ ചെയ്തിടാതെ കുടുംബത്തിലെ എല്ലാവരും ശ്രദ്ധിക്കുക. അടുക്കളയില്‍ ഉപയോഗിക്കുന്ന വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ പീക്ക് അവേഴ്‌സില്‍ (വൈകിട്ട് ഏഴു മുതല്‍ ഒമ്പതു വരെ) പ്രവര്‍ത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കുക. അതിനനുസരിച്ച് നമ്മുടെ ജീവിത്യചര്യകളിലും മാറ്റമുണ്ടാകണം. രാത്രി ഭക്ഷണ സമയത്ത് കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതു വഴി കൂടുതല്‍ വൈദ്യുതി ചെലവാകുന്നത് ഒഴിവാക്കാന്‍ സാധിക്കും. കുടുംബങ്ങളുടെ കെട്ടുറപ്പിനുമിത് നല്ലതാണ്. ഫ്രിഡ്ജ് അനാവശ്യമായി തുറന്നിടരുത്, എ.സിയുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയവയൊക്കെ നാം നിത്യജീവിതത്തില്‍ ശീലിക്കേണ്ട കാര്യമാണ്. 

മറ്റൊന്നാണ് അനാവശ്യമായി പാഴാക്കി കളയുന്ന വെള്ളം. പൈപ്പ് തുറന്നിട്ടു പോവുക, അനാവശ്യമായി ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുക തുടങ്ങിയവ ഒഴിവാക്കേണ്ടതുണ്ട്.  ഓരോ തവണ ഫ്‌ളഷ് ചെയ്യുമ്പോഴും എട്ടു മുതല്‍ 15 ലിറ്റര്‍ വരെ വെള്ളം പാഴാകുന്നുണ്ട്. ഇപ്പോഴത്തെ ടോയ്‌ലറ്റുകളില്‍ രണ്ടു ബട്ടണുകളുള്ള ഫ്‌ളഷുകള്‍ വളരെ നല്ലതാണ്. മറ്റൊന്നാണ് അടുക്കളയില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്. പലപ്പോഴും പച്ചക്കറിയും പഴങ്ങളുമൊക്കെ പൈപ്പിനു താഴെ പിടിച്ച് കഴുകുന്ന ശീലം നമുക്കുണ്ട്. ഇതിനു പകരം പാത്രത്തില്‍ വെള്ളമെടുത്തു കഴുകുക. പാത്രം കഴുകുമ്പോഴും കഴിവതും ഈ ശീലമുണ്ടാകുന്നത് നല്ലതാണ്. അതുപോലെ പല്ലു തേയ്ക്കുമ്പോഴും കൈ കഴുകുമ്പോഴും ഷേവ് ചെയ്യുമ്പോഴുമൊക്കെ പൈപ്പ് തുറന്നിടുന്നത് ഒഴിവാക്കേണ്ടതാണ്. കുളിക്കുമ്പോള്‍ ഷവറിനു പകരം ബക്കറ്റില്‍ വെള്ളം ശേഖരിച്ചു കുളിക്കുന്നതും വെള്ളത്തിന്റെ നഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. ഓര്‍ക്കുക, വെള്ളം കുറച്ച് ഉപയോഗിക്കുന്നത് ബില്‍ തുക കുറയ്ക്കാന്‍ മാത്രമല്ല സഹായിക്കുക, ലോകം മുഴുവന്‍ അനുഭവിക്കുന്ന ജലക്ഷാമം കുറയ്ക്കാനും ഉത്തമമാണ്.

പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക

ലോക്ഡൗണ്‍ മൂലം നേരത്തെ ഉണ്ടായിരുന്ന പല വരുമാന മാര്‍ഗങ്ങളും അടഞ്ഞ കുടുംബങ്ങള്‍ പുതിയ ബിസിനസ്, ചെറുകിട സംരംഭ മേഖലകളിലേക്ക് തിരിയേണ്ട സമയമാണിത്. 

1) ഓണ്‍ലൈന്‍ ബിസിനസുകള്‍ ചതിക്കുഴികള്‍ തിരിച്ചറിയുകയും കൃത്യമായ ആസുത്രത്തോടെ നടപ്പാക്കുകയും ചെയ്താല്‍ നല്ലൊരു വരുമാന മാര്‍ഗമാണ്. ഇതിനാവശ്യമായ പല ഓണ്‍ലൈന്‍ സ്റ്റഡി ക്ലാസുകളും ഇന്ന് ലഭ്യമാണ്. 

2) കോഴി വളര്‍ത്തല്‍, മുട്ട വ്യാപാരം എന്നിവയും വരുമാനം നേടിത്തരുന്ന ഒന്നാണ്. വലിയ ഫാം ഇല്ലാത്തവര്‍ക്ക് പോലും കുടുംബ ബിസിനസ് എന്ന രീതിയില്‍ ഇത് ആരംഭിക്കാവുന്നതാണ്. 

3) ഹോം ട്യൂഷന്‍ എന്നതും ഒരു വരുമാന മാര്‍ഗമാണ്. ഇന്ന് പലരും ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കോവിഡ് മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞാല്‍ ഹോം ട്യൂഷന്‍ തുടങ്ങുക എന്നത് വിദ്യാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള വീട്ടമ്മമാര്‍ക്കുമൊക്കെ ചെയ്യാവുന്ന കാര്യമാണ്. 

4) വീട്ടില്‍ ആവശ്യമുള്ള പച്ചക്കറികള്‍ കൂടുതലായി വളര്‍ത്തുക. ഇത് സ്ത്രീകളുടെ മാത്രം ചുമതലയല്ല. പഠിക്കുന്ന മക്കള്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും വീട്ടിലെ മറ്റു മുതിര്‍ന്നവര്‍ക്കുമൊക്കെ ഇതില്‍ പങ്കാളികളാകാവുന്നതാണ്. വീട്ടിലെ ആവശ്യത്തിന് പച്ചക്കറി ലഭിക്കും എന്നതിനു പുറമെ കൂടുതലായുണ്ടാകുന്നവ വില്‍പ്പനയ്ക്കും സാധിക്കും. 

5) നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ അയല്‍ക്കൂട്ടങ്ങള്‍ വഹിക്കുന്ന പങ്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്തരത്തില്‍ സഹകരണാടിസ്ഥാനത്തില്‍ ചെറുകിട ഉത്പാദന, സംരംഭങ്ങള്‍ തുടങ്ങാനും പറ്റിയ സമയമാണ് ഇത്. 

ആരോഗ്യം പ്രധാനമാണ്

കോവിഡ് വരാതിരിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ മറ്റ് രോഗങ്ങള്‍ നമുക്ക് വരുന്നത് ഒഴിവാക്കുന്നതും ഇതിനായി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതും പ്രധാനമാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന രോഗങ്ങളാണ് പല കുടുംബങ്ങളുടേയും താളം തെറ്റിക്കുന്നത്. ചികിത്സാ ഇനത്തില്‍ മാസം തോറും ഒരു നിശ്ചിത തുക നീക്കി വയ്ക്കുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതും ഈ ഘട്ടത്തില്‍ ചെയ്യേണ്ട പ്രധാന കാര്യങ്ങളാണ്. മിക്ക ഇന്‍ഷുറന്‍സ് ദാതാക്കളും ഇന്ന് മികച്ച ഓഫറുകളുമായി രംഗത്തുണ്ട്. ഇങ്ങനെ എടുക്കുന്ന ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ ചികിത്സാ ചെലവ് നമ്മുടെ കൈപ്പിടിയില്‍ നില്‍ക്കും. മറ്റൊന്നാണ് അസുഖം വന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉൾപ്പടെയുള്ള് സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുക എന്നതും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ ഭേദപ്പെട്ട രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സൗകര്യം സ്വീകരിച്ചാല്‍ സ്വകാര്യ ആശുപത്രികളില്‍ നല്‍കേണ്ടി വരുന്ന ഭീമമായ ചികിത്സാ ചെലവ് കാര്യമായി കുറഞ്ഞു കിട്ടും. 

നാം നിത്യജീവിതത്തില്‍ ശീലിച്ചിട്ടുള്ള പല കാര്യങ്ങളും അൽപ്പം ഓര്‍ഡറിലാക്കിയാല്‍ തന്നെ ഈ പ്രതിസന്ധി മറികടക്കാവുന്നതേയുള്ളൂ. ഇതൊക്കെ ആര്‍ക്കും ചെയ്യാവുന്നതാണ് എന്നതിനാല്‍ അത് നമ്മുടെ കുടുംബ ബജറ്റില്‍ പ്രതിഫലിക്കുകയും ചെയ്യും.

English Summary : Practice These Things to Maintain Family Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com