ADVERTISEMENT

ഓണം എത്തിയതോടെ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ ഓഫറുകളുടെ പ്രളയയമാണ്. അതോടൊപ്പം കാഷ് ബാക്ക് ഓഫർ, ഡിസ്കൗണ്ട് എന്നിവയ്ക്കു പുറമേ തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്ക് ‘നോ കോസ്റ്റ് ഇഎംഐ’ അല്ലെങ്കിൽ ‘സീറോ കോസ്റ്റ് ഇഎംഐ’ ഓഫർ എന്നിങ്ങനെ ഉപഭോക്താക്കളെ വീഴ്ത്താൻ തകർപ്പൻ ഓഫറുകളും നൽകാറുണ്ട്. സ്മാർട്ട്ഫോൺ, ഇലക്ട്രോണിക്സ് സാധനങ്ങൾ തുടങ്ങിയവയ്ക്കു നോ കോസ്റ്റ് ഇഎംഐ ഓഫർ നൽകാറുണ്ട്. വലിയ തുക ഇഎംഐ ആക്കുമ്പോൾ പലിശ ഈടാക്കുന്നില്ല എന്നതാണ് ഈ ഓഫറുകളുടെ പ്രത്യേകതയായി പറയുന്നത്.

ഇഎംഐ എന്ന പലിശ കെണി

ഒരുമിച്ചു വലിയ തുക അടയ്ക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയിൽനിന്ന് ആശ്വാസം കിട്ടും എന്നതാണ് ഉപഭോക്താക്കളെ ഇഎംഐ എടുക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ സീറോ കോസ്റ്റ് ലോൺ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത്തരും ലോണുകൾക്ക് യഥാർഥത്തിൽ 15-24 % വരെ പലിശ ഈടാക്കാറുണ്ട്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സ്മാർട്ട്ഫോൺ, ഗാഡ്ജറ്റ്സ് തുടങ്ങിയ വാങ്ങുന്നതിനായി മിക്ക ഓൺലൈൻ, ഓഫ് ലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഏതെങ്കിലും ഫിനാൻഷ്യൽ സ്ഥാപനങ്ങളുമായി ധാരണ ഉണ്ടാകും. 

ഒളിഞ്ഞിരിക്കുന്ന പലിശ

റിസർവ് ബാങ്കിന്റെ 2013 ലെ സർക്കുലർ പ്രകാരം സീറോ കോസ്റ്റ് ലോൺ എന്നത് നിലനിൽക്കുന്നതല്ല. ക്രെഡിറ്റ് കാർഡുകൾക്ക് സീറോ കോസ്റ്റ് ഇഎംഐ ഓഫർ ചെയ്യുന്നുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് വ്യക്തമാകാത്ത തരത്തിൽ പ്രോസസ്സിങ് ചാർജും പലിശ നിരക്കും ഉൽപ്പന്നത്തിന്റെ അടിസ്ഥാന വിലയിൽ കൂട്ടിച്ചേർക്കുന്നു. ചില ബാങ്കുകൾ ലോണുകൾക്ക് ഡിഎസ്എ കമ്മിഷൻ (ഡയറക്ട് സെല്ലിങ് ഏജന്റ് കമ്മിഷൻ) എന്ന പേരിലും ഈടാക്കാറുണ്ട്.

പൂജ്യം പലിശ നിരക്ക് എന്നത് വെറുമൊരു മാർക്കറ്റിങ് തന്ത്രമാണ് എന്ന് പരിശോധിച്ചാൽ മനസിലാകും. രണ്ടു രീതിയിലാണ് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിൽ പലിശ ഈടാക്കുന്നത്. ഒന്നാമത്തേത് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകൾ പലപ്പോഴും ഉപയോഗിക്കുന്ന രീതിയനുസരിച്ച് അവർ വാഗ്ദാനം ചെയ്തിരുന്ന കിഴിവ് ഉപേക്ഷിച്ച് പകരം ഈ തുക ബാങ്കിനോ ധനകാര്യ സ്ഥാപനത്തിനോ നൽകുന്നു. രണ്ടാമത്തെ രീതിയിലാകട്ടെ പലിശ തുക ഉൽപന്നത്തിന്റെ വിലയുമായി കൂട്ടിച്ചേർക്കുന്നു.

സ്കീം പ്രവർത്തിക്കുന്നതെങ്ങനെ?

ഇതനുസരിച്ച് 'നോ-കോസ്റ്റ് ഇഎംഐ' യിൽ അടയ്ക്കേണ്ട മൊത്തം പലിശ കൂടി ഉൾപ്പെട്ടിട്ടുള്ള തുല്യ തവണകൾ ഓൺലൈൻകാർ വാഗ്ദാനം ചെയ്യും. അതായത് ഡിസ്കൗണ്ട് നൽകുന്ന തുക പലിശ തുകയ്ക്കു തുല്യമായിരിക്കും. ഉദാഹരണത്തിന് 15,000 രൂപയുടെ ഫോൺ വാങ്ങുകയാണെങ്കിൽ, മൂന്നു മാസത്തെ നോ കോസ്റ്റ് ഇഎംഐ പ്ലാൻ ഓഫർ പ്രകാരം 2,250 രൂപയാകും ഇങ്ങനെ 'ചെലവില്ലാതെ' തിരിച്ചയ്ക്കേണ്ടത്. ഇത് 15 % പലിശയ്ക്കു തുല്യമാണ്. ഈ തുക ഉൾപ്പടെ മൂന്ന് മാസത്തേക്ക് 5,000 രൂപ ഇഎംഐ ആയി അടയ്ക്കണ്ടിവരുന്നു. നിങ്ങൾ അടയ്ക്കുന്ന മൊത്തം വില വിൽപ്പനക്കാർക്കുള്ള വിലയും ഫിനാൻഷ്യർക്ക് നൽകുന്ന പലിശയും ആയി വിഭജിക്കപ്പെടും. ഇതിലൂടെ നിങ്ങൾ അറിയാതെ പലിശ ഈടാക്കപ്പെടുന്നു. എന്നാൽ റീടെയിലിൽ മുഴുവൻ തുകയും മുൻകൂറായി നൽകുകയായണെങ്കിൽ നിങ്ങൾക്ക് 12,750 രൂപ വിലക്കിഴിവിൽ ഫോൺ ലഭിക്കും.

പലിശ തുക ഉൽപന്ന വിലയിൽ ചേർക്കുമ്പോൾ

സ്കീമുകൾ പ്രവർത്തിക്കുന്ന മറ്റൊരു മാർഗ്ഗം ഉൽപ്പന്നത്തിന്റെ വിലയിൽ പലിശ ചിലവ് കൂട്ടിച്ചേർക്കുക എന്നതാണ്. ഉൽപ്പന്നത്തിന്റെ വില 15,000 രൂപയാണെങ്കിൽ റീട്ടെയിലർ നിങ്ങൾക്ക് ഈ ഉൽപ്പന്നം 'നോ-കോസ്റ്റ് ഇഎംഐ' പ്ലാനിൽ 17,250 രൂപയ്ക്ക് നൽകുന്നു. മൂന്ന് മാസത്തെ ഇഎംഐ പ്ലാൻ എടുത്തിട്ടുണ്ടെങ്കിൽ, നിങ്ങൾ അടയ്‌ക്കേണ്ട തുക 5,750 രൂപയാണ്. വാസ്തവത്തിൽ, 'നോ കോസ്റ്റ് ഇഎംഐ' എന്നത് തെറ്റായ പദപ്രയോഗമാണ്. കാരണം, വായ്പയുടെ പലിശ ഇഎംഐയിൽ ഉൾക്കൊള്ളുന്നു. വാങ്ങുന്നയാൾ ഇതു അറിയണമെന്നില്ല. ഇടപാടിന്റെ നിബന്ധനകളും വ്യവസ്ഥകളും ആഴത്തിൽ പരിശോധിച്ചാൽ വിശദാംശങ്ങൾ കണ്ടെത്താൻ കഴിയും.

English Summary : Know the HIdden Details about No Cost EMI

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com