ADVERTISEMENT

വിവാഹ സമ്മാനമായി വലിയ തോതില്‍ സ്വര്‍ണം നല്‍കുന്നതൊക്കെ സുരക്ഷിതമായ നിക്ഷേപം ആരംഭിക്കാനുള്ള ചുവടു വെയ്പ്പാണെന്നാണ് പലരുടെയും വിശ്വാസം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സ്‌നേഹത്തോടെ സമ്മാനിക്കുന്നതും സ്വര്‍ണ്ണം തന്നെയാണല്ലോ. എന്നാല്‍ വിവാഹത്തിനും മറ്റ് വിശേഷാവസരങ്ങളിലും വാങ്ങിക്കൂട്ടുന്ന സ്വര്‍ണാഭരണങ്ങളില്‍ മിക്കതും ഏതെങ്കിലും ബാങ്കിന്റെ ലോക്കറില്‍ വിശ്രമിക്കുകയായിരിക്കും. ഒരിക്കല്‍ അണിഞ്ഞാല്‍ പിന്നെ ഭദ്രമായി എടുത്തു വെയ്ക്കുന്ന ആഭരണങ്ങളേറെയുണ്ടാകും. ഇതിനു പുറമേ സ്വര്‍ണ നാണയങ്ങളോ സ്വര്‍ണ കട്ടികളുമൊക്കെ ലോക്കറില്‍ സൂക്ഷിക്കാന്‍ ബാങ്കിന് അങ്ങോട്ട് പണം നല്‍കുകയാണല്ലോ പതിവ്.

സ്വര്‍ണം സ്ഥിരനിക്ഷേപമാക്കിയാല്‍ പലിശ

എന്നാല്‍ പണം പോലെ സ്വര്‍ണവും സ്ഥിര നിക്ഷേപമായി മാറ്റിയാല്‍ വര്‍ഷം തോറും പലിശ നേടാം. കൂടാതെ ലോക്കര്‍ വാടകയായി നല്‍കുന്ന വാര്‍ഷിക ഫീസും ലാഭിക്കാം. സ്വര്‍ണം ബാങ്കുകളില്‍ സൂക്ഷിച്ചാല്‍ വര്‍ഷം തോറും പലിശ ലഭിക്കുന്ന ധനസമ്പാദന പദ്ധതി(Gold Monetisation Scheme) റിസര്‍വ് ബാങ്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് ഓരോ വര്‍ഷവും പലിശ ലഭിക്കും. നിശ്ചിത കാലാവധിക്കു ശേഷം പിന്‍വലിക്കുമ്പോള്‍ സ്വര്‍ണമോ തത്തുല്യമായ പണമോ തിരികെ വാങ്ങുകയും ചെയ്യാം. വെറുതെയിരിക്കുന്ന സ്വര്‍ണ്ണം സ്ഥിരം നിക്ഷേപം പോലെ ബാങ്കിലിട്ട് വരുമാനം നേടാമെന്നര്‍ത്ഥം. 2.50 ശതമാനം വരെയാണ് സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക്. ദേശസാല്‍കൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമൊക്കെ ഈ പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്. കേന്ദ്രസര്‍ക്കാരിനു വേണ്ടിയാണ് ബാങ്കുകള്‍ ഈ രീതിയില്‍ സ്വര്‍ണം സ്വീകരിക്കുന്നത്. ഇതിലൂടെ രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാനുമാവും.

gold-ornament

10ഗ്രാം മുതല്‍ നിക്ഷേപിക്കാം

കുറഞ്ഞത് 10 ഗ്രാം മുതല്‍ പരിധിയില്ലാതെ എത്ര അളവില്‍ വേണമെങ്കിലും ഒരാള്‍ക്ക് നിക്ഷേപിക്കാം. മൂന്നു വര്‍ഷം മുതല്‍ 15 വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത കാലാവധികളും നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ഓരോ വര്‍ഷാവസാനവും വാര്‍ഷിക പലിശ കൈപ്പറ്റാം. പലിശ പിന്‍വലിക്കുന്നില്ലെങ്കില്‍ കൂട്ടുപലിശയും ചേര്‍ത്ത് നിക്ഷേപ കാലാവധി കഴിയുമ്പോള്‍ വാങ്ങാം. നിക്ഷേപിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയാണ് പലിശ എത്രയാണെന്ന് തീരുമാനിക്കുക. വീടുകളിലോ സ്ഥാപനങ്ങളിലോ ട്രസ്റ്റുകളിലോ ക്ഷേത്രങ്ങളിലോ, പള്ളികളിലോ വെറുതെയിരിക്കുന്ന ആഭരണങ്ങള്‍, സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍, തുടങ്ങിവയെല്ലാം സ്ഥിര നിക്ഷേപമാക്കി മാറ്റാം.  

ഏതെങ്കിലും കാരണവശാല്‍ കാലാവധിക്കു മുമ്പേ നിക്ഷേപം പിന്‍വലിക്കേണ്ട സാഹചര്യം വന്നാല്‍ പിഴ നല്‍കി തിരിച്ചെടുക്കുകയുമാവാം. എന്നാല്‍ ഒരു വര്‍ഷമെങ്കിലും ലോക്ക് ഇന്‍ പിരീഡ് ഉണ്ടാകുമെന്നത് ശ്രദ്ധിക്കുകയും വേണം. ചില ബാങ്കുകളില്‍ ലോക്ക് ഇന്‍ പിരിയഡിന്റെ കാലാവധിക്ക് മാറ്റമുണ്ടായേക്കും.

സ്വര്‍ണം ഉരുക്കും, കൊടുത്തതു പോലെ കിട്ടില്ല

നിക്ഷേപമായി നല്‍കുന്ന സ്വര്‍ണം ഉരുക്കി ശുദ്ധിയാക്കിയ ശേഷമാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ എപ്പോഴെങ്കിലും ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ആഭരണങ്ങളോ പിന്നീട് ആവശ്യം വന്നേക്കാവുന്ന ഉരുപ്പടികളോ നല്‍കരുത്. പണമായോ സ്വര്‍ണക്കട്ടിയായോ ആണ് കൊടുത്ത സ്വര്‍ണം തിരിച്ചു ലഭിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലി, പണിക്കുറവ്, കല്ലുകള്‍ എന്നിവയ്ക്കായി നാം നല്‍കിയിരുന്ന പണം നഷ്ടമാവുകയും ചെയ്യും. അതുകൊണ്ട് പണയം വെച്ച് തിരിച്ചെടുക്കുന്നത് പോലെ നിക്ഷേപമായി നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അതേപടി തിരിച്ചു ലഭിക്കില്ല.

സ്വര്‍ണത്തിന്റെ മൂല്യനിര്‍ണയം

നിക്ഷേപിക്കാനായി ബാങ്കില്‍ നല്‍കുന്ന സ്വര്‍ണ ഉരുപ്പടികളുടെ മൂല്യം കളക്ഷന്‍ ആന്‍ഡ് പ്യൂരിറ്റി ടെസ്റ്റിംഗ് സെന്ററിലാണ്  നിശ്ചയിക്കുക. ഉരുക്കാനുള്ള സമ്മതം നല്‍കിയ ശേഷമാണ് സ്വര്‍ണം കൈമാറേണ്ടത്. സ്വര്‍ണത്തിന്റെ അളവ്, പരിശുദ്ധി, പദ്ധതിയുടെ വിശദാംശങ്ങള്‍ എന്നിവ  അടങ്ങിയ ഒരു നിക്ഷേപ രസീത്  ഇവിടെ നിന്ന് നല്‍കും. ഈ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പലിശ എത്രയാണെന്ന് തീരുമാനിക്കുന്നത്.

English Summary : Know more about Monetisation Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com