വിലക്കയറ്റത്തെ മറികടക്കാൻ സെപ്റ്റംബറിലെടുക്കാം ഈ തീരുമാനങ്ങൾ

HIGHLIGHTS
  • വിലക്കയറ്റത്തെ മറികടക്കാൻ ചില പ്രായോഗിക വഴികളിതാ
family-budget
SHARE

പാചക വാതക വില ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ 14.2 കിലോ വരുന്ന ഗാര്‍ഹിക സിലിണ്ടറുകളുടെ വില 25.50 രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. സെപ്‌ററംബറിലും ഇത് ആവര്‍ത്തിക്കും. നിലവില്‍ വില 859.50 രൂപയാണ്.19 കിലോ വരുന്ന സിലിണ്ടറുകളുടെ നിലവിലെ വില 1623 രൂപയാണ്. വിലക്കയറ്റം കുടുംബബജറ്റിനെ അവതാളത്തിലാക്കിയിരിക്കുന്നത് പാചകവാതകവും വാഹന ഇന്ധനവുമാണ്. ഇവയുടെ ഉപയോഗം നിയന്ത്രിച്ച് വിലക്കയറ്റത്തെ മറികടക്കാൻ ചില പ്രായോഗിക വഴികളിതാ. 

ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വിലക്കയറ്റം നമ്മെ എല്ലാം ബാധിക്കുന്നു. ഇതിനൊരു അവസാനം നമ്മളാരും പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ പണ്ടുതൊട്ട് പരീക്ഷിക്കുന്ന ചില പൊടിക്കൈകൾ ഉണ്ട്. പ്രത്യേകിച്ചും വീട്ടുചെലവുകൾ നിയന്ത്രണവിധേയമാക്കി കുടുംബബജറ്റിന്റെ താളം തെറ്റാതിരിക്കാൻ. ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമായ അത്തരം ചില വഴികൾ വീണ്ടുമൊന്ന് ഒാർമപ്പെടുത്തുകയാണ്.

പാചകവാതകം

നോക്കിനിന്നപ്പോൾ വിലകയറി വന്ന പാചകവാതകത്തിനു സിലിണ്ടറിനു വില 800 കടന്നിട്ടു നാളു കുറേയായി. മക്കൾക്കും മാതാപിതാക്കൾക്കും ഒരുപോലെ വർക്ക് ഫ്രം ഹോം തുടങ്ങിയതോടെ ചായയും കാപ്പിയും ചൂടുവെള്ളവും, പോരാത്തതിന് ചില പാചക പരീക്ഷണങ്ങളുമൊക്കെയായി നോക്കിനിൽക്കുന്ന സമയം കൊണ്ട് ഗ്യാസ് കുറ്റി കാലിയാകും. ഈ സ്പീഡൊന്നു കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പാചകത്തിനു കഴിവതും പ്രഷർകുക്കറുകൾ ഉപയോഗിക്കുക. അതുപോലെ ഓരോ ആവശ്യത്തിനും അനുയോജ്യമായ അളവിലുള്ള കുക്കറുകൾ തന്നെ പ്രയോജനപ്പെടുത്തുക. (ചില ഓൺലൈൻ സൈറ്റുകളിൽ കുക്കറുകൾ കുറഞ്ഞ വിലയ്ക്കു കിട്ടുന്ന കോംബോ ഓഫറുകളുണ്ട്.)

പ്രവർത്തനക്ഷമത  ഉറപ്പാക്കുക 

പത്തോ പതിനഞ്ചോ വർഷം പഴക്കമുള്ള സ്റ്റൗ ആണ് ഉപയോഗിക്കുന്നതെങ്കിലും കുഴപ്പമില്ല, കാലാകാലങ്ങളിൽ അതിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി ചെയ്തിരിക്കണം. ബർണർ കത്തിക്കുമ്പോൾ മഞ്ഞ നിറത്തിലാണ് തീയെങ്കിലും പാത്രത്തിന്റെ അടിയിൽ കരിപിടിക്കുന്നുണ്ടെങ്കിലും ബർണറുകൾക്ക് തകരാറുണ്ടാകാം. ഇതു പരിഹരിക്കണം. അതുപോലെ സിലിണ്ടറിൽ നിന്നുള്ള ട്യൂബ്, റെഗുലേറ്റർ, സ്റ്റൗവിലെ പൈപ്പ് ജോയിന്റുകൾ എന്നിവിടങ്ങളിലൊന്നും ഗ്യാസ് ലീക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. 

market

ചില വീടുകളിൽ ഗ്യാസ് സിലണ്ടറുകൾ വീടിനു പുറത്തായിരിക്കും. അവിടങ്ങളിൽ റെഗുലേറ്ററിലോ മറ്റോ ഉണ്ടാകുന്ന ചെറിയ ചോർച്ചകൾ ശ്രദ്ധയിൽ‌പെട്ടെന്നു വരില്ല. അതുകൊണ്ട് കാര്യക്ഷമമായ നിരീക്ഷണം നഷ്ടം ഒഴിവാക്കും. 

ഒരുമിച്ചാകട്ടെ പാചകം 

അടുപ്പു കത്തിച്ചിട്ട ശേഷം അതിൽ വയ്ക്കാനുള്ള പാത്രം തേടി പോകുന്നവരുണ്ട്. അതു കഴുകാത്ത അവസ്ഥയിലാണെങ്കിൽ കഴുകിവരുന്നതുവരെയും അടുപ്പെരിയും. തീവില കൊടുത്തു ഗ്യാസ് വാങ്ങുന്ന ഇക്കാലത്ത് ഇതൊന്നും വേണ്ട. പാത്രവും പാചകത്തിനു വേണ്ട സാധനങ്ങളും എല്ലാം കയ്യകലത്തിൽ വച്ച ശേഷം മാത്രം അടുപ്പു കത്തിക്കാം. 

അതുപോലെ ഒരുമിച്ചു പാചകം ചെയ്യാവുന്ന വസ്തുക്കൾ അങ്ങനെ ചെയ്താൽ ഗ്യാസും സമയവും ഒരുപോലെ ലാഭിക്കാമല്ലോ. ഉദാഹരണത്തിന്, ഉരുളക്കിഴങ്ങും മുട്ടയും ഒരുമിച്ചിട്ടു വേവിച്ച ശേഷം രണ്ടിന്റെയും തോട് പൊളിച്ചുകളഞ്ഞു കറിയിലേക്കു ചേർക്കാം.

അതുപോലെ ചുവടു വിസ്താരമേറിയ പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കുക, ഉണ്ടാക്കിയ ഭക്ഷണം വീണ്ടും ചൂടാക്കാതെ കാസറോളിലോ മറ്റോ സൂക്ഷിച്ച് ഉപയോഗിക്കുക, ഫ്രിജിൽനിന്ന് എടുത്ത സാധനങ്ങൾ തണുപ്പു വിട്ട ശേഷം പാചകം ചെയ്യുക, ചോറും മറ്റും തയാറാക്കുമ്പോൾ തിളച്ച ശേഷം തെർമൽ കുക്കറിലേക്കു മാറ്റുക തുടങ്ങിയവയൊക്കെ പാചകവാതകം ലാഭിച്ചു തരുന്ന വഴികളാണ്.  

വാഹന ഇന്ധനം

ഇനി പറയുന്നത് വാഹന ഇന്ധനത്തെക്കുറിച്ചാണ്. ഒരു വീട്ടിൽത്തന്നെ സ്കൂട്ടറും ബൈക്കും കാറുമൊക്കെയായി പലതുണ്ട് വാഹനങ്ങൾ. പെട്രോളും ഡീസലും മത്സരിച്ച് സെഞ്ചുറിയടിക്കുന്ന ഇക്കാലത്ത് ഇതിന്റെ ഉപയോഗത്തിലൊരു പിടുത്തം വരുത്തിയാലേ വിലവർധനയെ തോൽപിക്കാനാകൂ. 

വീടിനടുത്തുള്ള കടകളിലും മറ്റും ടൂവീലർ എടുക്കാതെ നടന്നുപോകാം. കീശയും ആരോഗ്യവും ഒരുപോലെ ലാഭിക്കുന്ന ഏർപ്പാടാണിത്. അതുപോലെ വീട്ടിലൊരു സൈക്കിൾ ഉണ്ടെങ്കിൽ, അതുപയോഗിച്ചാൽ ചെറുതല്ലാത്ത ഇന്ധനലാഭം പ്രതീക്ഷിക്കാം.

happy-life2

ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ വേണം

വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി ചെയ്താൽ മൈലേജ് കുറയാതിരിക്കും. വളരെ പഴക്കം ചെന്ന വാഹനങ്ങളും മൈലേജ് തീരെക്കുറഞ്ഞ വാഹനങ്ങളും അതിനോടുള്ള പ്രിയം കൊണ്ട് സ്വന്തമാക്കി വയ്ക്കുന്നവരുണ്ട്. ദിനംപ്രതിയുള്ള ഉപയോഗത്തിൽ ഇവ ഒഴിവാക്കുക. പകരം ഇന്ധനക്ഷമതയുള്ളവ ഉപയോഗിക്കുക. അതുപോലെ ഒരേ സ്ഥാപനത്തിലേക്ക് ഒരേ ദിശയിൽനിന്നു യാത്ര ചെയ്യുന്ന സുഹൃത്തുക്കൾക്ക് ഒരു വാഹനം മതിയാകുമല്ലോ (കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിച്ചു വേണം).

ഇന്ധനം രാവിലെ സമയങ്ങളിൽ നിറയ്ക്കുക, ടയറുകളിൽ കൃത്യമായ അളവിൽ കാറ്റ് വേണം, കൃത്യമായ ഗിയറിൽത്തന്നെ വാഹനം ഓടിക്കുക, ട്രാഫിക് സിഗ് നലുകളിലും മറ്റും കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നാൽ എൻജിൻ ഓഫ് ചെയ്യുക, അനാവശ്യ ബ്രേക്കിങ്ങും ക്ലച്ചും ഒഴിവാക്കുക, ഇന്ധനം അൽപാൽപമായല്ലാതെ ഒരുമിച്ചു നിറയ്ക്കുക തുടങ്ങി ഇന്ധനക്ഷമത നിലനിർത്താനുള്ള പതിവുനിർദേശങ്ങൾ കൂടി പാലിച്ചാൽ നമുക്കീ വിലവർധനയെ വരുതിയിലാക്കാം 

English Summary : Tips to Manage Family Budget

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA