ADVERTISEMENT

പഠനം, അതു കഴി‍ഞ്ഞു ജോലി, ശേഷം ബൈക്ക്, തുടർന്നു വിവാഹം, ഭവനം, കാർ, മക്കൾ, അവരുടെ പഠനം, വിവാഹം... കുറച്ചു നാൾ മുൻപു വരെ മലയാളികളെന്നല്ല, രാജ്യമെമ്പാടുമുള്ള സാധാരണ മധ്യവർഗ കുടുംബങ്ങൾ പിന്തുടർന്നു വന്നിരുന്ന രീതിയാണിത്. അതിസമ്പന്നരും പാശ്ചാത്യരും ഇതിനെ പരിഹാസ രൂപേണ വിശേഷിപ്പിക്കുന്നത് ‘മിഡിൽ ക്ലാസ് മെന്റാലിറ്റി’ എന്നാണ്. പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച്, എത്രയും പെട്ടെന്ന് മെഡിസിൻ, എൻജിനീയറിങ്, സർക്കാർ മേഖലകളിൽ ഒരു ജോലി. സമ്പാദിക്കുന്നതെല്ലാം ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ ‘സുരക്ഷിതം’. എത്രയും പെട്ടെന്നു ചെറുതെങ്കിലും സ്വന്തമായൊരു വീടു വച്ച് ‘സെറ്റിൽ’ ചെയ്യാനുള്ള പ്രവണത. ഇതെല്ലാമാണു മിഡിൽ ക്ലാസ് മെന്റാലിറ്റി എന്നു പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നത്.

എന്നാൽ ഈ രീതികൾക്കു മാറ്റം വന്നു തുടങ്ങിയിരിക്കുന്നതായാണു ഈയടുത്ത കാലങ്ങളിലെ യുവാക്കളുടെ സാമ്പത്തിക പ്രവണതകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മെട്രോ നഗരങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം ഇപ്പോൾ മലയാളികളിലും കണ്ടുതുടങ്ങിയിരിക്കുന്നു.

ബിസിനസും സ്റ്റാർട്ടപ്പുകളും

എൻജിനീയറിങ്ങിനും മെഡിസിനും അപ്പുറത്തേക്കു വിദ്യാർഥികളും മാതാപിതാക്കളും ചിന്തിച്ചു തുടങ്ങിയിട്ട് ഇപ്പോൾ ഏതാനും വർഷങ്ങൾ ആകുന്നതേയുള്ളു. പുതിയ ബിസിനസുകളും സ്റ്റാർട്ടപ്പുകളും ആരംഭിക്കാൻ യുവാക്കൾക്കും അവരെ പിന്തുണയ്ക്കാൻ മാതാപിതാക്കൾക്കും ധൈര്യമായി. വർക് ഫ്രം രീതി വ്യാപകമായതിനോടൊപ്പം തന്നെ, സ്വയം തൊഴിൽ ചെയ്യുന്നതു മറ്റൊരു തലത്തിലേക്കു മാറാനും കോവിഡ് കാലം നിമിത്തമായി. യൂട്യൂബ് ചാനൽ നടത്തിപ്പ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഓൺലൈൻ സംരംഭകത്വം തുടങ്ങിയവയെല്ലാം വരുമാന മാർഗമെന്ന നിലയിൽ സമൂഹം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. കഷ്ടപ്പെട്ടു ജോലി ചെയ്തു പണം സ്വരുക്കൂട്ടി വയ്ക്കുക എന്നതിലുപരി സാമ്പത്തിക സ്വാതന്ത്ര്യവും അതുവഴി 40–50 വയസ്സാകുമ്പോൾ ‘ഏർളി റിട്ടയർമെന്റ്’ എടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി ഇപ്പോൾ മുൻതൂക്കം. 

പുതിയ നിക്ഷേപ മേച്ചിൽപ്പുറങ്ങൾ

Photo credit : Makostock / Shutterstock.com
Photo credit : Makostock / Shutterstock.com

കിട്ടുന്ന പണമെല്ലാം ഫിക്സഡ് ഡിപ്പോസിറ്റിലിടുന്ന രീതി മാറ്റി ഇൻവെസ്റ്റ്മെന്റ് സ്വഭാവവും പുതുതലമുറയിൽ വളർന്നു വരുന്നു. ബാങ്ക് ഡിപ്പോസിറ്റുകളിലും ചിട്ടിയിലും റിയൽ എസ്റ്റേറ്റിലും മാത്രമായി ഒതുങ്ങിയിരുന്ന നമ്മുടെ നിക്ഷേപ രീതി ഇപ്പോൾ മ്യൂച്ചൽ ഫണ്ട്, ഇൻഷുറൻസ്, ഓഹരി വിപണി നിക്ഷേപം, കടപ്പത്രങ്ങൾ തുടങ്ങി ഒട്ടേറെ സാധ്യതകളിലേക്കു പടർന്നു പന്തലിച്ചു കഴിഞ്ഞു. സ്മാർട്ഫോണിലെ ഏതാനും ടച്ചുകൾ കൊണ്ട് സ്റ്റോക് മാർക്കറ്റും എസ്ഐപി ഇൻവെസ്റ്റ്മെന്റുകളും വിരൽത്തുമ്പിൽ ലഭ്യമായതോടെ ഇവയെല്ലാം അനായാസമായി എല്ലാവർക്കും ലഭ്യമാകുന്നു. കോവിഡിന്റെ ആദ്യ തരംഗത്തിൽ‌ വ്യാപാര മേഖലകളെല്ലാം തന്നെ കിതച്ചു നിന്നപ്പോൾ വീണതിനെക്കാൾ ശക്തിയോടെ ഉയർത്തെഴുന്നേൽക്കാൻ ഓഹരി വിപണിക്കു സാധിച്ചത് ഈ മേഖലയിലേക്കു പുതുതായി കടന്നുവന്ന യുവാക്കളുടെ പിന്തുണയോടെയാണെന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിൽ എസ്ഐപി മ്യൂച്ചൽ ഫണ്ട് അക്കൗണ്ടുകളിലുണ്ടായ വർധനയും ഇതുമൂലമാണെന്നു പറയപ്പെടുന്നു.

സാമ്പത്തിക പാഠം യൂട്യൂബിലൂടെ

സ്വർണാഭരണങ്ങൾ വാങ്ങിക്കൂട്ടുന്നതിനെക്കാൾ പുതുതലമുറയ്ക്കു പ്രിയം ഡിജിറ്റൽ ഗോൾഡിനോടും സ്വർണ ബോണ്ടുകളോടുമാണ്. സ്കൂളുകളിൽ ലഭിക്കാത്ത സാമ്പത്തിക പാഠങ്ങൾ അവർ യൂട്യൂബിലൂടെയും ഡിജിറ്റൽ മാഗസിനുകളിലൂടെയും പഠിച്ചെടുക്കുന്നു. സ്വന്തം നാട്ടിൽ കുടുംബസ്വത്തായി ലഭിച്ച സ്ഥലത്തു വലിയ വീടുകൾ വയ്ക്കുന്നതിനെക്കാൾ അവർ താൽപര്യപ്പെടുന്നതു നഗരത്തിൽ ജോലി സ്ഥലത്തിനടുത്തു ചെറിയ സ്റ്റുഡിയോ അപ്പാർട്മെന്റുകൾ വാങ്ങുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യുന്നതാണ്.

അവബോധം നൽകണം

ഇങ്ങനെയുള്ള മാറ്റങ്ങൾ സംഭവിക്കുന്നതു കണ്ണിഞ്ചിപ്പിക്കുന്ന വേഗത്തിലാണെങ്കിലും ഇനിയും വലിയൊരു ശതമാനം ആളുകൾ ഇവയെ പറ്റി അറിഞ്ഞിട്ടു പോലുമില്ല എന്നതു ഭയപ്പെടുത്തുന്ന വസ്തുത തന്നെയാണ്. ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും വീഴ്ചയുടെ സൂചികയായി കണക്കാക്കാവുന്ന ‘ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം’ വലുതാക്കാൻ ഈ മാറ്റങ്ങൾ കാരണമാകുമോ എന്നതാണ് മറ്റൊരു വെല്ലുവിളി. അതുപോലെ. സ്കൂളിൽ ഇതൊന്നും പഠിക്കാതെ തന്നെ സാമ്പത്തികമായ വിവിധ അവസരങ്ങളിലേക്ക് യുവാക്കൾ കാലെടുത്തു വയ്ക്കാനും റിസ്ക്കുകളെടുക്കാനും തയാറാകുന്നത് പ്രശംസനീയമാണെങ്കിലും വേണ്ടവിധത്തിലുള്ള അറിവില്ലാതെ ഈ മേഖലയിലേക്കു എടുത്തുചാടുന്നതിന്റെ അപകട സാധ്യതകൾ ഇല്ലാതാകുന്നില്ല. നമ്മുടെ പാഠ്യപദ്ധതികളിൽ അടിസ്ഥാന സാമ്പത്തിക ശാസ്ത്രത്തിനും ടാക്സ്, ഇൻഷുറൻസ് തുടങ്ങിയ എല്ലാവരും അറിഞ്ഞിരിക്കേണ്ട മേഖലകളെ പറ്റിയും ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

English Summary : Middle class Malyali Mentality is Changing

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com