ഇന്ന് കടം നാളെ പണം: 'മില്ലെനിയല്‍സി'ന്റെ ഇഷ്ടവായ്പ

HIGHLIGHTS
  • വായ്പ നല്‍കി കച്ചവടം പിടിക്കുക എന്നതാണ് പുതിയ രീതി
card2
SHARE

പണ്ട് കടം വാങ്ങാന്‍ വീണ്ടുമെത്തുന്നവരോട് കടയുടമ ഒരു ദാഷിണ്യവുമില്ലാതെ പറഞ്ഞിരുന്നതാണ് 'ഇന്ന് റൊക്കം നാളെ കടം' എന്നത്. ഇനി കടമില്ല എന്നര്‍ഥം. കാരണം പറ്റുബുക്കില്‍ നിന്ന് മേശവലിപ്പിലേക്ക് പണമെത്താതെ കട നടത്താനാവില്ല എന്ന് പഴയ നാടന്‍ കച്ചവടക്കാര്‍ക്ക് അറിയാം. ഇന്ന് കാലം മാറി, കഥയും.

കാശില്ലാത്തവര്‍ വേണ്ട എന്നായിരുന്നു പഴയ രീതിയെങ്കില്‍ വായ്പ നല്‍കി കച്ചവടം പിടിക്കുക എന്നതാണ് പുതിയ മാര്‍ഗം. നാനാവഴിക്ക് പണം കടം കൊടുത്ത് തിരിച്ചടയ്ക്കാന്‍ വര്‍ഷങ്ങളുടെ സമയവും അനുവദിച്ചാണ് കച്ചവടക്കാര്‍ ഉപഭോക്താക്കളെ തേടുന്നത്. അത്തരത്തിലൊന്നാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ 'മില്ലെനിയല്‍സി'ന്റെ ഇഷ്ടവായ്പകളില്‍ ഒന്നായി മാറിയ ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) ലോണുകള്‍. 'ഇന്ന് കടം പറഞ്ഞ് നാളെ പണം' നല്‍കാമെന്ന് നാടന്‍ ഭാഷയില്‍ ഇതിനെ മാറ്റാം. ക്രെഡിറ്റ് കാര്‍ഡിന്റെ മറ്റൊരു രൂപമാണെങ്കിലും വ്യത്യാസം ധാരാളമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുന്നതും ബി എന്‍ പി എല്‍ വഴി വാങ്ങുന്നതും തമ്മില്‍ എന്താണ് മാറ്റം എന്ന് നോക്കാം.

പലിശ ഇല്ലാക്കാലം

ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രധാന നേട്ടം ഇടപാടുകാര്‍ക്ക് നല്‍കുന്ന പലിശയില്ലാ കാലമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധാനമോ സേവനമോ വാങ്ങുമ്പോള്‍ ബാങ്കുകള്‍ നമുക്ക് അനുവദിക്കുക 45-55 ദിവസത്തെ പലിശയില്ലാ കാലമാണ്. ഇതിനിടയില്‍ പണമടച്ചാല്‍ പലിശ ഈടാക്കില്ല. ബിഎന്‍പിഎല്‍ സ്‌കീമുകള്‍ പലതും പക്ഷെ 15 മുതല്‍ 45 ദിവസം വരെയാണ് ഇത് അനുവദിക്കുക. ഉദാഹരണത്തിന് 'ഫ്്‌ളിപ്കാര്‍ട്ട് പേ ലേറ്റര്‍' 10,000 രൂപ വരെ 35 ദിസമാണ് പലിശയില്ലാതെ വായ്പ നല്‍കുക. ആമസോണ്‍ 45 ദിവസവും. എച്ച് ഡി എഫ് സി ബാങ്കിന്റെ 'ഫ്‌ളെക്‌സി പേ' 1,000മുതല്‍ 60,000 രൂപ വരെ 15 ദിവസത്തേയ്ക്ക് പലിശയില്ലാതെ നല്‍കുമ്പോള്‍ ഐ സി ഐ സി ഐ 'പേ ലേറ്റര്‍' 5,000 മുതല്‍ 20,000 വരെ 45 ദിവസം അനുവദിക്കുന്നു. 'ലെയ്‌സി പേ' 15 ദിവസമാണ് നല്‍കുക. അതുകൊണ്ട് വായ്പ എടുക്കുമ്പോള്‍ പലിശ ഇല്ലാക്കാലത്തെ സംബന്ധിച്ച് കൃത്യത ഉറപ്പാക്കണം.

ചെലവ് കൂടുതല്‍

happy (3)

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചുകൊള്ളണമെന്നില്ല. അതിന് ഒരോ ബാങ്കിനും ഒരോ മാനദണ്ഡങ്ങളുണ്ട്. അതുപോലെ തന്നെ കാര്‍ഡുകള്‍ക്ക് വാര്‍ഷിക ഫീസും ചുമത്താറുണ്ട്. എന്നാല്‍ ബാങ്കുകള്‍ നല്‍കുന്ന ബിഎന്‍പിഎല്‍ വായ്പകള്‍ക്ക്് ഫീസ് ചുമത്താറില്ല. അതേസമയം മറ്റുള്ള സ്ഥാപനങ്ങള്‍ ഇത് ഈടാക്കാറുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ വായ്പ തിരഞ്ഞെടുക്കുമ്പോള്‍ ഇതും പരിഗണിക്കാം.

പലിശ

ബിഎന്‍പിഎല്‍ വായ്പകള്‍ക്ക് തിരിച്ചടവിന് ദീര്‍ഘകാലയളവ് ആവശ്യപ്പെടുമ്പോഴെ പലിശ ഈടാക്കു. ക്രെഡിറ്റ് കാര്‍ഡ് വായ്പയുടെ വാര്‍ഷിക പലിശ നിരക്ക് 42 ശതമാനം വരെ വരാം. അതേ സമയം ബിഎന്‍പിഎല്‍ വായ്പകളുടെ പലിശ പരമാവധി 30 ശതമാനമാണ്. 'ലെയ്‌സി പേ' പരമാവധി പലിശയായി ഈടാക്കുക 28 ശതമാനവും 'കാഷ് ഇ' അടക്കമുള്ള ചില ന്യൂജന്‍ ബി എന്‍ പി എല്‍ സ്ഥാപനങ്ങള്‍ ഈടാക്കുന്നത് 30 ശതമാനവുമാണ്. ബാങ്ക് നേരിട്ട് നടത്തുന്ന ബി എന്‍പി എല്‍ സ്‌കീമിന് പലിശ താരതമ്യേന കുറവായിരിക്കും. ഇതും താരതമ്യം ചെയ്തതിന് ശേഷം മാത്രമേ തിരഞ്ഞെടുപ്പ്് നടത്താവു.

കാലാവധി

ക്രെഡിറ്റ് കാര്‍ഡുകള്‍ വായ്പകള്‍ക്ക്് മൂന്നു മാസം മുതല്‍ 12 മാസം വരെ ഇ എം ഐ കാലാവധി അനുവദിക്കാറുണ്ട്. ബി എന്‍ പി എല്‍ വായ്പകളും 12 മാസം അനുവദിക്കാറുണ്ട്. പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എല്ലാ ബിഎന്‍പിഎല്‍ വായ്പകളും തിരിച്ചടവിന് ഇ എം ഐ സംവിധാനം അനുവദിക്കാറില്ല എന്നതാണ്.

English Summary : Know More About BNPL Loan Facility

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA