എളുപ്പത്തിൽ വായ്പ ലഭിക്കാൻ എത്ര വേണം ക്രെഡിറ്റ് സ്കോർ; ആരു സഹായിക്കും നിങ്ങളെ?

HIGHLIGHTS
  • നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്കോറുണ്ട? കിട്ടും നിരവധി നേട്ടങ്ങൾ
Digital-transaction
SHARE

കോവി‍ഡ് കാലത്ത് ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യം മുമ്പ് എന്നത്തേതിനേക്കാളും ഏറിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വായ്പ വാങ്ങാതെ മുന്നോട്ടു പോകാനാകാത്ത അവസ്ഥ. പക്ഷേ പൊതുവെ ബാങ്കുകൾ വായ്പ നൽകാന്‍ മടിക്കുന്നു. അതേസമയം ക്രെഡിറ്റ് സ്കോർ മികച്ചതെങ്കിൽ വായ്പ നൽകാൻ ബാങ്കുകൾ തമ്മിൽ മൽസരിക്കുകയും ചെയ്യുന്നു. ഇതെന്തു മറിമായമെന്ന് ചിന്തിക്കാന്‍ വരട്ടെ. കാരണം, ഇവിടെയാണ് ക്രെഡിറ്റ് സ്കോറിന്റെ സ്വാധീനം. ഇടപാടുകാരുടെ വായ്പ ക്ഷമത സൂചിപ്പിക്കുന്നതിനായി 300നും 900 നും ഇടയ്ക്കുള്ള സ്കോറാണ് ക്രെഡിറ്റ് സ്കോർ.

ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം പുലര്‍ത്തുന്ന അതേ ജാഗ്രത സാമ്പത്തിക ആരോഗ്യത്തിന്റെ കാര്യത്തിലും ഉണ്ടാകണമെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ ചെയര്‍മാന്‍ എം വി നായര്‍.  മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് നിരവധി നേട്ടങ്ങള്‍ ലഭിക്കുമെന്നത് ഇക്കാര്യത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുകയാണ്. മലയാള മനോരമ 'സമ്പാദ്യം' മാസിക സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ സമിറ്റിന്റെ ഭാഗമായുള്ള ക്രെഡിറ്റ് സ്‌കോറും നിങ്ങളുടെ ക്രെഡിബിലിറ്റിയും എന്ന വെബിനാറില്‍ പങ്കെടുക്കുകയായിരുന്നു എം വി നായര്‍. നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തിന്റെ സൂചികയാണ് ക്രെഡിറ്റ് സ്‌കോര്‍. സാമ്പത്തിക ആരോഗ്യം മികച്ച നിലയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ക്രെഡിറ്റ് സ്‌കോര്‍ സ്ഥിരമായി നിരീക്ഷിക്കണമെന്നും എം വി നായര്‍ ആവശ്യപ്പെട്ടു. 

പത്തു വര്‍ഷം മുന്‍പ് പൊതുജനങ്ങള്‍ക്ക് ആദ്യമായി ക്രെഡിറ്റ് സ്‌കോര്‍ ലഭ്യമാക്കി തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യങ്ങളും സൗകര്യങ്ങളുമല്ല ഇപ്പോഴുള്ളതെന്ന് എം വി നായര്‍ ചൂണ്ടിക്കാട്ടി. അണ്‍ സെക്യേര്‍ഡ് വായ്പകള്‍ ലഭിക്കില്ല എന്ന രീതിയായിരുന്നു അക്കാലത്തുണ്ടായിരുന്നത്. ക്രെഡിറ്റ് സ്‌കോര്‍ വന്നതോടെ സ്ഥിതി മാറുകയും പൊതുജനങ്ങള്‍ക്ക് അണ്‍ സെക്യേര്‍ഡ് വായ്പകള്‍ ലഭിക്കുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 25,000 രൂപയില്‍ താഴെയുള്ള വായ്പകളുടെ വിതരണം 23 മടങ്ങാണ് വര്‍ധിച്ചത്. ക്രെഡിറ്റ് സ്‌കോറിന് ഭാവിയില്‍ ഇനിയും പ്രസക്തി വര്‍ധിക്കുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

Samba-MV

വായ്പ നല്‍കുന്നത് ബാങ്കുകള്‍, ക്രെഡിറ്റ് റിപോര്‍ട്ട് അതിനുള്ള സഹായി മാത്രം

ബാങ്കുകളാണ് വായ്പ നല്‍കുന്നത്. ക്രെഡിറ്റ് സ്‌ക്കോര്‍ അതിനു സഹായം നല്‍കുന്ന ഒരു ഘടകം മാത്രമാണെന്നു മനസിലാക്കണം. ഒരാളെ ജോലിക്കു പരിഗണിക്കുമ്പോള്‍ യോഗ്യതയായി ബിരുദം വേണമെന്ന മാനദണ്ഡം പോലെ ഇതിനെ കരുതാം. ബിരുദമുണ്ടെന്നതു കൊണ്ടു മാത്രം ജോലി ലഭിക്കണമെന്നില്ല.  മികച്ച ക്രെഡിറ്റ് സ്‌കോര്‍ വഴി നിരവധി ഗുണങ്ങള്‍ ലഭിക്കും. അതിവേഗത്തില്‍ സേവനം ലഭിക്കുന്നു എന്നതും മികച്ച പലിശ നിരക്കുകള്‍ ലഭിക്കുന്നു എന്നതും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കു ലഭിക്കുന്ന പ്രധാന നേട്ടങ്ങളിലൊന്നാണ്. വായ്പകള്‍ ഇല്ലാത്തതിനാല്‍ മൈനസ് ഒന്ന് എന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളത് വായ്പകള്‍ നേടാന്‍ തടസമാകില്ല. ഇടപാടുകാരനെ വിലയിരുത്തി ബാങ്കുകള്‍ വായ്പ നല്‍കും. 

പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് എങ്ങനെ ക്രെഡിറ്റ് സ്‌കോര്‍ നേടിയെടുക്കാം?

card1

പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വായ്പകള്‍ ഇല്ലാത്തതിനാല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാകില്ലെന്ന സാഹചര്യം  മറി കടക്കാന്‍ ബാങ്കുകള്‍ക്ക് നിരവധി മാര്‍ഗങ്ങളുണ്ടെന്ന് എം വി നായര്‍ ഒരു ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി. സമാന സാഹചര്യങ്ങളിലുള്ള മറ്റുള്ളവരുടെ സ്‌കോര്‍ താരതമ്യം ചെയ്യുന്ന ലുക് എലൈക് സ്‌കോര്‍ അടക്കമുള്ള ബദല്‍ ഡാറ്റകളാണ് ഇതിനുപയോഗിക്കുക.  അക്കൗണ്ടിലെ ഇടപാടുകള്‍, ശമ്പളം തുടങ്ങിയവയും പരിഗണിച്ചു ബാങ്കുകള്‍ക്ക് വായ്പ നല്‍കാനാവും. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു തുടങ്ങുന്നതോടെ അവര്‍ക്ക് സ്‌കോര്‍ ലഭിക്കും. ഇതിനായി ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമല്ല. 

മികച്ച ക്രെഡിറ്റ് സ്‌കോര്‍ എത്രയാണ്?

ക്രെഡിറ്റ് സ്‌കോര്‍ 750-ല്‍ കൂടുതലുള്ളവര്‍ക്കാണ് എളുപ്പത്തില്‍ വായ്പകള്‍ ലഭിക്കുന്നത്. ബാങ്കുകള്‍ നല്‍കുന്ന ആകെ വായ്പകളില്‍ 80 ശതമാനവും ഇവര്‍ക്കാണ്. 700-750 പോയിന്റില്‍ ഉള്ളവര്‍ക്ക് പത്തു ശതമാനം വായ്പകള്‍ ലഭിക്കുന്നു. വര്‍ഷത്തില്‍ ഒരു തവണ സിബില്‍ വെബ്‌സൈറ്റില്‍ നിന്ന് സ്വന്തം ക്രെഡിറ്റ് സ്‌കോര്‍ സൗജന്യമായി ലഭിക്കും. ഇനിയിത് സ്ഥിരമായി നിരീക്ഷിക്കണമെങ്കില്‍ 1200 രൂപ നല്‍കി സബ്‌സക്രൈബ് ചെയ്യാനും സാധിക്കും. ഇതുവഴി മികച്ച സ്‌കോറിന്റെ ഗുണങ്ങള്‍ സ്വന്തമാക്കാനാവും. 

സ്ഥിരമായി ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ചാല്‍ പ്രശ്‌നമാകുമോ? 

സ്വന്തം ക്രെഡിറ്റ് സ്‌കോര്‍ എത്ര തവണ പരിശോധിച്ചാലും അതു നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് എം വി നായര്‍ ചൂണ്ടിക്കാട്ടി.  ഇതേ സമയം വിവിധ സ്ഥാപനങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ തുടര്‍ച്ചയായി പരിശോധിക്കുന്നതിന് മറ്റൊരു തലം കൂടിയുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ നിന്നു പരമാവധി വായ്പകള്‍ സംഘടിപ്പിക്കാനായി നിരന്തരം പരിശ്രമിക്കുന്ന വ്യക്തി എന്ന നെഗറ്റീവ് സൂചനയാവും ഇതിലൂടെ ലഭിക്കുക. ഭവന വായ്പയ്‌ക്കോ മറ്റേതെങ്കിലും ഒരു വായ്പയ്‌ക്കോ വേണ്ടി വിവിധ ബാങ്കുകള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്ന സാഹചര്യം പ്രശ്‌നമാകില്ല. എന്നാല്‍ വിവിധയിനം വായ്പകള്‍ക്കായി നിങ്ങള്‍ വിവിധ ബാങ്കുകളെ സമീപിക്കുകയും ആ ബാങ്കുകള്‍ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുകയും ചെയ്താല്‍ അതു നിങ്ങള്‍ക്ക് നെഗറ്റീവ് ആയിത്തീരുമെന്നും എം വി നായര്‍ ചൂണ്ടിക്കാട്ടി. 

ചെക്ക് മടങ്ങിയാല്‍ സ്‌കോര്‍ കുറയില്ല

ഇഎംഐ പോലുള്ളവയ്ക്കല്ലാതെ നല്‍കിയ ചെക്കുകള്‍ മടങ്ങിയാല്‍ അതു ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. വായ്പകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് ക്രെഡിറ്റ് സ്‌കോറിനായി ശേഖരിക്കുന്നത്. ചെക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതിനായി ശേഖരിക്കുന്നില്ലെന്നും എം വി നായര്‍ വ്യക്തമാക്കി.  സര്‍ക്കാര്‍ എഴുതിത്തള്ളിയ കാര്‍ഷിക വായ്പകളുടെ പേരില്‍ ക്രെഡിറ്റ് സ്‌കോര്‍ മോശമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാഭ്യാസവായ്പകള്‍ നിഷേധിക്കാനാവില്ല. ഇക്കാര്യം ബന്ധപ്പെട്ട ബാങ്കു വഴിയോ സിബില്‍ വഴിയോ തിരുത്താനാവും. ഇതിനും സാധിച്ചില്ലെങ്കില്‍ ബാങ്കിങ് ഓംബുഡ്‌സ്മാനേയും സമീപിക്കാം. കോവിഡ് മോറട്ടോറിയം കാലത്ത് വായ്പ തിരിച്ചടക്കാതിരുന്നത് ക്രെഡിറ്റ് റിപോര്‍ട്ടില്‍ കുടിശിഖയായി കണക്കാക്കില്ല. 

office5

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ആരാണു നിങ്ങളെ സഹായിക്കുക?

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താമെന്ന പേരില്‍ സേവനം വാഗ്ദാനം ചെയ്യുന്നവരുടെ തട്ടിപ്പുകളില്‍ വീഴരുതെന്നും എം വി നായര്‍ മുന്നറിയിപ്പു നല്‍കി. നിങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് ഒന്നും ചെയ്യാനാവില്ല. അതു ചെയ്യാനാവുക നിങ്ങള്‍ക്കു മാത്രമാണ്. ക്രെഡിറ്റ് റിപോര്‍ട്ട് ഡൗണ്‍ലോഡു ചെയ്യുകയും അതു വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത് സ്‌കോര്‍ മെച്ചപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. ക്രെഡിറ്റ് റിപോര്‍ട്ടില്‍ പിഴവുകളുണ്ടെങ്കില്‍ അതു തിരുത്താനായി ഏജന്‍സിയേയും ബാങ്കിനേയും സമീപിക്കുകയാണ് വേണ്ടത്. 

എസ്‌ഐപി മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല

ഓട്ടോ പേ അടക്കമുള്ളവ ഏതെങ്കിലും കാരണത്താന്‍ മുടങ്ങുന്നത് എസ്ബി അക്കൗണ്ടിനേയാണ് ബാധിക്കുന്നതെന്നും അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്നും എം വി നായര്‍ ചൂണ്ടിക്കാട്ടി. 

student

വിദ്യാഭ്യാസ വായ്പകളുടെ ക്രെഡിറ്റ് സ്‌കോര്‍

വിദ്യാഭ്യാസ വായ്പകള്‍ മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ചോദ്യങ്ങള്‍ക്കു മറുപടിയായി എം വി നായര്‍ വ്യക്തമാക്കി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ക്രെഡിറ്റ് റിപോര്‍ട്ടില്‍ ഉണ്ടാകും. ഇത് ഏതു പ്രായത്തിലാണ് നടന്നത്, പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടോ എന്നതെല്ലാം വിലയിരുത്തി ബാങ്കുകള്‍ തീരുമാനമെടുക്കും. വായ്പകളില്‍ കുടിശിഖയുണ്ടെങ്കില്‍ അതു ജാമ്യക്കാരുടെ ക്രെഡിറ്റ് സ്‌കോറിനേയും ബാധിക്കും. സംയുക്തമായ വായ്പകളാണെങ്കില്‍ അതിലെ പ്രശ്‌നങ്ങള്‍ അതിലുള്‍പ്പെട്ട എല്ലാവരേയും ബാധിക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്. 

ക്രെഡിറ്റ് കാര്‍ഡുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പ്രശ്നമാകും

നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ അതിന്റെ ഉപയോഗ രീതി ശ്രദ്ധിച്ചില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്നും എം വി നായര്‍ പറഞ്ഞു.  എല്ലാ കാര്‍ഡുകളിലും പരമാവധി വായ്പകള്‍ എടുക്കുന്നത് നെഗറ്റീവ് ആയ സൂചന നല്‍കും. ഇതേ സമയം 75 ശതമാനത്തോളം മാത്രം വായ്പ എടുത്തു മുന്നോട്ടു പോകുകയാണെങ്കില്‍ ഈ പ്രശ്‌നമുണ്ടാകില്ല.  ക്രെഡിറ്റ് കാര്‍ഡ് ഫീസും മറ്റും കൃത്യമായി അടച്ചു തീര്‍ത്തു പോകുന്നതാണ് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രെഡിറ്റ് കാര്‍ഡിന് ബാങ്ക് ആവശ്യപ്പെടുന്ന തുക കൃത്യമായി അടച്ചു പോകുകയാണെങ്കില്‍ ക്രെഡിറ്റ് റിപോര്‍ട്ടിനെ ബാധിക്കില്ല. 

സമ്പാദ്യം എഡിറ്റര്‍ ഇന്‍ ചാര്‍ജ് എസ് രാജ്യശ്രീ മോഡറേറ്ററായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA