വേണ്ടപ്പോഴൊക്കെ വെർച്ച്വൽ ലോകത്ത് നിന്നും പണം കിട്ടുമോ?

HIGHLIGHTS
  • പണമല്ല, പണത്തെക്കുറിച്ചുള്ള അറിവ് മക്കൾക്കുള്ള മികച്ച സമ്മാനം
girl-gift
SHARE

ആവശ്യമുള്ളപ്പോൾ ഒരു വെർച്വൽ ലോകത്തു നിന്നും പണം കിട്ടിക്കൊണ്ടിരിക്കും എന്ന വിശ്വാസം കുട്ടികളിൽ രൂപപ്പെടാൻ കാർഡ് ഉപയോഗം കാരണമാകും. പണത്തെക്കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചും കുട്ടിയെ പഠിപ്പിക്കാൻ മികച്ച സ്ഥലം വീടു തന്നെയാണ്. ചില പ്രായോഗിക മാർഗങ്ങൾ ഇതാ.

∙  പണത്തെക്കുറിച്ചു സംസാരിക്കുക– കുട്ടികളുമായി പണത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുക. പണം എവിടെനിന്നു കിട്ടുന്നു, അത് എന്തിനെല്ലാം ചെലവാക്കുന്നു എന്നെല്ലാം സംസാരിക്കണം. വളരുന്തോറും പണത്തെക്കുറിച്ചുള്ള അവരുടെ ധാരണയും മെച്ചപ്പെട്ടുവരും.

വീട്ടുകാര്യങ്ങൾ അറിയിക്കുക– ദൈനംദിന കാര്യങ്ങളിൽ അവരെ ഉൾപ്പെടുത്തുക. വീട്ടിലെ ചെലവുകൾ എന്തെല്ലാം? അതിൽ ഏതിനാണ് പ്രാധാന്യം, ഏത് ഒഴിവാക്കാം എന്നെല്ലാം അവർ സ്വയം മനസ്സിലാക്കട്ടെ.

തീരുമാനങ്ങളിൽ ഉൾപ്പെടുത്തുക– വീട്ടിൽ തീരുമാനമെടുക്കുമ്പോൾ കുട്ടികളുടെ അഭിപ്രായം ആരായണം. സാമ്പത്തിക കാര്യങ്ങളിലേക്ക് മനസ്സ് തുറക്കാൻ ഇതു സഹായിക്കും. ഭാവിയിൽ മികച്ച തീരുമാനമെടുക്കാനും ജീവിതത്തിൽ വിജയിക്കാനും അവർ പ്രാപ്തി നേടും. ചിലപ്പോൾ നിങ്ങളുടെ തെറ്റായ തീരുമാനങ്ങൾ ചൂണ്ടിക്കാണിക്കാനും അവർക്കു കഴിയും.

പ്രയോഗിക്കാൻ അവസരം നൽകുക– സാമ്പത്തിക കാര്യങ്ങളിലുള്ള കുട്ടികളുടെ അറിവ് പ്രയോഗിക്കാൻ കഴിയുന്നത്ര അവസരങ്ങൾ സൃഷ്ടിക്കുക. നിങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ അത് കുട്ടികളെ അറിയിക്കുക, അത് ചെലവുകൾ ചുരുക്കാനും വിവേകത്തോടെ ചെലവഴിക്കാനും അവരെ പ്രേരിപ്പിക്കും.

എവിടെ തുടങ്ങണം? 

invest

ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ പഠിപ്പിക്കണം. അതിനായി കുട്ടിയുമായി നിങ്ങൾക്ക് സൂപ്പർ മാർക്കറ്റിലേക്ക് പോകാം. പരമാവധി എത്ര പണം ചെലവാക്കാമെന്ന് (നിങ്ങളുടെ ബജറ്റ് എത്രയെന്ന്) അവരെ അറിയിക്കുക. വാങ്ങാൻ ആഗ്രഹിക്കുന്നവയുടെ പട്ടിക കുട്ടികൾക്ക് ഒപ്പം ഇരുന്ന് ആദ്യമെ തയാറാക്കിയിരിക്കണം. തീർച്ചയായും, പുതിയ കളിപ്പാട്ടം വാങ്ങാൻ അവർക്ക് ആഗ്രഹമുണ്ടാകും. എന്നാൽ അത്യാവശ്യം വേണ്ട സ്കൂൾ സാധനങ്ങളോ പലചരക്കോ ഒഴിവാക്കാനാകില്ലെന്ന് നിങ്ങൾക്ക് വിശദീകരിക്കാം. 

സമ്പാദിക്കാനും അവസരം സൃഷ്ടിക്കുക

കിട്ടുന്നതിൽനിന്നു മിച്ചം പിടിക്കാനും സമ്പാദിക്കാനും പ്രേരിപ്പിക്കുക. പണം കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് പഠിക്കാൻ ഇത് അവസരം നൽകുന്നു. 

പ്രതിഫലം നൽകുക– വീട്ടിലെ ജോലികൾ പ്രായത്തിന് അനുയോജ്യമായി നൽകുക. അവ ചെയ്തു പൂർത്തിയാകുമ്പോൾ ഒരു അലവൻസ് നൽകുക. ജോലികൾക്കു പകരം പോക്കറ്റ് മണി വാഗ്ദാനം ചെയ്യുമ്പോൾ, കുട്ടികൾ അവരുടെ അധ്വാനത്തിന്റെ ആവശ്യകതയും പണത്തിന്റെ മൂല്യവും മനസ്സിലാക്കും. 

പുരോഗതി വിലയിരുത്തുക– നിശ്ചിതസമയത്ത് എത്ര നേടി, എത്ര ചെലവാക്കി, എത്ര മിച്ചംപിടിച്ചു എന്നു മനസ്സിലാക്കാൻ ഒരു ചാർട്ട് ഉണ്ടാക്കാം. സ്വന്തം പുരോഗതി അവർക്ക് കാണാൻ കഴിയും. 

സ്വന്തം പണം കൈകാര്യം ചെയ്യിക്കുക– അതുവഴി ബജറ്റിങ്ങിനെക്കുറിച്ചും സ്വന്തം പണം ഉപയോഗിച്ച് എങ്ങനെ സാധനങ്ങൾ വാങ്ങാമെന്നും ധാരണ ലഭിക്കും. എല്ലാ സാധനങ്ങളും താങ്ങാനാവുന്നതല്ലെന്നും അവരുടെ ചില ആവശ്യങ്ങൾ നിങ്ങൾ നിരസിക്കുന്നത് എന്തുകൊണ്ടാണെന്നും അവർ മനസ്സിലാക്കും.

പിഗ്ഗി ബാഗ് സമ്മാനിക്കുക 

സമ്പാദ്യത്തെക്കുറിച്ച് പഠിക്കാൻ പിഗ്ഗി ബാങ്കുകൾ മികച്ച തുടക്കമാകും. സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഒരു പ്ലാൻ ഉണ്ട്. ഒരു സൈക്കിൾ വാങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അതുടനെ വാങ്ങിക്കൊടുക്കരുത്. പകരം അവരുടെ അലവൻസിന്റെ ഒരു ഭാഗം അതിനായി സൂക്ഷിക്കാൻ പറയുക. ആവശ്യമായ തുക അവരുടെ പിഗ്ഗി ബാഗിൽ ആകുമ്പോൾ മാത്രം സൈക്കിൾ വാങ്ങുക. ആഗ്രഹത്തിനു പണച്ചെലവുണ്ടെന്നും അതു സമാഹരിക്കാൻ ക്ഷമ കാട്ടണമെന്നും അവർ മനസ്സിലാക്കും. ചെലവുകൾ അവർ വെട്ടിക്കുറയ്ക്കും,.

കുട്ടികൾ പണം ചെലവഴിക്കുന്നുവെന്നതിന്റെ കണക്ക് ദിവസംതോറും എഴുതി സൂക്ഷിക്കട്ടെ. മാസാവസാനം ആ പട്ടിക വിലയിരുത്തുക. പണം എങ്ങോട്ടാണ് പോകുന്നതെന്നും എങ്ങനെ ചെലവഴിക്കുന്നുവെന്നും അവർ മനസ്സിലാക്കും.  

വൈകി ലഭിക്കുന്നതിന്റെ മൂല്യം 

ഏതു ലക്ഷ്യവും നേടാനുള്ള വിജയമന്ത്രം ക്ഷമയാണ്. ആഗ്രഹത്തിനും അതു നേടുന്നതിനും ഇടയിൽ നീണ്ട കാത്തിരിപ്പ് ഉണ്ട്. ഇത് പ്രധാനമാണ്. കുട്ടിയായിരിക്കുമ്പോഴേ കാത്തിരിക്കാൻ പഠിപ്പിക്കുക. ഇന്ന് മിഠായിക്ക് 50 രൂപ ചെലവഴിക്കുന്നതിനു പകരം, തുക ലാഭിക്കുകയും ഗെയിം സിസ്റ്റം പോലുള്ള വലിയ ആഗ്രഹം സാധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക. കാരണം, ഇത് പിന്നീട് കൂടുതൽ പ്രതിഫലദായകമായ ആവശ്യങ്ങൾക്കായി പണം മാറ്റിവയ്ക്കാൻ പഠിപ്പിക്കുന്നു. 

ലേഖിക കുട്ടികളിൽ സാമ്പത്തിക സാക്ഷരത വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ കിഡ്് വെസ്റ്ററിന്റെ സഹസ്ഥാപകയാണ്. E mail : hello@kidvestor.in

English Summary Learn the Importance of Maoney to Kids

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA