ADVERTISEMENT

ആയിരത്തോടടുക്കുന്ന പാചകവാതക വിലയിൽ ചെറുതെങ്കിലും ആശ്വാസം കണ്ടെത്താൻ സഹായിക്കും ഈ ടിപ്പുകൾ

∙സിലിണ്ടർ ഉപയോഗിക്കാൻ തുടങ്ങുന്ന ദിവസം കലണ്ടറിൽ എഴുതുക. തീരുമ്പോൾ എത്ര ദിവസത്തേക്കു കിട്ടി എന്നു കണക്കുകൂട്ടണം. പ്രതീക്ഷിച്ചതിനെക്കാൾ കാര്യമായ കുറവുണ്ടെങ്കിൽ കാരണം കണ്ടുപിടിക്കുകയും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

∙ ചെറിയ ബർണർ ഗ്യാസ് കുറച്ചേ ഉപയോഗിക്കൂ. അതിൽ െചയ്യാവുന്ന തരം പാചകം അതിൽത്തന്നെ ചെയ്യുക.

∙ ആവശ്യം അനുസരിച്ചേ പാചകം ചെയ്യാവൂ. അധികം ഉണ്ടാക്കി, ഫ്രിജിൽ വയ്ക്കുകയും അവിടെയിരുന്നു മറന്നുപോയിട്ട് േകടായി എടുത്തുകളയുന്ന അവസ്ഥയും ഒഴിവാക്കുക.

∙ ഒന്നിലധികം വസ്തുക്കള്‍ ഒരുമിച്ച് പാചകം ചെയ്യുന്നതിന് കുക്കറിലെ സെപ്പറേറ്റർ പ്രയോജനപ്പെടുത്താം. 

∙ ഇഡ്ഡലി പാത്രത്തിലെ വെള്ളത്തിൽ പുഴുങ്ങാനുള്ള മുട്ട, ഉരുളക്കിഴങ്ങ് എന്നിവ ഇട്ടാൽ ഇഡ്ഡലിക്കൊപ്പം അവയും പാകമായി കിട്ടും. 

∙ വലിയ പാത്രത്തിൽ തുറന്നുവച്ചു പാകം ചെയ്യുന്നത് ഒഴിവാക്കുക. 

∙ ആവശ്യത്തിനുമാത്രം വെള്ളം ഒഴിച്ച് അടച്ചുവച്ചു പാചകം നടത്തുക.

∙ ധാന്യങ്ങൾ, അരി എന്നിവ കുതിർത്തു വച്ച ശേഷം പാകം ചെയ്യുക.

∙ ഗ്യാസടുപ്പിൽ കൽച്ചട്ടികൾ, മൺപാത്രങ്ങൾ, കനം കൂടിയ പാത്രങ്ങൾ എന്നിവ ഒഴിവാക്കുക. 

∙ പ്രഷർകുക്കർ പരമാവധി പ്രയോജനപ്പെടുത്തുക. കുക്കറിന്റെ വാഷറും വിസിലും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

∙ നന്നായി ഉണങ്ങിയിരിക്കുന്ന പാത്രം പാചകത്തിന് ഉപയോഗിക്കുക. എളുപ്പം ചൂടാകും. 

∙ പപ്പടം, പൂരി, പത്തിരി, ചപ്പാത്തി, ഓംലറ്റ് തുടങ്ങിയവ ഉണ്ടാക്കുമ്പോൾ ഒരു മിനിറ്റ് മുന്‍പേ അടുപ്പ് അണയ്ക്കാം. അപ്പോഴും ആവശ്യത്തിനു ചൂട് പാത്രത്തിനുണ്ടാകും.

∙ ഓരോ വിഭവവും തയാറാക്കുമ്പോൾ ആവശ്യത്തിനു മാത്രം വലുപ്പമുള്ള പാത്രങ്ങൾ ഉപയോഗിക്കുക. കുക്കറിന്റെ കാര്യത്തിലും ഈ രീതി പിന്തുടരാം. 

∙ ദോശയും അപ്പവുമെല്ലാം അൽപം വലുപ്പത്തിൽ ഉണ്ടാക്കിയാൽ എണ്ണം കുറയ്ക്കുക വഴി സമയവും ഇന്ധനവും ഒരുപോലെ ലാഭിക്കാം.

∙ ചുവടുകട്ടി കുറവുള്ളതും വിസ്താരമാർന്നതുമായ പാത്രങ്ങൾ ഗ്യാസടുപ്പിൽ ഉപയോഗിക്കുന്നത് ഇന്ധനലാഭത്തിനു സഹായകരമാണ്. 

∙ കുടിവെള്ളം, ചോറു വാർത്ത പാത്രത്തിനു മുകളിൽ വച്ചാൽ ചെറിയ ചൂട് നിലനിർത്താം.

∙ ചോറുവയ്ക്കാനായി വെള്ളം വയ്ക്കുന്ന പാത്രത്തിനു മുകളിൽ അടപ്പിനു പകരം ചെറിയൊരു പാത്രത്തിൽ കുടിക്കാനുള്ള വെള്ളം കൂടി വയ്ക്കാം. അരി വേകുമ്പോഴേക്കും വെള്ളം ചൂടാകും.   

∙ കാസറോൾ, ഫ്ലാസ്ക്, ഹോട്ട്കേസ് എന്നിങ്ങനെ ചൂട് നിലനിർത്തുന്നതിനുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാൽ ആവർത്തിച്ചുള്ള ചൂടാക്കലും അതുവഴിയുള്ള ഗ്യാസ് ചെലവും നിയന്ത്രിക്കാം.

∙ തെർമൽ കുക്കർ പ്രയോജനപ്പെടുത്താം. തെർമൽ കുക്കറിൽ രാത്രി വയ്ക്കുന്ന ചോറ് അടുത്ത ദിവസം ഉച്ചയൂണിന് പാകമായിരിക്കും.

∙ പെട്ടെന്ന് വേവുന്നതരം അരിയാണെങ്കിൽ ഗ്യാസ് ചെലവ് ലാഭിക്കാനാകും.

∙ സാമ്പാറിനുള്ള കഷണങ്ങൾ കുക്കറിന്റെ ഒരു തട്ടിലും അടുത്ത തട്ടിൽ തലേദിവസം വെള്ളത്തിലിട്ടു വച്ചിരുന്ന പരിപ്പും ഒരേ സമയം വേവിച്ചെടുത്താൽ പാചകവാതകവും സമയവും ലാഭിക്കാം.

∙ ചപ്പാത്തി ചുടുമ്പോൾ  ഒന്നിച്ചു പരത്തിവച്ച് ഓരോന്നായി ചുട്ടെടുക്കുക. 

∙ നോബ് തിരിക്കുമ്പോൾ അടുപ്പ് എരിയുന്നതരം സ്റ്റൗ ആണെങ്കിൽ കത്തിക്കാൻ മിനക്കെടുന്ന സമയത്തെ ഗ്യാസ് നഷ്ടവും അപകടസാധ്യതയും ഒഴിവാക്കാം. 

∙ ഗ്യാസ് ട്യൂബ് റഗുലേറ്ററുമായും അടുപ്പുമായും യോജിപ്പിക്കുന്ന രണ്ടറ്റത്തു കൂടെയും ഗ്യാസ് ലീക്കാകാം. രണ്ടു ഭാഗത്തും ഓരോ ഹോസ് ക്ലാമ്പുകൾ ഉപയോഗിച്ച് മുറുക്കിയാൽ ലീക്ക് തടയാം. അപകടസാധ്യതയും ഒഴിവാക്കാം

∙ ബർണറുകളുടെ പിച്ചള ഭാഗം പുറത്തെടുത്ത് മാസത്തിലൊരിക്കൽ പഴയൊരു ടൂത്ത് ബ്രഷും സോപ്പ് ലായനിയും ഉപയോഗിച്ച് വൃത്തിയാക്കുക.  

∙ എല്ലാ േചരുവകളും തയാറാക്കി കയ്യെത്തും ദൂരത്ത് വച്ചശേഷമേ പാചകം തുടങ്ങാവൂ. 

∙ പുട്ട് പോലുള്ളവ കുറ്റിയിൽ വേവിക്കാതെ ഇഡ്ഡലി തട്ടിൽ ഒന്നിച്ചു വേവിച്ചാൽ ഇന്ധനവും സമയവും ലാഭിക്കാം.

∙ ചായ, കാപ്പി, ചൂടുവെള്ളം തുടങ്ങിയവ ഇടയ്ക്കിടെ വേണമെങ്കിൽ ഒരുമിച്ചുണ്ടാക്കി ഫ്ലാസ്കിൽ സൂക്ഷിക്കുക.

ഭക്ഷണശൈലിയിലും മാറ്റം ആവാം

പാചകം ആവശ്യമില്ലാത്ത വിഭവങ്ങളും ഭക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തുക. തേങ്ങ, മാങ്ങ, മല്ലി, പുതിന, മുതിര എന്നിവയുടെ ചമ്മന്തികൾ രുചികരവും പോഷകസമൃദ്ധവും ആണ്. പലതരത്തിലുള്ള പഴങ്ങൾ, സാലഡുകൾ, സാൻവിജുകൾ എന്നിവയും മെനുവിൽ ഉൾപ്പെടുത്തുന്നു. അവിൽ, ബ്രഡ്, പഴങ്ങൾ തുടങ്ങിയവയൊക്കെ സൗകര്യം പോലെ പ്രാതലിനോ അത്താഴത്തിനോ പ്രയോജനപ്പെടുത്താം. ഇടയ്ക്കൊക്കെ തേങ്ങാച്ചോറ്, തക്കാളിച്ചോറ്, പുലാവ് എന്നിവ ഉണ്ടാക്കി ചോറ്, കറി, തോരൻ തുടങ്ങിയ വിസ്തരിച്ച പാചകരീതിയും ഇന്ധനച്ചെലവും കുറയ്ക്കാം.

മറക്കരുതേ 

∙ പാചകവാതകം ലാഭിക്കാൻ ഒന്നിച്ച് കൂടുതൽ പാകം ചെയ്തു ഫ്രിജിൽ സൂക്ഷിച്ച്  ചൂടാക്കി ഉപയോഗിക്കുന്നവരുണ്ട്. അതുപാടില്ല. കാരണം ലാഭിച്ചതിനെക്കാൾ പതിന്മടങ്ങ് തുക ഇതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ  ചികിത്സിക്കാൻ വേണ്ടിവരും.

∙ ഗ്യാസ് ലാഭിക്കാൻ ഇൻഡക് ഷൻ കുക്കർ ഉപയോഗിക്കുന്നതും നല്ല ശീലമല്ല. കാരണം, വൈദ്യുതി ഉപയോഗം ഒരു യൂണിറ്റ് കൂടിയാൽ തന്നെ സബ്സിഡി നഷ്ടപ്പെട്ട് ഉയർന്ന നിരക്കിൽ വൈദ്യുതചാർജ് നൽകേണ്ടി വരുന്നവരുണ്ട്. 

ബയോഗ്യാസ് പ്ലാന്റ് 

വീട്ടാവശ്യത്തിനു വേണ്ട പാചകവാതകത്തിന്റെ ഒരു പങ്ക് ലഭിക്കുന്നതിനൊപ്പം ഭക്ഷണത്തിന്റെയും പഴം– പച്ചക്കറികളുടെയുമെല്ലാം അവശിഷ്ടങ്ങൾ ഒഴിവാക്കാനും നല്ലൊരു മാർഗമാണിത്. വീടിനോടു ചേർന്ന് അധികം സ്ഥലമൊന്നും വേണ്ട ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ. ഇവ പലവലുപ്പത്തിലും ശേഷിയിലും ലഭ്യമാണ്. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയും അല്ലാതെയും ഇതു വാങ്ങാം. പ്ലാന്റിൽനിന്നു പുറത്തേക്കു വരുന്ന സ്ലെറിയാകട്ടെ വീട്ടിലെ അടുക്കളത്തോട്ടത്തിനു നല്ലൊരു വളമായും പ്രയോജനം ചെയ്യും. 

പാചകമെല്ലാം ഒരുമിച്ച്

സാധനങ്ങൾ ആവശ്യാനുസരണം ഒരുക്കിവച്ച ശേഷം എല്ലാ ബർണറും ഉപയോഗിച്ച് കഴിയുന്നതും േവഗത്തിൽ ഒറ്റയടിക്ക് ജോലി തീർക്കുക. കുക്കറിൽ ഒരു വിസിൽ വന്നാൽ അഞ്ചു മിനിറ്റോളം സ്റ്റൗവിൽനിന്ന് ഇറക്കി വയ്ക്കാം. ഈ സമയംകൊണ്ട് ചായ ഉണ്ടാക്കുക, പപ്പടം കാച്ചുക, വറവു തയാറാക്കുക, പാൽ തിളപ്പിക്കുക തുടങ്ങിയ ചെറിയ ജോലികൾ തീർക്കും. കറിക്കും ചട്നിക്കും കടുകു വറവു(താളിക്കൽ) വേണ്ടപ്പോൾ  ഒന്നായി വറുത്ത് രണ്ടിേലക്കും ആവശ്യംപോലെ േചർക്കും. അടുപ്പത്തു പാത്രം വച്ചിട്ട് മറ്റു ജോലികൾക്കു പോയിട്ട് ഭക്ഷണം അധികം േവവുന്നതും കരിയുന്നതും രണ്ടാമതു പാചകവാതകം ചെലവാക്കി ചൂടാക്കുന്നതും ഒഴിവാക്കണം.

സമ്പാദ്യം മാസിക വീട്ടമ്മമാർക്കായി നടത്തിയ മത്സരത്തിൽ പങ്കെടുത്തവർ നൽകിയ പ്രായോഗികതയിലൂന്നിയുള്ള ആശയങ്ങളാണിവ

English Summary: Tips for Saving Cooking Gas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com