ട്രഷറി നിക്ഷേപ പലിശ കൊണ്ട് സമ്പന്നനാകണോ

HIGHLIGHTS
  • ട്രഷറി സേവിങ്സ് ബാങ്കിലെ 4 ശതമാനം പലിശ 10–15% വരെയാക്കാനൊരു മാർഗം
money-gro1
SHARE

ബാങ്കുകളെക്കാള്‍ ഉയർന്ന പലിശ കിട്ടുമെന്നതാണ് ട്രഷറി സ്ഥിരനിക്ഷേപത്തിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ട്രഷറി പലിശ 7.5% ആയി കുറഞ്ഞെങ്കിലും ഇപ്പോഴും ബാങ്കുകളെക്കാൾ മാത്രമല്ല, സഹകരണ സംഘങ്ങളെക്കാളും മികച്ചതാണ്. 

എന്നാൽ, പലിശ ഓരോ മാസവും എസ്ബി അക്കൗണ്ടിലേക്കു വരവുവയ്ക്കുന്ന രീതിയാണ് ട്രഷറിയിൽ. അതു ചിലർക്കെങ്കിലും ബുദ്ധിമുട്ടാകുന്നു. നിക്ഷേപത്തിനു മൂലധന വര്‍ധന ആഗ്രഹിക്കുന്നവർക്ക് അതു കിട്ടുന്നില്ലെന്നതാണ് ഇവിടെ പ്രശ്നം. 

സാധാരണ എഫ്ഡിയിൽ പലിശ പ്രതിമാസ/ത്രൈമാസ അടിസ്ഥാനത്തില്‍ നിക്ഷേപത്തുകയിലേക്കു കൂട്ടിച്ചേര്‍ക്കുകയും അതിനു പലിശ ലഭിക്കുകയും ചെയ്യും. കാലാവധിക്കു ശേഷം നിക്ഷേപിച്ചതിനെക്കാള്‍ മികച്ചൊരു തുക തിരികെ കിട്ടും. എന്നാല്‍, ട്രഷറി എഫ്ഡിയില്‍ മാസപ്പലിശ എസ്ബിയിലേക്ക് മാറ്റുന്നതിനാൽ കാലാവധിക്കു ശേഷം തിരികെ കിട്ടുന്നത് നിക്ഷേപിച്ച തുക തന്നെയാവും. കാരണം, അര്‍ഹമായ പലിശ ഓരോ മാസവും നൽകുന്നുണ്ടല്ലോ. 

മാസച്ചെലവു നേരിടാന്‍ സൗകര്യം

നിക്ഷേപത്തിനു കിട്ടുന്ന മാസപ്പലിശ കൊണ്ട് ചെലവുനടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമാണ് ട്രഷറി സ്ഥിരനിക്ഷേപം. വിരമിച്ചവര്‍ക്കും നിക്ഷേപപലിശ കൊണ്ട് മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലത്. അഞ്ചു ലക്ഷം രൂപ സ്ഥിരനിക്ഷേപമുണ്ടെങ്കിൽ 3,125 രൂപ മാസം പലിശയായി എസ്ബി അക്കൗണ്ടില്‍ ലഭിക്കും. എന്നാല്‍, നിക്ഷേപത്തിനു മൂലധന നേട്ടമുണ്ടാക്കാനും അതിലൂടെ നല്ലൊരു തുക കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്നവര്‍ക്ക് ഇതു ഗുണകരമല്ല. കിട്ടുന്ന പലിശ എസ്ബിയിൽ സൂക്ഷിച്ചാലും നാമമാത്ര പലിശയേ ലഭിക്കൂ.

Money-01

പലിശ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം

ട്രഷറി എഫ്ഡിയിൽനിന്നു കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് പലിശ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം. എന്നിട്ട് നല്ലൊരു മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുത്ത് ഈ തുക ഓരോ മാസവും അതിൽ എസ്‌ഐപി ആയി നിക്ഷേപിക്കുക. അതിനുള്ള നിർദേശം ബാങ്കിൽ നൽകിയാൽ മതി. 

ഈ എസ്‌ഐപിയുടെ കാലാവധി ട്രഷറി എഫ്ഡിയുടെ കാലാവധി കഴിയുന്നതുവരെ ക്രമീകരിച്ചാൽ നിക്ഷേപത്തുക ട്രഷറിയില്‍നിന്ന് അതിന്റെ പലിശ നിക്ഷേപിച്ചു ലഭിക്കുന്ന മുതലും ലാഭവും മ്യൂചല്‍ ഫണ്ടിൽനിന്നും നേടാം. 

കഴിഞ്ഞ 3 വര്‍ഷത്തെ കണക്കെടുത്താല്‍ മ്യൂച്വൽ ഫണ്ടിൽ പ്രമുഖ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ 16% വരെ നേട്ടം നൽകിയിട്ടുണ്ട്. 2018 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2021 സെപ്റ്റംബര്‍ ഒന്നു വരെ മാസം 3,125 രൂപ നല്ലൊരു ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിലേക്ക് മാറ്റിയിരുന്നുവെങ്കിൽ പ്രതിവര്‍ഷം 4 ശതമാനത്തിന്റെ സ്ഥാനത്ത് 16% നേട്ടം ലഭിക്കുമായിരുന്നു. ട്രഷറി പലിശ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയിൽ നിക്ഷേപിക്കും മുൻപ് റിസ്ക് എടുക്കാനുള്ള സ്വന്തം സാഹചര്യങ്ങൾ വിലയിരുത്തി വേണം അനുയോജ്യമായ ഫണ്ട് തിരിഞ്ഞെടുക്കാൻ. കൂടുതൽ റിസ്ക് എടുക്കാൻ തയാറാണെങ്കിൽ ഇക്വിറ്റി ഫണ്ടിൽ എസ്ഐപി തുടങ്ങാം. ഇനി റിസ്ക് എടുക്കാൻ താൽപര്യമില്ലെങ്കിൽ ട്രഷറിയിൽ നിന്നു കിട്ടുന്ന പലിശ പോസ്റ്റ് ഓഫിസ് റിക്കറിങ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാം. അവിടെ നിലവിൽ 5.8% പലിശയുണ്ട്.

ഗോള്‍ഡ് ബോണ്ടിലെ നേട്ടവും കൂട്ടാം 

റിസര്‍വ് ബാങ്കിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്കു കിട്ടുന്ന 2.5% പലിശ അര്‍ധ വാര്‍ഷികാടിസ്ഥാനത്തിലാണല്ലോ എസ്ബി അക്കൗണ്ടിൽ എത്തുക. ഈ പലിശ കൊണ്ട് എസ്‌ഐപി ആരംഭിച്ചാൽ അതിലൂടെയും ഇതേ രീതിയില്‍ അധികവരുമാനം നേടാം.

ട്രഷറി ഓണ്‍ലൈന്‍ പ്രയോജനപ്പെടുത്തുന്നതെങ്ങനെ?

ട്രഷറി അക്കൗണ്ടില്‍ മൊബൈല്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്താൽ ലളിതമായി ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാം. പതിവ് ഓണ്‍

ലൈന്‍ ബാങ്കിങ്ങിലെ സേവനസൗകര്യങ്ങൾ ഇവിടെയില്ലെങ്കിലും മറ്റു ബാങ്കുകളിലേക്ക് പണം കൈമാറുന്നത് ഉൾപ്പെടെ സാധ്യമാണ്.

English Summary: Make Extra Income through Treasury Investment Interest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA