ADVERTISEMENT

കുട്ടികളെ മണി മാനേജ്മെന്റിലെ ബാലപാഠങ്ങൾ പ്രായോഗികമായി പഠിപ്പിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

പിഴവുകൾ കുട്ടികൾ അറിയട്ടെ 

കുട്ടികൾ കൗതുകത്തോടെ കേട്ടിരിക്കുന്ന കാര്യമായിരിക്കും ജീവിതത്തിൽ നിങ്ങൾ വരുത്തിയ സാമ്പത്തിക പിഴവുകൾ. അതിനെ അതിജീവിച്ചത് എങ്ങനെയെന്ന കാര്യവും അവരോടു പറയുക. നിങ്ങൾ ജീവിതത്തിലൂടെ നേടിയ സാമ്പത്തിക അറിവുകൾ ഇതിലൂടെ മക്കൾക്കും പകർന്നു കിട്ടാം.

പണം വന്നുപോയ വഴികൾ പറയണം

ഓൺലൈൻ ഇ–കൊമേഴ്സ് സൈറ്റുകളിൽനിന്ന് അച്ഛന്റെയോ അമ്മയുടെയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വച്ച് സാധനം വാങ്ങുന്ന കുട്ടികളുണ്ട്. അവരോട് പണം വരുന്നതും പോകുന്നതുമായ വഴികളെക്കുറിച്ചു സംസാരിക്കാം. അച്ഛനും അമ്മയും ഈ പണം സമ്പാദിക്കുന്നതിനു വേണ്ടി നടത്തിയ പരിശ്രമങ്ങൾ എന്തായിരുന്നു എന്നും അതിന്റെ മൂല്യം എത്രയാണെന്നും സംസാരിക്കാം. 

പരസ്യങ്ങളോടുള്ള സമീപനം

പരസ്യങ്ങൾ ഏറ്റവും ആകർഷിക്കുന്നത് കുട്ടികളെയാണ്. അതിൽ കാണുന്ന പുതിയ വസ്തുക്കളും ആഡംബര വസ്തുക്കളുമൊക്കെ വാങ്ങാനും ഉപയോഗിച്ചു നോക്കാനുമുള്ള ആവേശം ഈ പരസ്യങ്ങൾ കുട്ടികളിൽ നിറയ്ക്കുന്നു. പരസ്യങ്ങളിൽ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും അവയെ വിമർശനബുദ്ധിയോടെ സമീപിക്കണമെന്നും കുട്ടികളോടു പറയുക. ഉദാഹരണങ്ങൾ കൂടി നൽകിയാൽ അവർക്ക് എളുപ്പത്തിൽ മനസ്സിലാകും. 

നിങ്ങളുടെ സംസാരം കുട്ടികളും കേൾക്കട്ടെ 

ഏതെങ്കിലും സ്ഥാപനങ്ങളിൽ വിളിച്ച് നിങ്ങൾ റീഫണ്ട് ആവശ്യപ്പെടുന്നതും അതുപോലുള്ള മറ്റ് സാമ്പത്തിക ഇടപാടുകളും ചർച്ചകളും ഒക്കെ കുട്ടികൾ കൂടി കേൾക്കട്ടെ. സാമ്പത്തിക കാര്യങ്ങളിൽ ഉപയോഗിക്കേണ്ട ശരിയായ വാക്കുകളും പണം ആവശ്യപ്പെടുന്നതിനുള്ള രീതികളുമൊക്കെ കുട്ടികൾ കേട്ടുപഠിക്കും. 

സാമ്പത്തികലക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കാം 

കുട്ടികൾ വലിയ വിലപിടിപ്പുള്ള വസ്തുക്കൾ ആഗ്രഹിക്കാറുണ്ട്, വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അത്തരം വേളകളിൽ അതിന്റെ ഒരു ചിത്രം കൂടി അവരോടു വരയ്ക്കാൻ ആവശ്യപ്പെടാം. തുടർന്ന് അങ്ങനെ ഒരു ലക്ഷ്യം നേടുന്നതിന് എത്രമാത്രം പണം വേണമെന്നും ആ പണം എങ്ങനെ സമ്പാദിക്കാമെന്നുമെല്ലാം സംസാരിക്കാം. ഒപ്പം കുട്ടിയുടെ പഠനച്ചെലവുകളെക്കുറിച്ചും അതു നൽകാനായി നിങ്ങൾ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും പറയാം. 

കാർഡ് ഉപയോഗം പറഞ്ഞു കൊടുക്കണം

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ടത് അത്യാവശ്യമാണ്. നിയന്ത്രണമില്ലാതെ സാധനങ്ങൾ വാങ്ങുമ്പോൾ അല്ലെങ്കിൽ ചെലവഴിക്കുമ്പോൾ അടുത്ത മാസങ്ങളിലെ അമിതഭാരം എത്രത്തോളമാണെന്നും അതു മുൻകൂട്ടി കണ്ടു വേണം നമ്മൾ കാർഡുകൾ ഉപയോഗിക്കേണ്ടതെന്നും അവരെ പഠിപ്പിക്കാം.

എടിഎമ്മിൽനിന്നു പണം എടുക്കുന്നത് കാണുന്ന കൊച്ചുകുട്ടികളുടെ ധാരണ കാർഡ് ഇട്ട് കഴിഞ്ഞാൽ എത്ര പണം വേണമെങ്കിലും ആ യന്ത്രം തരുമെന്നാണ്. എന്നാൽ, അതിലൂടെ വരുന്ന പണം അച്ഛനമ്മമാരുടെ പരിശ്രമഫലമായി സമ്പാദിച്ച തുകയാണെന്നും അതിനു പരിമിതിയുണ്ടെന്നും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.  കുട്ടികളെ മണി മാനേജ്മെന്റ് പാഠങ്ങൾ പരിശീലിപ്പിക്കുന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തം തന്നെയാണ് 

ലേഖകൻ പോസിറ്റീവ് സൈക്കോളജിസ്റ്റാണ്

moneypsychology1@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com