ADVERTISEMENT

ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സൂപ്പർ ‍മാര്‍ക്കറ്റില്‍ ഷോപ്പിങ് കഴിഞ്ഞ് വീട്ടിലെത്തി. വസ്ത്രം മാറിയിട്ട് പത്രവുമെടുത്ത് സിറ്റൗട്ടിലേക്കിറങ്ങി. സാധാരണ ഈ സമയത്ത് ഒരു ചായ പതിവാണ്. ചായ അടുക്കളയിൽ എടുത്തു വച്ചിട്ടുണ്ടാകുമെന്നു കരുതി അവിടേക്ക് എത്തിയപ്പോൾ സൂപ്പർ ‍മാര്‍ക്കറ്റിലെ ബില്ലുമായി അമ്മയും മകളും കുശുകുശുക്കുന്നു. ബില്ലില്‍ എന്തോ കുഴപ്പമുണ്ടത്രേ! 

ബിൽ കൂട്ടിയും കിഴിച്ചും നോക്കിയാല്‍ സമാധാനമാകുമെങ്കില്‍ അങ്ങനെയാകട്ടെ. ഏതായാലും അവർക്ക് നല്ലൊരു ചായ ഇട്ടുകൊടുക്കാമെന്നു കരുതി ഞാന്‍ പതിയെ അടുപ്പിനരികിലേക്കു നീങ്ങി. എന്നാൽ, ചായ തിളയ്ക്കും മുൻപേ മകളുടെ വിളിയെത്തി, അച്ഛാ കണ്ടുപിടിച്ചു. ബില്ലില്‍ 1,600 രൂപ വിലയുള്ള പ്രീമിയം കശുവണ്ടിപ്പരിപ്പ്. ഇത് നിങ്ങള്‍ വാങ്ങിയതാണോ? ഭാര്യയുടെ ചോദ്യം. അല്ലല്ലോ, ഞാനാകെ വാങ്ങിയത് ഒരു കിലോ ഈന്തപ്പഴം മാത്രമാണ്. 

ഈന്തപ്പഴവും കശുവണ്ടിയും

രണ്ടുപേരും വാങ്ങിയ ഓരോ സാധനവുമെടുത്ത് പരിശോധിച്ചു തുടങ്ങി. എന്റെ തല പെരുത്തു. ഒടുവില്‍ കിട്ടി, പ്രീമിയം വൈറ്റ് കാഷ്യു പാക്കറ്റ്. ശരിയാണ് 1,600 രൂപ വിലയുമുണ്ട്. ഇതെങ്ങനെ ബാസ്കറ്റിൽ വന്നു. ഞാന്‍ മറ്റ് സാധനങ്ങള്‍ കൂടിയൊന്നു പരിശോധിച്ചു. ഈന്തപ്പഴം പാക്കറ്റ് കാണുന്നേയില്ല. വീണ്ടും കാഷ്യു പാക്കറ്റ് പരിശോധിച്ചപ്പോൾ അതിനുള്ളില്‍ ഈന്തപ്പഴമാണ്. ബില്ലില്‍ കാഷ്യുവിന്റെ ലേബലും. ഇതെന്താ കുമ്പിടിയോ! ലൂസ് കൗണ്ടറില്‍നിന്ന് സെയില്‍സ്മാന്‍ കോരിയെടുത്ത് പാക്കറ്റിലാക്കി തൂക്കി ഓട്ടമാറ്റിക്കായി വരുന്ന ലേബലും ഒട്ടിച്ചുതന്നതാണ്.

ഞാന്‍ നേരെ സൂപ്പര്‍ മാര്‍ക്കറ്റിലേക്കു വിളിച്ചു. ക്ഷമയോടെ വിവരങ്ങള്‍ കേട്ട ജീവനക്കാരൻ ബില്‍ നമ്പറും പ്രിവിലേജ് കാര്‍ഡ് നമ്പരും ചോദിച്ചശേഷം ഈടാക്കിയ അധിക വില ഇനി വരുമ്പോള്‍ തിരികെ തരാമെന്നു പറഞ്ഞു. അതൊക്കെ ശരി, പക്ഷേ ഈ തിരിമറി എങ്ങനെ നടന്നുവെന്നായിരുന്നു എന്റെ ചോദ്യം.

ഓട്ടമേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും

അപ്പോഴാണ് ഓട്ടമേഷന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ചുരുള്‍ നിവര്‍ന്നത്. മെഷീനില്‍ തൂക്കുമ്പോള്‍ വില സൂചിപ്പിക്കുന്ന ബാര്‍ക്കോഡ് ലേബല്‍ ഓട്ടമാറ്റിക്കായി വരും. പക്ഷേ, ഏതു സാധനമാണ് തൂക്കുന്നതെന്നു മെഷീന് അറിയില്ല. സാധനത്തിന്റെ കോഡ് മാന്വലായി അടിച്ചുകൊടുക്കണം. അപ്പോൾ കോഡ് മാറിയാല്‍ വിലയും മാറും. ഇവിടെ സെയിൽസ്മാന് കോഡ് മാറിയതാണ്. 

എത്ര വലിയ ഓട്ടമേറ്റഡ് ആയാലും കീശ ചോരാതിരിക്കണമെങ്കില്‍ ബിൽ കൂടി പരിശോധിക്കണമെന്ന പാഠം പഠിച്ച ഞാന്‍ അമ്മയെയും മകളെയും നന്ദിയോടെ നോക്കി.

ലേഖകൻ പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനുമാണ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com