ADVERTISEMENT

നിങ്ങളുടെ ഫോൺ ഉടൻ ബ്ലോക്ക് ചെയ്യും’ എന്നൊരു എസ്എംഎസ് സന്ദേശത്തിലൂടെയായിരുന്നു തുടക്കം. ഉപയോക്താവിന്റെ വിവരങ്ങൾ (കെവൈസി) ചോദിച്ച് മൊബൈൽ സർവീസ് പ്രൊവൈഡറുടെ സന്ദേശമെന്ന മട്ടിലായിരുന്നു അത്. സന്ദേശം ലഭിച്ച എഴുപതുകാരൻ പരിഭ്രാന്തനായി തിരിച്ചു മെസേജ് അയച്ചു– ‘എന്തു ചെയ്യണം ഞാൻ?’ ഉടൻ ഫോണിലേക്ക് വിളി വന്നു. സൗമ്യമായ സംസാരം. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോദിച്ചറിഞ്ഞു. പാസ്‌വേഡും ഒടിപിയും എല്ലാം തത്ത പറയും പോലെ പറഞ്ഞുകൊടുത്തു. അക്കൗണ്ടിലുണ്ടായിരുന്ന 40,000 രൂപ നഷ്ടപ്പെട്ടത് നിമിഷങ്ങൾക്കുള്ളിലാണ്. 

മുതിർന്നവര്‍ ഇരകൾ

60 വയസ്സു കഴിഞ്ഞവരെയാണ് ഇത്തരം തട്ടിപ്പുകാർ ഉന്നമിടുന്നത്. കാരണം അവരെ കൂടുതൽ എളുപ്പത്തിൽ പറ്റിക്കാമെന്നതു തന്നെ. ശാന്തമായി സംസാരിച്ചു തുടങ്ങും, വിശ്വാസമാർജിച്ചു കഴിഞ്ഞാൽ ഭീഷണിയിലേക്ക് സ്വരം മാറും. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സംഭവിക്കാവുന്ന കാര്യങ്ങൾ പറഞ്ഞാവും ഭീഷണി. ബാങ്കിൽ നിന്നാണെന്നു പറഞ്ഞും ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ നിന്നാണെന്നു പറഞ്ഞുമൊക്കെ ഇത്തരം വിളികൾ വരും. ബാങ്കിൽ നിന്നാണെന്നു പറഞ്ഞ് അറുപത്തിരണ്ടുകാരിയെ വിളിച്ച് 88,000 രൂപ കവർന്ന സംഭവം അടുത്തയിടെ നടന്നിരുന്നു. അവർക്ക് ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നു. അതിലെ റിവാർഡ് പോയിന്റ് റെഡീം ചെയ്യാൻ സഹായിക്കാം എന്നു പറഞ്ഞാണ് വിളിച്ചത്. പണം പോയതു മിച്ചം. 

ലക്ഷ്യം പെൻഷൻ പണം

പലപ്പോഴും പെൻഷൻ തുകയിൽ നിന്നു മിച്ചം പിടിച്ചു വച്ചിരിക്കുന്ന പണമാണ് ഇങ്ങനെ നഷ്ടമാകുന്നത്. ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം ഇങ്ങനെ നഷ്ടമായവരുമുണ്ട്. 

ഇന്റർനെറ്റിൽ കാണുന്ന ഹെൽപ്‌ലൈൻ നമ്പറുകളെയെല്ലാം കണ്ണുംപൂട്ടി വിശ്വസിക്കരുത്. അവിടെയും ചതിക്കുഴികളുണ്ട്. ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കാമെന്നു പറഞ്ഞു വിവരങ്ങൾ ചോർത്തുന്ന വ്യാജന്മാരുമുണ്ട്. ഓൺലൈൻ മാർക്കറ്റ് പ്ലേസിൽ വിൽപനക്കാരുടെ വേഷം കെട്ടി തട്ടിപ്പുകാർ ചിലപ്പോൾ എത്താറുണ്ട്. വില കുറച്ചു പറഞ്ഞ് ആളെ ആകർഷിക്കുന്ന തന്ത്രം പയറ്റും. താൽപര്യം പ്രകടിപ്പിച്ചാൽ ഫോണിലേക്കു വിളി വരും. വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കും. പണമടയ്ക്കാൻ അയച്ചുതരുന്ന ക്യുആർ കോഡിലും ചിലപ്പോൾ അപകടം ഒളിഞ്ഞിരിക്കും. ഒന്നും കണ്ണുംപൂട്ടി വിശ്വസിക്കരുതെന്നു സാരം. 

പാസ്‌വേഡ് ഓർക്കുകയെന്നത് മുതിർന്ന പൗരന്മാർക്ക് പലപ്പോഴും ബുദ്ധിമുട്ടാണ്. അത് എവിടെയെങ്കിലും എഴുതിയിടുന്ന പതിവ് പലർക്കുമുണ്ട്. ഇത് സുരക്ഷിതത്വം ഇല്ലാതാക്കുന്നു. 

ബാങ്ക് അധികൃതർ, മൊബൈൽ സർവീസ് പ്രൊവൈഡർമാർ എന്നിവരൊന്നും ഒരിക്കലും പാസ്‌വേഡ് ചോദിച്ചു വിളിക്കില്ല. 

മുതിർന്ന പൗരന്മാരെ കൂടുതലായി സാങ്കേതികവിദ്യയുടെ ലോകത്തേക്കു കൈപിടിച്ചു കൊണ്ടുവരേണ്ട ചുമതല ചെറുപ്പക്കാർക്കുണ്ട്. ചെറിയ രീതിയിൽ പുതുസാങ്കേതികവിദ്യയുടെ ഉപയോഗം പറഞ്ഞുകൊടുക്കാം. സാങ്കേതികവിദ്യ സുരക്ഷിതമായി ഉപയോഗിക്കാനാകണം പഠിപ്പിക്കേണ്ടത്. പുതിയ കാര്യങ്ങൾ പഠിച്ചു കഴിയുമ്പോൾ അവരുടെ മുഖത്തു ചിരി വിടരും–ആത്മവിശ്വാസത്തിന്റെ ചിരി.

English Summary : Beware of Financial Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com