ഓരോ ബാങ്കും പലതരം കാർഡുകൾ ലഭ്യമാക്കുന്നുണ്ട്. നിങ്ങളുടെ സാഹചര്യവും ജീവിതരീതിയും അനുസരിച്ച് അനുയോജ്യമായ കാർഡ് തിരഞ്ഞെടുത്താൽ പലവിധ നേട്ടങ്ങൾ ഉറപ്പാക്കാനാവും.
സാധനങ്ങളും, സേവനങ്ങളും വാങ്ങാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നമുക്ക് പണം തിരിച്ചുകിട്ടുന്നതാണ് കാഷ് ബാക് (റീഫണ്ട്) കാർഡുകളുടെ പ്രത്യേകത. പണമായി മാത്രമല്ല, ഓഫറുകളായും, റിവാർഡ് പോയിന്റുകളായും നേട്ടമുണ്ടാക്കാം.
എങ്ങനെ ഉറപ്പാക്കാം?
ബാങ്കിന്റെ മൊബൈൽ ആപ്പിൽ ലോഗിൻ ചെയ്ത് ഓഫർ എന്നതിൽ പോയാൽ ‘കാഷ് ബാക്’ എന്ന് കാണാം. അതിൽ വിവിധ കമ്പനികൾ നൽകുന്ന കാഷ് ബാക്കുകൾ ഉണ്ടാകും. ഏതു വേണമെന്നു തിരഞ്ഞെടുത്ത് 'ആക്ടിവേറ്റ് കാഷ് ബാക്' എന്നതിൽ ക്ലിക് ചെയ്യുകയാണ് വേണ്ടത്. പരിധിക്കുള്ളിൽനിന്നു ചെലവഴിക്കുകയും, നിശ്ചിത ദിവസത്തിനുള്ളിൽ പണം അടയ്ക്കുകയും ചെയ്‌താൽ ക്രെഡിറ്റ് കാർഡ് പലിശ ഇല്ലാത്ത വായ്പദാതാവായി ഉപയോഗിക്കാം. ഒപ്പം കാഷ് ബാക് വഴിയുള്ള ആനുകൂല്യങ്ങൾ കൂടിയെടുത്താൽ മികച്ച നേട്ടം ഉറപ്പാക്കാനുമാകും.
കാർഡ് പലതരം: ഓഫറുകളും വ്യത്യസ്തം
അച്ചടക്കത്തോടെ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡുകൾ ഗുണകരമാണ്. നല്ല ആനുകൂല്യങ്ങൾ നേടിയെടുക്കാനുമാകും. എന്തിനാണ് കൂടുതൽ പണം ചെലവിടുന്നത്,അതിനു യോജിക്കുന്ന ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതാണു നല്ലത്. ഇന്ധന കാർഡ്, സ്ത്രീകൾക്കുള്ള കാർഡ്, യാത്രയ്ക്കുള്ള കാർഡ്, കാഷ് ബാക് കാർഡുകൾ, ബിസിനസ് കാർഡ്, വിനോദ കാർഡുകൾ എന്നിങ്ങനെ പലതരം ക്രെഡിറ്റ് കാർഡുകളുണ്ട്. വർഷം രണ്ടര ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഇന്നുണ്ട്. കൃത്യമായി പണം അടച്ചുപോയാൽ ബാങ്ക് അക്കൗണ്ടിലെ പണം തൊടാതെ തന്നെ ക്രെഡിറ്റ് കാർഡുകളിലൂടെ നമ്മുടെ ആവശ്യങ്ങളെല്ലാം ബുദ്ധിപരമായി നടത്തികൊണ്ടുപോകാം.
English Summary : Know More About Cash back Of fer of Credit Cards