ADVERTISEMENT

ഇന്ന് നാല് ക്രെഡിറ്റ് കാർഡ് എങ്കിലും ഇല്ലാത്തവർ കുറവാണ്. പണ്ട് വായ്പ ലഭിച്ചാൽ സുഹൃത്തുക്കൾക്ക് ചെലവ് ചെയ്യുന്ന പതിവ് പോലുമുണ്ടായിരുന്നു. കാരണം വായ്പ കിട്ടാൻ അത്ര ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇന്ന് വാട്സാപ്പിലൂടെ പോലും എളുപ്പത്തിൽ വായ്പ ലഭിക്കും. ക്രെഡിറ്റ് കാർഡുകളും, ബൈ നൗ പേ ലേറ്റർ പദ്ധതികളും, ഒരു ദിവസത്തിനുള്ളിൽ തന്നെ ലഭിക്കുന്ന വായ്പകളും, ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങളുടെ ആകർഷക പദ്ധതികളും എല്ലാം ചേർന്ന് ഇന്ത്യയിൽ ഇപ്പോൾ ഒരു വായ്പ വസന്തകാലമാണ്. അത് നിലനിൽക്കുന്നതാണോ അല്ലെങ്കിൽ സാമ്പത്തിക കുമിളയായി പൊട്ടുമോയെന്നു ചോദിച്ചാൽ പല മേഖലകളിലും പല രാജ്യങ്ങളിലും അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. 

വായ്പകൾ 

ഈട് കൊടുത്താൽ മാത്രം ലഭിക്കുന്ന വായ്പയും, ഈടില്ലാത്ത വായ്പയും ഉണ്ട്. ഈടുള്ള വായ്പക്ക് ഈടില്ലാത്ത വായ്പയെ അപേക്ഷിച്ച് പലിശ നിരക്ക് കുറവാണ്. ഭവന വായ്പകളും, സ്വർണ വായ്പകളും, ഇൻഷുറൻസ് പോളിസികളിന്മേൽ ഉള്ള വായ്പകളും, വസ്തുവിന്മേൽ ഉള്ള വായ്പകളും, മ്യൂച്ചൽ ഫണ്ടുകൾക്കും, ഓഹരികൾക്കും ലഭിക്കുന്ന വായ്പകളും, സ്ഥിരനിക്ഷേപത്തിൽ നിന്നെടുക്കാവുന്ന വായ്പകളും  അത്തരത്തിലുള്ളതാണ്.

വാഹന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, ഫ്ലെക്സി വായ്പകൾ, ഹ്രസ്വകാല ബിസിനസ് വായ്പകൾ, വ്യക്തിഗത വായ്പകൾ എന്നിവക്ക് ഈട് ഇല്ലാതെയും ലഭിക്കും. ഇത്തരം വായ്പകൾക്ക് ക്രെഡിറ്റ് സ്കോറിനനുസരിച്ച് പലിശ നിരക്കുകൾ വ്യത്യാസപ്പെടും. 

വായ്പയെടുക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ കൂടി പരിഗണിക്കൂ 

shutterstock_1076345714 [Converted]

പണമുണ്ടാക്കാൻ പണം വേണമെങ്കിൽ എല്ലാം വായ്പകളും നല്ലതാണോ? വരുമാനം ഉണ്ടാക്കുന്ന തരത്തിലുള്ള കടമെടുപ്പ് നല്ലതാണ് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അതായത് നല്ല കടവും ചീത്ത കടവും ഉണ്ടെന്നർത്ഥം. കടമെടുത്താൽ അതുകൊണ്ടു ഉപകാരപ്രദമായ രീതിയിൽ ആദായം ഉണ്ടാക്കാൻ സാധിക്കുന്നതാണെങ്കിൽ ആ കടം നല്ലതാണെന്നു പറയാം. ഉദാഹരണത്തിന് ഒരു ഓഫീസ് കെട്ടിടം വാടകക്ക് കൊടുക്കുവാൻ പണിയുകയാണെങ്കിൽ എല്ലാ മാസവും അതിൽനിന്നും വരുമാനം കിട്ടികൊണ്ടിരിക്കും. ആ പണം കൊണ്ട് തന്നെ വായ്പയും അടച്ചു തീർക്കാം. എന്നാൽ സ്വന്തമായി താമസിക്കുവാൻ വലിയ പലിശക്ക് വായ്പയെടുത്തു ആഡംബര വീട് വെക്കുമ്പോൾ, അതിന്റെ കടം തീർക്കുവാൻ ഒരു സാധാരണക്കാരൻ കൂടുതൽ വർഷങ്ങൾ അധ്വാനിക്കേണ്ടതായി വരും.

ക്രെഡിറ്റ് കാർഡ് കടം അല്ലെങ്കിൽ ഉയർന്ന പലിശ

സാമ്പത്തിക സ്ഥിതി കൂടുതൽ മോശമാക്കുന്നവയാണ് ക്രെഡിറ്റ് കാർഡുകൾ. എന്നാൽ കൃത്യമായി സമയ പരിധിക്കുള്ളിൽ നിന്ന് തന്നെ അടച്ചുപോകുകയാണെങ്കിൽ ക്രെഡിറ്റ് കാർഡ് നല്ലതാണ്. പലിശ നിരക്കുകൾ ഉയരുന്നതിനാൽ പലരും ക്രെഡിറ്റ് കാർഡുകളെ  ഇപ്പോൾ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഹ്രസ്വ കാലത്തേക്ക് എടുക്കുന്ന ക്രെഡിറ്റ് കാർഡ് വായ്പകൾ ബാധ്യതയാകാതെ നോക്കണം.

loan-2-

ടാക്സി ഓടിക്കുന്നതിനായി വാഹന വായ്പയെടുത്താലും അതിന്റെ തിരിച്ചടവ് വരുമാനത്തിൽ നിന്നായാൽ അത് നല്ല വായ്പയാണ്. അതുപോലെ വിദ്യാഭ്യാസ വായ്പ എടുത്തത് പഠിച്ചിറങ്ങുമ്പോൾ ജോലി നേടി തിരിച്ചടക്കാനായാൽ നല്ലതാണ്. ചുരുക്കി പറഞ്ഞാൽ,  ആസ്തികൾ സൃഷ്ടിക്കാൻ എടുക്കുന്ന കടം കുറഞ്ഞ പലിശക്ക് ലഭിക്കുന്നതാണെങ്കിൽ, അത് ആദായം നല്കികൊണ്ടിരിക്കുന്നതാണെങ്കിൽ അത്തരം വായ്പകൾ നല്ലതാണ്. ആദായം നൽകാത്തതും, ബാധ്യതയാകുന്നതുമായ വായ്പകൾ മോശമാണ്. എന്തുവായ്പയെടുക്കുന്നതിനു മുൻപും അത് തിരിച്ചടക്കാൻ പറ്റുന്ന തരത്തിലുള്ളതാണോ നമ്മുടെ സാമ്പത്തിക സ്ഥിതി എന്ന് കൃത്യമായി സ്വയം വിശകലനം ചെയ്യുകകൂടി വേണം. 

ചുരുക്കി പറഞ്ഞാൽ, നല്ല വായ്പകളും, ചീത്ത വായ്പകളും ഉണ്ട്. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ അനുസരിച്ച് അത് വ്യത്യസ്തമായിരിക്കും.  വായ്പകൾ എടുക്കുമ്പോൾ അത് വരുമാനമുണ്ടാക്കുന്ന രീതിയിലുള്ളതാണെങ്കിൽ അതിനെ നല്ല വായ്പകളുടെ ഗണത്തിൽപെടുത്താം, അത് എടുക്കുന്നതിൽ കുഴപ്പമില്ല.എന്നാൽ നിങ്ങളെടുക്കുന്ന വായ്പ വീണ്ടും വീണ്ടും നിങ്ങളുടെ പോക്കറ്റ് ചോർത്തികൊണ്ടിരിക്കുന്ന തരത്തിലുള്ളതാണെങ്കിൽ ( ചെലവുകൾ കൂട്ടുന്നതാണെങ്കിൽ) അത്തരം വായ്പകൾ പതിയെ നമ്മുടെ വരുമാനം ചോർന്നു പോകാൻ ഇടയാക്കും. അതിനാൽ, നമ്മുടെ ആവശ്യവും, അത്യാവശ്യവും നോക്കിക്കണ്ടു വിലയിരുത്തി മാത്രം വായ്പകൾ എടുക്കുക.

English Summary : Take Loan very Cautiosly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com