ADVERTISEMENT

സിംബാബ്‌വേയിലെ കുതിച്ചുയരുന്ന പണപ്പെരുപ്പം തടയാനായി സെൻട്രൽ ബാങ്ക് സ്വർണ നാണയങ്ങൾ പുറത്തിറക്കി. ഇപ്പോഴവിടത്തെ വാർഷിക പണപ്പെരുപ്പ നിരക്ക് 190% ന് മുകളിലാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ കണക്കനുസരിച്ച്, 2020 ജൂലൈയിൽ സിംബാബ്‌വെയിലെ പണപ്പെരുപ്പം 837% എത്തിയിരുന്നു. കർശനമായ ധനനയം മൂലം പണപ്പെരുപ്പം കുറക്കാൻ സാധിച്ചെങ്കിലും അത് ഉയർന്നു തന്നെ തുടരുകയാണ്. പ്രതിസന്ധിയുടെ ഏറ്റവും മോശമായ സമയത്ത് സർക്കാർ ഔദ്യോഗിക പണപ്പെരുപ്പ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയിരുന്നു. നാല് പതിറ്റാണ്ടോളം ഭരിച്ച, അന്തരിച്ച റോബർട്ട് മുഗാബെയുടെ കീഴിലുള്ള സാമ്പത്തിക അരാജകത്വമാണ് സിംബാബ്‌വെയെ ഇന്നത്തെ ഈ അവസ്ഥയിലെത്തിച്ചത്. 

അമിത പണപ്പെരുപ്പം മൂലം 2009 മുതൽ വിദേശ കറൻസികൾ സിംബാബ്‌വെയിൽ ഉപയോഗിക്കുന്നുണ്ടായിരുന്നു. പ്രധാനമായും യുഎസ് ഡോളർ തന്നെയാണ് ഉപയോഗിക്കുന്നത്. 

സ്വർണ നാണയത്തിന്റെ പ്രത്യേകതകൾ 

സിംബാബ്‌വെയ്ക്കും സാംബിയയ്ക്കും ഇടയിലുള്ള  വിക്ടോറിയ വെള്ളച്ചാട്ടത്തെ സൂചിപ്പിക്കുന്ന  "മോസി-ഓ-തുന്യ" എന്നാണ് പുതിയ സ്വർണ നാണയത്തിന്റെ പേര്. ഈ സ്വർണ നാണയങ്ങൾക്ക് "ദ്രാവക ആസ്തി നില" ഉണ്ടായിരിക്കും, അതായത് അവ പണമാക്കി മാറ്റാനും പ്രാദേശിക, രാജ്യാന്തര വ്യാപാരത്തിന് ഉപയോഗിക്കാനാകുമെന്ന് സിംബാബ്‌വെ റിസർവ് ബാങ്ക് അറിയിച്ചു.

നാണയങ്ങൾ കുറഞ്ഞത് 180 ദിവസമെങ്കിലും കൈവശം വച്ചതിന് ശേഷം മാത്രമേ ആളുകൾക്ക് പണമായി വിൽക്കാൻ കഴിയൂ. ദീർഘകാലമായി പണപ്പെരുപ്പത്തിന്റെ പ്രശ്നങ്ങൾ നേരിടുന്ന സിംബാബ്‌വെയിൽ  ഈ സ്വർണ നാണയങ്ങൾ വൻതോതിൽ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ,  ജനസംഖ്യയുടെ മൂന്നിലൊന്ന് ഭക്ഷ്യ അരക്ഷിതാവസ്ഥയുള്ള രാജ്യത്തെ ദരിദ്രരായ  ആളുകൾക്ക് സ്വർണ നാണയത്തിന്റെ  വില താങ്ങാനാകില്ല. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക്, ഇതിൽ നിന്ന് നേരിട്ട് വളരെയധികം പ്രയോജനം ലഭിക്കില്ല എന്നും സാമ്പത്തിക വിദഗ്ധർ കരുതുന്നു.

goldnew8

പുതിയ നാണയങ്ങൾ സ്വർണക്കടത്ത് വർധിക്കാൻ ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സിംബാബ്‌വെയിൽ വലിയ സ്വർണ നിക്ഷേപമുണ്ട്, ലോഹം കയറ്റുമതി ചെയ്യുന്നത് അതിന്റെ പ്രധാന വിദേശ കറൻസി വരുമാനങ്ങളിലൊന്നാണ്. എന്നാൽ കള്ളക്കടത്ത് വ്യാപകമാണ്, കാരണം രാജ്യത്ത് ഖനനം ചെയ്യുന്ന എല്ലാ സ്വർണവും നിയമപരമായി സെൻട്രൽ ബാങ്കിന് വിൽക്കണമെന്നാണ് നിയമം. എന്നാൽ പലരും  അത് വിദേശത്തേക്ക് കടത്തി അമേരിക്കൻ ഡോളറിൽ പണമാക്കുകയാണ് ചെയ്യുന്നത്.  സെൻട്രൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഫിഡിലിറ്റി പ്രിന്റേഴ്‌സ് ആണ് രാജ്യത്തെ ഏക അംഗീകൃത സ്വർണം വാങ്ങുന്ന സ്ഥാപനം. ഇതിനെ വെട്ടിച്ചാണ് രാജ്യത്തു നിന്നും സ്വർണം കടത്തുന്നത്. പണപ്പെരുപ്പം കൊണ്ട് ജീവിക്കാനാകാതെ പൊറുതിമുട്ടുന്ന ജനത്തിന് പുതിയ സ്വർണ നാണയം  അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഉറപ്പാക്കുമോയെന്നു കാത്തിരുന്നു കാണാം.

English Summary : Zimbabwe Introduced Gold Coin to Fight Against Inflation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com