ADVERTISEMENT

വിദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് ആ രാജ്യത്തെ കറൻസി എവിടെനിന്ന്, എങ്ങനെ, എപ്പോൾ വാങ്ങുന്നതാണ് നല്ലത് എന്ന സംശയം പലർക്കുമുണ്ടാകാം. എന്നാൽ ഇപ്പോൾ ഫോറെക്സ് കാർഡ് ഉണ്ടെങ്കിൽ ആ രാജ്യത്തെ കറൻസി തന്നെ ഇന്ത്യയിൽ നിന്നും  ഫോറെക്സ് കാർഡുകളിൽ നിറച്ച്, സന്ദർശനം  നടത്തുന്ന വിദേശ രാജ്യത്ത് ഉപയോഗിക്കാം.അതല്ലെങ്കിൽ ഡോളറോ, യൂറോയോ, പൗണ്ടോ പോലുള്ള കറൻസികൾ ഫോറെക്സ് കാർഡിൽ  നിറച്ച്  സന്ദർശനം നടത്തുന്ന രാജ്യത്തെ പ്രാദേശിക കറൻസിയായും ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട്.  പ്രീപെയ്ഡ് ഫോറെക്സ്  കാർഡുകൾ ഉപയോഗിച്ചാൽ പല മെച്ചങ്ങളുമുണ്ട്.

എന്താണ് ഫോറെക്സ് കാർഡ്?

ഫോറെക്സ് കാർഡുകൾ 'പ്രീപെയ്ഡ് ട്രാവൽ' കാർഡുകളാണ്. രാജ്യാന്തര യാത്ര ചെയ്യുന്നവർക്ക് ഇത് വളരെയധികം ഉപയോഗപ്രദമാണ്.  മിക്ക രാജ്യങ്ങളിലും ഇതിന്  അംഗീകാരവുമുണ്ട്. ഇന്ത്യയിലെ മിക്കവാറും വലിയ ബാങ്കുകളിലും, മറ്റ് സാമ്പത്തിക സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിലും  ഫോറെക്സ് കാർഡ് ലഭ്യമാണ്. എവിടെനിന്നും  ഓൺലൈനായി ഫോറെക്സ് കാർഡ് തിരഞ്ഞെടുക്കാം. വിദേശ രാജ്യം സന്ദർശിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്കും, ആ രാജ്യത്തെ ഏത് എടിഎമ്മിൽ നിന്നും ആവശ്യമായ തുക (പ്രാദേശിക  കറൻസി) പിൻവലിക്കാനും ഫോറെക്സ്  കാർഡ് ഉപയോഗിക്കാം.

മെച്ചങ്ങൾ 

∙ക്രോസ്-കറൻസി ചാർജുകളോ ഇടപാട് ഫീസോ ആകില്ല എന്നതാണ് ഫോറെക്സ് കാർഡിന്റെ ഏറ്റവും വലിയ മെച്ചം. 

∙കാർഡ് ഒരു പ്രാവിശ്യം  ലോഡ് ചെയ്‌താൽ വിനിമയ നിരക്ക് മാറില്ല. ഫോറെക്‌സ് കാർഡ് ലോഡു ചെയ്യുന്ന നിമിഷം തന്നെ  വിദേശ വിനിമയ പരിവർത്തന നിരക്ക് ലോക്ക് ചെയ്യുന്നു.

∙ഒന്നോ അതിലധികമോ കറൻസികൾ ഉപയോഗിച്ച് കാർഡ് പ്രീ-ലോഡ് ചെയ്യാം. 22  കറൻസികൾ വരെ ഒരേ സമയം ലോഡ് ചെയ്യാവുന്ന കാർഡുകൾ ഉണ്ട്. കാർഡിലില്ലാത്ത കറൻസി ആണെങ്കിൽ പോലും ഒരു ചെറിയ തുക കൊടുത്താൽ നമുക്കാവശ്യമുള്ള കറൻസി കാർഡിൽ ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഇന്ത്യയിലെ ചില ബാങ്കുകൾ ചെയ്തു തരുന്നുണ്ട്.

∙വളരെ നാമമാത്രമായ 'വിദേശ കറൻസി മാർക്ക് അപ്പ് ഫീസ്' (വിദേശ കറൻസി ഇടപാടുകൾക്കുള്ള നിരക്കുകൾ) ആണ് ഇതിനു ഈടാക്കുന്നത്. 

∙ഒരു ഫോറെക്സ് കാർഡ് ഉപയോഗിച്ച്‌ , ചെലവ് പരിധി മുൻകൂട്ടി നിശ്ചയിക്കാം. അതിനാൽ ഈ കാർഡുകൾ മറ്റേതൊരു  കാർഡുകളേക്കാളും വളരെ ലാഭകരമാണ്. 

∙ആവശ്യമെങ്കിൽ നിങ്ങളുടെ ഫോറെക്സ് കാർഡ് റീഫിൽ ചെയ്യാനും കഴിയും

∙മിക്ക രാജ്യങ്ങളിലും ഫോറെക്സ് കാർഡുകൾക്ക് അംഗീകാരമുണ്ട്. 

∙കൂടുതൽ പണം കൈയ്യിൽ കരുതുന്നതിന്റെ  പ്രശ്നങ്ങൾ ഒഴിവാക്കാം.

∙യാത്രക്ക് ശേഷം തിരിച്ചു വന്നു ബാക്കിയുള്ള കറൻസി ഫോറെക്സ് കാർഡിൽ നിന്നും തിരിച്ച് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. 

∙ഫോറെക്സ് കാർഡിന് 5 വർഷം വരെ കാലാവധി ഉണ്ടാകും.

∙ഡെബിറ്റ്  അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകളിൽ നിന്നും വ്യത്യസ്തമായി, ഫോറെക്സ് കാർഡുകൾക്ക് ഇടപാട് നിരക്കുകൾ കുറവാണ്. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഓരോ രാജ്യാന്തര ഇടപാടുകൾക്കും(ഫോറിൻ കറൻസി കോൺവെർഷൻ ഫീ) മൂന്നു  മുതൽ മൂന്നര ശതമാനം വരെ കമ്മീഷൻ ഈടാക്കുമ്പോൾ ഫോറെക്സ് കാർഡിന് അത് നാമ മാത്രമാണ്.

travel-couple

ഇൻഷുറൻസ് ആനുകൂല്യങ്ങൾ 

ഫോറെക്‌സ് കാർഡുകൾ നൽകുന്ന പല ബാങ്കുകളും  ഇൻഷുറൻസ് നൽകുന്നുണ്ട്.  കാർഡുകൾ മോഷണം പോകുന്നതുപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ കാർഡ് ഉടമയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്. രാജ്യാന്തര യാത്രാ ഇൻഷുറൻസ് പ്ലാനുകളുമായി ബന്ധപ്പെട്ട ചില ആനുകൂല്യങ്ങളും ഇവയിൽ  ഉണ്ട്. ഫോറെക്‌സ് കാർഡുകൾക്കൊപ്പം പതിവായി നൽകുന്ന  ചില ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഇവയാണ്:

∙കാർഡ് മോഷണത്തിനെതിരെയുള്ള കവറേജ്

∙വിമാനാപകട മരണം പോലെയുള്ള അപകട മരണത്തിനുള്ള കവർ

∙കാർഡ് നഷ്‌ടപ്പെടാതിരിക്കാനുള്ള കവർ

∙വ്യക്തിഗത രേഖകൾ നഷ്‌ടപ്പെടുന്നതിനെതിരെ പരിരക്ഷ

∙ലഗേജ് കാലതാമസത്തിനെതിരെയുള്ളത് 

∙ഫ്ലൈറ്റ് ഹൈജാക്കിങിനെതിരെയുള്ളത് 

ഫോറെക്സ് കാർഡിന് ഇൻഷുറൻസ് ഉണ്ടെങ്കിലും  മെഡിക്കൽ ഇൻഷുറൻസ് അതിൽ പെടില്ല. അത് വേറെ തന്നെ എടുക്കേണ്ടി വരും . ആക്സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി, കൊട്ടക്, ആർ ബി എൽ തുടങ്ങിയ ബാങ്കുകൾ എല്ലാം തന്നെ ഫോറെക്സ് കാർഡുകൾ നൽകുന്നുണ്ട്. അതുപോലെ തോമസ് കുക്കും, ബുക്ക് മൈ ഫോറെക്സും, ഫോറെക്സ് കാർഡുകൾ നൽകുന്നു. വിനിമയ നിരക്കുകളും ഇടപാട് ഫീസുകളും താരതമ്യപ്പെടുത്തി ഉചിതമായതു തിരഞ്ഞെടുക്കുക. 

വിമാനത്താവളങ്ങളിൽ നിന്നും ഫോറെക്സ് കാർഡ് വാങ്ങുമ്പോൾ അതിനു കൂടുതൽ തുകയാകും. അതിനാൽ ഇന്ത്യയിൽ നിന്ന് തന്നെ ഫോറെക്സ് കാർഡ് കരുതുന്നതാണ് നല്ലത് . ഫോറെക്സ് കാർഡിന് അപേക്ഷിക്കുമ്പോൾ ഡിക്ലറേഷന് ഒപ്പം പാസ്പോർട്ട്,വിസ, ടിക്കറ്റ് എന്നിവ കൂടി കൊടുക്കണം. അതോടൊപ്പം ഏതു  വിദേശ കറൻസിയാണോ വേണ്ടത്, അതിനു തത്തുല്യമായ തുകയും ഇന്ത്യൻ രൂപയിൽ നൽകണം. പല രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ടെങ്കിൽ മൾട്ടി ഫോറെക്സ് കാർഡാണ് നല്ലത്. 

English Summary : Benefits of Using a Forex Card Durinh Foreign Travel

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com