എണ്ണ - ഗ്യാസ് വിലയും പണപ്പെരുപ്പവും കുറഞ്ഞേക്കും!
Mail This Article
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് വിതരണ കമ്പനിയായ ഗെയിൽ കൂടുതൽ ഗ്യാസ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നു. 2021 ൽ ഇറാഖിൽ നിന്നും സൗദി അറേബ്യയില്‍ നിന്നുമാണ് കൂടുതൽ ഗ്യാസ് ഇറക്കുമതി ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അസംസ്കൃത എണ്ണയും, ഗ്യാസും കുറഞ്ഞ വിലക്ക് റഷ്യയിൽ നിന്നും കൂടുതൽ വാങ്ങാനാണ് തീരുമാനം. യൂറോപ്പിന് അസംസ്കൃത എണ്ണയുടെയും ഗ്യാസിന്റെയും വിതരണം കുറച്ച് ഇന്ത്യയ്ക്കും, ചൈനയ്ക്കും കൂടുതൽ എണ്ണയും, ഗ്യാസും വിൽപ്പന നടത്തി ലാഭം നിലനിർത്താനാണ് റഷ്യ ശ്രമിക്കുന്നത്. ഗെയിൽ കൂടുതൽ ഗ്യാസ് റഷ്യയിൽ നിന്നും വാങ്ങുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കമ്പനി പ്രതികരിച്ചിട്ടില്ല. കുറഞ്ഞ വിലക്ക് ഗ്യാസും, അസംസ്കൃത എണ്ണയും ഇന്ത്യക്ക് ലഭിക്കുകയാണെങ്കിൽ അത് ആഭ്യന്തര വിലയും, പണപ്പെരുപ്പവും കുറക്കാൻ സഹായിക്കും. റഷ്യൻ ഭീമനായ ഗ്യാസ്‌പ്രോമുമായാണ് ഇന്ത്യ കരാറിൽ ഏർപ്പെടാൻ പോകുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഡോളറിൽ അല്ലെങ്കിൽ യൂറോയിൽ പേയ്‌മെന്റുകൾ വരാതെ പ്രാദേശിക കറൻസികൾ ഉപയോഗിക്കുവാനും യുദ്ധം തുടങ്ങിയ ശേഷം രാജ്യങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്. വില കുറഞ്ഞ രീതിയിൽ റഷ്യയിൽ നിന്നും ഗ്യാസും, അസംസ്കൃത എണ്ണയും ഇന്ത്യൻ രൂപയിൽ തന്നെ ഇടപാടുകൾ നടത്തി ലഭിക്കുകയാണെങ്കിൽ എല്ലാ രീതിയിലും അത് ഇന്ത്യയ്ക്ക് ഗുണകരമായിരിക്കും.
English Summary : India may Purchase Oil and Gas in less Price from Russia