ADVERTISEMENT

പാഴാക്കി കളയുന്ന മഴവെള്ളം സംഭരിക്കാനും കിട്ടും സർക്കാർ സബ്സിഡി. സംസ്ഥാനത്ത് നടപ്പിലാക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയിൽ മഴവെള്ള സംഭരണത്തിനുള്ള സർക്കാർ ധനസഹായം  ഉയർത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി നടപ്പാക്കുന്ന മുറയ്ക്ക് ഇതിലേക്ക് അപേക്ഷിക്കാം.

പുരപ്പുറത്തു വീഴുന്ന മഴവെള്ളം ശുദ്ധീകരിച്ച് കിണറുകളിലേക്ക് ഇറക്കുന്ന റീച്ചാർജിങ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള ധനസഹായം 15000 രൂപ വരെയായി ഉയർത്തി. ചരിഞ്ഞ മേൽക്കൂരയ്ക്കാണ് ഇത്രയും തുക ലഭിക്കുക. നിലവിൽ 8000 മുതൽ 8600 രൂപ വരെയാണ് സബ്സിഡി നൽകിയിരുന്നത്. പരന്ന മേൽക്കൂരയ്ക്ക് 12000 രൂപ വരെ ലഭിക്കും. നിലവിൽ കിണർ റീചാർജിങ് സംവിധാനം ഉള്ളവർക്ക് ആനുകൂല്യം ലഭിക്കില്ല. എന്നാൽ റീചാർജിങ് ഏർപ്പെടുത്തിയിരിക്കുന്ന വീടുകൾക്കും മറ്റും അരിപ്പ സംവിധാനം (ഫിൽറ്റർ യൂണിറ്റ്) മാറ്റുന്നതിന് ഓരോ വർഷവും 1500 രൂപ വീതം നൽകാനും അനുമതിയുണ്ട്.

മണ്ണൊലിപ്പ് തടയുന്നതിന് ഫല വൃക്ഷ തൈകൾക്കു പുറമെ രാമച്ചം, മുള, തഴക്കൈത തുടങ്ങിയവയുടെ തൈകളും നൽകാമെന്ന് തദ്ദേശവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.1000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ലൈസൻസ് ലഭിക്കാൻ മഴവെള്ള സംഭരണി നിർബന്ധമാണ്.

കൃഷി, മത്സ്യ ബന്ധനം, പൂകൃഷി, തുള്ളിനന, തേനീച്ച വളർത്തൽ, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കും സബ്സിഡി ലഭിക്കും. ഇത്തരം സംരംഭങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഗ്രാമസഭകളിലൂടെ ജനങ്ങൾക്ക് ആവശ്യപ്പെടാം. എങ്കിൽ പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതി തയ്യാറാക്കുമ്പോൾ സബ്സിഡി വിഭാഗത്തിൽ ഇവ ഉൾപ്പെടുത്തിയേക്കും. നിങ്ങളുടെ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ ഓഫീസുകളുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

English Summary : Know More about Rain Water Harvesting Subsidy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com