സാമൂഹ്യസുരക്ഷാ പെൻഷനുള്ള നിങ്ങളുടെ അർഹത നഷ്ടപ്പെടുമോ?

HIGHLIGHTS
  • വ്യക്തി ഉൾപ്പെട്ട കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും മൊത്തം വരുമാനമാണ് വരുമാന സർട്ടിഫിക്കറ്റിനായി പരിഗണിക്കുന്നത്
senior (7)
SHARE

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കളും പെൻഷൻ അർഹതാ പട്ടികയിൽ നിന്ന് പുറത്തായേക്കും. വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലായാൽ പെൻഷൻ ലഭിക്കില്ല. കാരണം ഒരു ലക്ഷം രൂപയിൽ താഴെ കുടുംബവരുമാനമുള്ളവർക്കു മാത്രമേ സാമൂഹ്യ സുരക്ഷാ പെൻഷനുകക്ക് അർഹതയുള്ളൂ.

അനർഹരെ ഒഴിവാക്കും

കൃത്യമായ പരിശോധനകൾക്കു ശേഷം മാത്രമേ വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കാവൂ എന്ന് റവന്യു വകുപ്പ് വില്ലേജ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ കൃത്യമായ പരിശോധനകൾക്കു ശേഷം മാത്രമേ വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കൂ. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അനർഹമായി പെൻഷൻ പറ്റുന്നവരെ ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമാണിത്. സർക്കാർ സഹായം ലഭിക്കുന്ന വിവിധ ക്ഷേമനിധി ബോർഡുകൾ, ദേവസ്വം ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വിരമിച്ച് പെൻഷൻ ലഭിക്കുന്നവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ നിന്ന് അടുത്തിടെ ഒഴിവാക്കിയിരുന്നു.

വരുമാന പരിധി വർദ്ധിപ്പിക്കണം

വർഷങ്ങൾക്കു മുമ്പു നിശ്ചയിച്ച അർഹതാ മാനദണ്ഡമാണ് ഒരു ലക്ഷം രൂപ എന്ന പരിധി. പിന്നീട് ശമ്പളവും കൂലിയും സാധനങ്ങളുടെ വിലയും പല മടങ്ങ് വർദ്ധിച്ചു. അതിന് ആനുപാതികമായി നിലവിലുള്ള അർഹതാ മാനദണ്ഡം പുതുക്കണമെന്നാണ്‌ ഗുണഭോക്താക്കളുടെ ആവശ്യം. വ്യക്തിയുടെ പേരിലാണ് വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കുന്നതെങ്കിലും  വ്യക്തി ഉൾപ്പെട്ട കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും മൊത്തം വരുമാനമാണ് വരുമാന സർട്ടിഫിക്കറ്റിനായി പരിഗണിക്കുന്നത്. കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തിന് പ്രതിമാസം 8500 രൂപ വരുമാനം ഉണ്ടായാൽപ്പോലും പ്രതിവർഷവരുമാനം ഒരു ലക്ഷം രൂപയിൽ കവിയും.

ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

∙2022 സെപ്റ്റംബർ 1 നു ശേഷം വാങ്ങിയ വരുമാന സർട്ടിഫിക്കറ്റാണ് പെൻഷൻ അനുവദിച്ച തദ്ദേശ സ്ഥാപനങ്ങളിൽ സമർപ്പിക്കേണ്ടത്. നേരത്തെ വാങ്ങി വച്ചത് സ്വീകാര്യമല്ല.

∙2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ടവർ മാത്രമേ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുള്ളൂ. അതിനു ശേഷമുള്ള ഗുണഭോക്താക്കൾ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല.

∙2023 ഫെബ്രുവരി 28 നുള്ളിൽ സർട്ടിഫിക്കറ്റ് നൽകണം. ഹാജരാക്കാത്തവരുടെ പെൻഷൻ തടയും. എങ്കിലും പിന്നീട് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെൻഷൻ പുനസ്ഥാപിക്കുമെങ്കിലും തടയപ്പെട്ട കാലത്തെ കുടിശ്ശിക പെൻഷൻ തുക ലഭിക്കില്ല.

English Summary : You may Lost Your Social Security Pension

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS