ADVERTISEMENT

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ നയത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ഭൂമിയും അളന്ന് തിട്ടപ്പെടുത്തി സമഗ്ര ഭൂരേഖ തയ്യാറാക്കാനുള്ള ഡിജിറ്റൽ റീസർവേക്ക് ഇന്നു തുടക്കം. 'എന്റെ ഭൂമി' എന്ന പേരു നൽകിയിട്ടുള്ള ഈ പദ്ധതി നാലു വർഷത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സാങ്കേതിക വിദ്യകളും നൂതന സർവേ ഉപകരണങ്ങളും ഉപയോഗിച്ചാണ് റീ സർവേ ആരംഭിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 200 വില്ലേജുകളാണ് സർവേ നടത്താനായി തിരഞ്ഞെടുത്തിട്ടുള്ളത്.ബാക്കിയുള്ള വില്ലേജുകളിൽ ഘട്ടം ഘട്ടമായി പൂർത്തിയാക്കും.

എന്താണ് ഗുണം ?

ഭൂഉടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ആധികാരിക രേഖ ഡിജിറ്റൽ സർവേയിലൂടെ കണ്ടെത്താനാകും. പദ്ധതി പൂർത്തിയാകുന്നതോടെ റവന്യു, സർവെ, റജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ  സേവനങ്ങൾ സംയോജിപ്പിച്ച് ഏകജാലക ഓൺലൈൻ സംവിധാനം പൊതുജനങ്ങൾക്കായി നടപ്പിലാക്കും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും ഇതോടെ സുതാര്യമാകും.

എന്റെ ഭൂമി പോർട്ടൽ

പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് എന്റെ ഭൂമി എന്ന ഓൺലൈൻ പോർട്ടൽ സർവേയും ഭൂരേഖയും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ റജിസ്റ്റർ ചെയ്ത് ഭൂഉടമകൾക്ക് രേഖകൾ പരിശോധിക്കാം. 

www.entebhoomi.kerala.gov.in എന്ന വെബ് സൈറ്റിലെ പോർട്ടലിൽ റജിസ്റ്റർ ചെയ്യുമ്പോൾ ലഭ്യമാകുന്ന യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് വിവരങ്ങൾ വില്ലേജ് രേഖകളിൽ റെലിസ് (ReLIS) ഡേറ്റയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾ ഉൾപ്പെട്ടിട്ടില്ലെങ്കിലോ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലോ അവകാശ രേഖകളുടെ പകർപ്പുകൾ സഹിതം അറിയിക്കാനുള്ള സംവിധാനവും പോർട്ടലിൽ ഉണ്ട്.

ഭൂമിയുടെ രേഖാചിത്രം തൽസമയം നൽകും

അത്യാധുനിക സർവേ ഉപകരണങ്ങളായ കോർസ് (കണ്ടിന്യൂസലി ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷൻ സ് ),  ആർടികെ റോവർ ( റിയൽ ടൈം കിനെമാറ്റിക്ക് റോവർ), റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും സർവേ. തുറസ്സായ സ്ഥലങ്ങളിൽ ഡ്രോണും ഉപയോഗിക്കും. ഈ ഉപകരണങ്ങളുടെ സഹായത്തോടെ സ്ഥലത്തിന്റെ വിസ്തീർണം കണക്കാക്കി ഭൂമിയുടെ രേഖാചിത്രം തൽസമയം ഭൂഉടമയ്ക്ക് നൽകും. പരാതികൾ ഉന്നയിക്കാനുള്ള സൗകര്യവും ഉണ്ട്.

സർവേസഭ ചേരും

സർവേയിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടി സംസ്ഥാനത്തെ എല്ലാ വാർഡുകളിലും സർവേ സഭ എന്ന പേരിൽ ഗ്രാമസഭകൾ ചേരും. ഡിജിറ്റൽ സർവേയുടെ പ്രാധാന്യവും പദ്ധതിയിൽ ജനങ്ങളുടെ പങ്കും വ്യക്തമാക്കുന്ന മാർഗരേഖ സർവേ സഭകളിൽ നൽകും. ആദ്യഘട്ട സർവേ സഭകൾ പൂർത്തിയായി.

ഭൂഉടമകൾ ചെയ്യേണ്ടത്

∙ഭൂഉടമകൾ എന്റെ ഭൂമി പോർട്ടൽ പരിശോധിച്ച് തങ്ങളുടെ വസ്തുവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.

∙വസ്തുതകളിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ അറിയിക്കണം.

∙രേഖകൾ പരിശോധനയ്ക്ക് നൽകണം.

∙സർവേക്ക് മുന്നോടിയായി അതിരുകൾ തെളിച്ച് അതിരടയാളങ്ങൾ സ്ഥാപിക്കണം.

∙ഡിജിറ്റൽ സർവേ ഭൂഉടമയുടെ സാന്നിദ്ധ്യത്തിൽ മാത്രമേ നടത്തൂ.

∙പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും.

English Summary : Digital Survey of Land will Start Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com