ADVERTISEMENT

ലോട്ടറി ടിക്കറ്റിന്മേലുള്ള തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു. ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പറിൽ തിരുത്തുവരുത്തിയാണ് ബഹുഭൂരിപക്ഷം തട്ടിപ്പും അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ നെന്മാറ സ്വദേശിയായ ലോട്ടറിവില്പനക്കാരൻ തട്ടിപ്പിന് ഇരയായിരുന്നു. ലോട്ടറി ടിക്കറ്റിലെ അവസാന നമ്പർ തിരുത്തിയായിരുന്നു തട്ടിപ്പ്. സമാനമായ സംഭവം ആലപ്പുഴ ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഫോട്ടോസ്റ്റാറ്റ് എടുത്തും തട്ടിപ്പ്

1000 രൂപ മുതൽ 5000 രൂപ വരെ സമ്മാനം ലഭിച്ച നമ്പറുകൾ തിരുത്തിയുള്ള തട്ടിപ്പ് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. ഭാഗ്യക്കുറി ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒന്നിലേറെ കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അംഗപരിമിതരും കാഴ്ച ശേഷി കുറഞ്ഞവരുമായ ലോട്ടറി കച്ചവടക്കാരാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത്.

ക്യുആർ കോഡ് സ്കാൻ ചെയ്ത് തട്ടിപ്പു കണ്ടെത്താം

5000 രൂപ വരെയുള്ള സമ്മാനങ്ങൾ വില്പനക്കാരിൽ നിന്നു തന്നെ ലഭിക്കും. ഇതു മുതലാക്കിയാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമാകുന്നത്. ലോട്ടറി ഏജന്റുമാർക്ക് ഭാഗ്യക്കുറി ടിക്കറ്റിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് കള്ളത്തരങ്ങൾ കണ്ടെത്താനാകും. എന്നാൽ നടന്ന് കച്ചവടം ചെയ്യുന്ന പാവപ്പെട്ട ലോട്ടറിവില്പനക്കാർക്ക് ഇതിനു കഴിയാറില്ല. ഇതും ഇത്തരം തട്ടിപ്പുകാർക്ക് തുണയാകുന്നു.

മിന്നൽ ലോട്ടറി വന്നേക്കും

നമ്പർ തിരുത്തിയും ഫോട്ടോസ്റ്റാറ്റ് എടുത്തുമുള്ള തട്ടിപ്പുകൾ തടയാൻ തിളക്കമുള്ള ലോട്ടറി ടിക്കറ്റ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഭാഗ്യക്കുറി വകുപ്പ്. ഫ്ലൂറസന്റ് അച്ചടി മഷി ഉപയോഗിച്ച് അച്ചടിക്കുന്ന ടിക്കറ്റുകളുടെ നമ്പർ തിരുത്തിയാൽ പെട്ടെന്ന് കണ്ടു പിടിക്കാനാകും. ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്താൽ തിളക്കവും ഉണ്ടാകില്ല. ഇതുൾപ്പെടെ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി ലോട്ടറി ടിക്കറ്റ് പുറത്തിറക്കുന്ന കാര്യം ഭാഗ്യക്കുറി വകുപ്പിന്റെ സജീവ പരിഗണനയിലാണ്. തട്ടിപ്പുകാരെ കുടുക്കാനുള്ള കെണിയുമായി മിന്നൽ ലോട്ടറി ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി കച്ചവടക്കാരും ഭാഗ്യാന്വേഷികളും.

English Summary : Kerala Government Taking Steps to Prevent Fraud in Lottery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com