കാൽപ്പന്തുകളിയുടെ ആവേശം വാഹനങ്ങളിലേക്കും; ഇനി ഇഷ്ട ടീമിന്റെ നിറത്തിൽ ചെത്തിനടക്കാം

HIGHLIGHTS
  • ഇഷ്ടതാരത്തിന്റെ സ്റ്റിക്കർ ഒട്ടിച്ച് ലോകകപ്പ് ആവേശമാകാം
FBL-WC-2022-TRAINING-GER
(Photo by INA FASSBENDER / AFP)
SHARE

ഖത്തറിൽ ലോകത്തിന്റെ ഹൃദയത്തുടിപ്പുകൾക്കൊപ്പം കാൽപ്പന്തുരുളുമ്പോൾ അതിന്റെ ആവേശം നിങ്ങളുടെ വാഹനങ്ങളിലേക്കും ആവാഹിക്കാം. ഇഷ്ട ടീമിന്റെ പതാകയുടെയും ജേഴ്സിയുടെയും നിറങ്ങളിൽ നിങ്ങളുടെ കാറും മോട്ടോർ ബൈക്കും നിരത്തിലിറക്കി ചെത്തി നടക്കാം. ഇഷ്ടതാരത്തിന്റെ സ്റ്റിക്കർ ഒട്ടിച്ച് ലോകകപ്പ് ആവേശത്തിൽ അർമാദിക്കാം.

245 രൂപ മാത്രം

സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് ഫുട്ബോൾ പ്രേമികൾക്ക് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ബൈക്കുകൾക്ക് 245 രൂപ ഫീസ് അടച്ച് നിറം മാറാം. കാറുകളുടെ നിറം മാറ്റാൻ 395 രൂപ ചെലവുവരും. ഒരു മാസത്തേക്കു മാത്രമുള്ള ഫീസാണിത്. വാഹനങ്ങളിൽ ഇഷ്ടതാരങ്ങളുടെ സ്റ്റിക്കർ പതിപ്പിക്കാനും മോട്ടോർ വാഹന വകുപ്പ് അനുമതി നൽകും. 100 ചതുരശ്ര സെന്റിമീറ്ററിന് ഒരു മാസത്തേക്ക് അഞ്ചു രൂപയാണ് ഫീസ്.

അറിയിക്കാതെ നിറം മാറ്റിയാൽ

മോട്ടോർ വാഹന വകുപ്പിന്റെ അനുമതി കൂടാതെ നിറം മാറ്റി നിരത്തിലിറങ്ങിയാൽ വൻ തുക പിഴ നൽകേണ്ടി വരും. 5000 രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. ബസ്സുകൾക്ക് കളർകോഡ് നിലവിലുള്ളതിനാൽ പുറത്ത് നിറം മാറ്റം അനുവദിക്കില്ല.

നിറംമാറ്റം എങ്ങനെ?

തൊട്ടടുത്ത മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ (ആർടിഒ) ചെന്ന് നിറം മാറ്റാനുള്ള അപേക്ഷ നൽകി നിർദ്ദേശമനുസരിച്ച് വാഹനം പരിശോധനയ്ക്ക് ഹാജരാക്കണം. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഫീസ് അടയ്ക്കാം. തുടർന്ന് വാഹനത്തിന് ആഗ്രഹിക്കുന്ന നിറം പകരാം. നിങ്ങളുടെ ഇഷ്ട ടീമിനോടുള്ള അടങ്ങാത്ത ആരാധന ഇനി നാടു മുഴുവൻ അറിയട്ടെ!

English Summary : Now You Can Paste the Sticker of Favourite Team on Your Vehicle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS