ADVERTISEMENT

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓപ്പറേഷൻ യെല്ലോ അതിന്റെ തേരോട്ടം ആരംഭിച്ചു കഴിഞ്ഞു. നിരവധി പേരാണ് ഇതിനകം അതിന്റെ വലയിൽ കുടുങ്ങിയിട്ടുള്ളത്. ഇവരിൽ പലർക്കും വൻതുക പിഴ ഒടുക്കേണ്ടി വന്നു. മറ്റു ചിലരുടെ പേരിൽ റവന്യു റിക്കവറി നടപടികളും തുടങ്ങി.  ആരെ പിടികൂടാനാണ് ഓപ്പറേഷൻ യെല്ലോ വരുന്നത്?

എന്താണ് ഓപ്പറേഷൻ യെല്ലോ?

മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. പൊതുജനങ്ങളുടെ സഹായത്തോടെ അനർഹരെ കണ്ടെത്തി ഇവരെ ഒഴിവാക്കി അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്താനാണ് ഈ പരിശോധനാ പദ്ധതി ലക്ഷ്യമിടുന്നത്.

പിഴയോ റവന്യു റിക്കവറിയോ ?

ആയിരം സ്ക്വയർ ഫീറ്റിന് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, ആഡംബര കാറുള്ളവർ, വിദേശജോലിക്കാർ, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ളവർ എന്നിവരുൾപ്പെട്ട കാർഡ് ഉടമകളെയാണ് പിടികൂടിയിട്ടുള്ളത്. ഇവരുടെ കൈയിലുള്ള മുൻഗണനാ റേഷൻ കാർഡ് നിശ്ചിത ദിവസത്തിനകം തിരിച്ചുനൽകി പിഴ അടയ്ക്കാൻ പരിശോധന ഉദ്യോഗസ്ഥർ അവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തുടർന്ന് ഇവരുടെ റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും. പിഴ അടയ്ക്കാൻ തയാറായില്ലെങ്കിൽ റവന്യു റിക്കവറിയെ നേരിടേണ്ടതായും വരും. മുൻഗണനാ കാർഡ് തിരിച്ചേൽപ്പിക്കാൻ 2021 ജൂലായ് വരെ  അവസരം നൽകിയിരുന്നു. തുടർന്നും ആനുകൂല്യം പറ്റിയവരിൽ നിന്നാണ് പിഴ ഈടാക്കുന്നത്.

നടപടി പരാതികളുടെ അടിസ്ഥാനത്തിൽ

ഓപ്പറേഷൻയെല്ലോയ്ക്ക് അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചു കൊണ്ടിരിക്കുന്നവരെക്കുറിച്ചുള്ള നിരവധി പരാതികളാണ് ദിവസേന ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഇത്തരക്കാരുടെ വീടുകളിലെത്തി നടപടി സ്വീകരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതു കൂടുതൽ ഊർജിതമാക്കാനാണ് വകുപ്പിന്റെ ശ്രമം.

ആർക്കും വിവരം നൽകാം

അനർഹമായ റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിൽ വിളിച്ച് അറിയിക്കാം. 1967 എന്ന ടോൾ ഫ്രീ നമ്പറിലൂടെയും വിവരം നൽകാം. വിവരം അറിയിക്കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. അനർഹമായി  മുൻഗണനാ കാർഡ് സൂക്ഷിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കിയ സാഹചര്യത്തിൽ അവ തിരിച്ചേൽപ്പിക്കാനുള്ളവരുടെ എണ്ണം വർദ്ധിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്.

English Summary : Return Your Ineligible Ration Cards Immediately

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com