ADVERTISEMENT

2022 ഡിസംബർ 31ലെ ബിറ്റ് കോയിൻ വില 13.75 ലക്ഷം രൂപ; 56 ദിവസങ്ങൾ കൊണ്ട് 48% വർധിച്ച് ഇപ്പോൾ 20 ലക്ഷത്തിന് മുകളിൽ.  സാമ്പത്തിക വിദഗ്ധർ എഴുതിത്തള്ളിയ ക്രിപ്റ്റോ കറൻസികൾ തിരിച്ചുവരികയാണോ? ഇതിലേക്ക് വരുന്നതിനു മുമ്പ് അർജൻറീനയിലേക്ക് പോകാം -  2022 ഫുട്ബോൾ ലോകകപ്പ് നേടിയ അർജൻറീനയിലേക്ക്.

ഫാൻ ടോക്കൺ

2021 ജൂൺ മാസത്തിലാണ് അർജൻറീന ഫുട്ബോൾ അസോസിയേഷൻ തങ്ങളുടെ ടീമിന്റെ ആരാധകർക്ക് വേണ്ടി ഒരു ഫാൻ ടോക്കൺ, ‘$ARG’ പുറത്തിറക്കിയത്. ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായൊരു ഡിജിറ്റൽ ടോക്കൺ ആണിത്. സ്പെയിനിലെ സോസിയോസ് (socios.com) എന്ന വെബ്സൈറ്റാണിത് പുറത്തിറക്കിയത്. പി എസ് ജി,  മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ തുടങ്ങിയ ക്ലബ്ബുകളുടെയും ഔദ്യോഗിക ഫാൻ ടോക്കണുകൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ്. എന്നാൽ ഒരു ദേശീയ ടീമിന്റെ ആദ്യത്തെ ഔദ്യോഗിക ഫാൻ ടോക്കൺ അർജൻറീനയുടെതാണ്. ഇവരുടെ മൊബൈൽ ആപ്പ് വഴി ഇത്തരം ഫാൻ ടോക്കണുകൾ വാങ്ങാം, വിൽക്കാം. കമ്പനികൾ ആദ്യമായി ഓഹരി വില്പന നടത്തുന്നത് പ്രാഥമിക ഓഹരി വില്പനയാണ്; അതുപോലെ സ്പോർട്സ് ടീമുകളുടേത് ഫാൻ ടോക്കൺ ഓഫർ ആണ്. വിപണിയിൽ എത്തുന്നതിനുമുമ്പ് ആരാധകർക്ക് ആദ്യ വില്പന നടത്തുന്നു. ഇങ്ങനെ ഫാൻ ടോക്കൺ ലഭിച്ചവർ പിന്നീട് വിപണിയിൽ മറ്റുള്ളവർക്ക് വിൽക്കുന്നു.

ഫാൻ ടോക്കണുകളുടെ ഉടമസ്ഥരുടെ പട്ടിക ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായ ഒരു പബ്ലിക് ലെഡ്‌ജറിലാണ് സൂക്ഷിക്കുന്നത് -  ബിറ്റ് കോയിൻ പബ്ലിക് ലെഡ്‌ജർ പോലെ തന്നെ. അപ്പോഴിതുമൊരു ക്രിപ്റ്റോകറൻസിയാണോ?  ബ്ലോക്ക് ചെയിൻ അധിഷ്ഠിത പബ്ലിക് ലെഡ്‌ജറിലാണ് വിവരങ്ങൾ സൂക്ഷിക്കുന്നതെങ്കിലും ഇതൊരു ക്രിപ്റ്റോ കറൻസിയല്ലെന്ന് വെബ്സൈറ്റിൽ വ്യക്തമായി പറയുന്നു. ഇത് പണത്തിന് പകരമായി  ഉപയോഗിക്കാവുന്നതല്ല;  അതുകൊണ്ട് കറൻസി അല്ല. പിന്നെ ക്രിപ്റ്റോഗ്രഫി സാങ്കേതികവിദ്യയല്ല ഇതിനുപയോഗിക്കുന്നത്. അതുകൊണ്ട് ക്രിപ്റ്റോയുമല്ല

ഫാൻ ടോക്കണുകൾ പ്രവർത്തിക്കുന്നതെങ്ങനെ?

ഈ ഫാൻ ടോക്കൺ ഏറ്റവും ഉയർന്ന വിലയായ 9 ഡോളറിലെത്തിയത് 2022 നവംബർ18നാണ്;  അർജൻറീനയുടെ ആദ്യ ലോകകപ്പ് മാച്ചിന് നാല് ദിവസം മുൻപ്.  സൗദി അറേബ്യയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ വില 4.96 ഡോളറിൽ എത്തി. നിലവിൽ രണ്ടുകോടി ഫാൻ ടോക്കണുകൾ ലഭ്യമാണ്.  ഇതെഴുതുമ്പോഴത്തെ ഒരു ടോക്കണിന്റെ വില 1.45 ഡോളർ;  മൊത്തം മൂല്യം 2.9 കോടി ഡോളർ; ഏതാണ്ട് 235 കോടി രൂപ. തുടക്കത്തിൽ 2 ഡോളർ നിരക്കിൽ 6 ലക്ഷം ടോക്കണുകൾ പുറത്തിറക്കി; മൂന്ന് മണിക്കൂർ കൊണ്ടവ വിറ്റു തീർന്നു. പിന്നീട് 1.94 കോടി ടോക്കണുകൾകൂടി വിറ്റു. ഇങ്ങനെ ഏതാണ്ട് 320 കോടി രൂപയാണ് അർജൻറീന ഫുട്ബോൾ അസോസിയേഷൻ സമാഹരിച്ചത്. ലഭിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരമൊരു ടോക്കൺ സൃഷ്ടിക്കുന്നതിനും പരസ്യപ്പെടുത്തുന്നതിനും വിൽക്കുന്നതിനുമുള്ള ചെലവുകൾ തുച്ഛമായിരിക്കും. 

മികവിന്റെ മൂല്യം

messi1-jpeg

ഇത്രയും മൂല്യം എവിടെനിന്നു വന്നു? ശൂന്യതയിൽ നിന്നാണീ ഫുട്ബോൾ അസോസിയേഷൻ 300ൽപരം കോടി രൂപ സമ്പാദിച്ചത്.  മെസ്സിയുടെ ഒപ്പോടുകൂടിയ ഒരു ഫുട്ബോൾ, ജഴ്സി അല്ലെങ്കിൽ ക്യാപ്. മെസ്സിയുടെ ഒരു ഓട്ടോഗ്രാഫ്.  മെസ്സിയുമൊത്തുള്ളോരു സെൽഫി -  ഇവയുടെയെല്ലാം മൂല്യം മനസ്സിലാക്കാവുന്നതാണ്. പക്ഷേ ഈ ഫാൻ ടോക്കണോ? ഫുട്ബോളും ജേഴ്സിയും ക്യാപ്പും മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കാവുന്നതാണ്. അതുപോലെതന്നെ ഓട്ടോഗ്രാഫും സെൽഫിയും. പക്ഷേ ഫാൻ ടോക്കൺ?

ഇതുപോലൊരു ഫാൻ ടോക്കൺ പുറത്തിറക്കിയത് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ആയിരുന്നെങ്കിലോ? അതിൻറെ സ്വീകാര്യത തീരെ കുറവായിരിക്കും. എന്നാൽ ഫാൻ ടോക്കൺ പുറത്തിറക്കുന്നത് ബിസിസിഐ ആയിരുന്നെങ്കിലോ? വൻ സ്വീകാര്യത ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മൂല്യം വരുന്നത് ശൂന്യതയിൽ നിന്നാണോ? ഫുട്ബോളിൽ അർജൻറീനയുടെയും ക്രിക്കറ്റിൽ ഇന്ത്യയുടെയും കളി മികവിൽ നിന്നാണ് ഈ മൂല്യം വരുന്നത്. ഇതിൽ ബിസിസിഐക്കും അർജൻറീന ഫുട്ബോൾ അസോസിയേഷനുമുള്ള പങ്ക് വ്യക്തമാണ്; വലുതാണ്. ഫാൻ ടോക്കൺ പുറത്തിറക്കിയതിലൂടെ ഈ ആവേശത്തിന്റെ ഒരംശം പണമാക്കി മാറ്റുകയാണ് അർജൻറീന ഫുട്ബോൾ അസോസിയേഷൻ ചെയ്തത്. 

കെട്ടുകഥ മെനഞ്ഞ് ബിറ്റ്കോയിൻ

BC4

അപ്പോൾ ബിറ്റ് കോയിൻ? ഇതിന്റെ പിന്നിൽ ആരാണെന്നുപോലും അറിയില്ല; ഫാൻ ടോക്കൺ പോലെ ഏതെങ്കിലും തരത്തിലുള്ള ഒരു മൂല്യം പണമാക്കി മാറ്റിയതുമല്ല ബിറ്റ് കോയിൻ. ഒരു കമ്പനി പണം സമാഹരിച്ച് അവ ആസ്തികളാക്കി മാറ്റി ഒരു ബിസിനസ് നടത്തുന്നതുപോലെയുമല്ല ബിറ്റ് കോയിൻ. പക്ഷേ ശൂന്യതയിൽ നിന്നും സൃഷ്ടിക്കപ്പെട്ട ഓരോ ബിറ്റ് കോയിനും ലക്ഷങ്ങളുടെ മൂല്യം കൈവരിക്കുന്നു. എങ്ങനെ? നിലവിലുള്ള കറൻസി സംവിധാനത്തെ അപ്രസക്തമാക്കി ഒരാഗോള കറൻസിയായി സ്വയം മാറുമെന്ന കെട്ടുകഥ സൃഷ്ടിച്ച്‌; അത് നിക്ഷേപകരെ വിശ്വസിപ്പിച്ച്; നിരന്തരമായ കൈമാറ്റത്തിലൂടെ വില വർദ്ധിപ്പിച്ച്. 

അങ്ങനെയെങ്കിൽ ഔദ്യോഗിക കറൻസികളും ഇതുപോലൊരു കെട്ടുകഥയല്ലേ? ആർബിഐ ഗവർണർ ഒപ്പിട്ട ഒരു കഷണം കടലാസ് മാത്രമല്ലേ ഇന്ത്യൻ രൂപ? 

ഔദ്യോഗിക കറൻസികൾ ആസ്തിയുടെ പിൻബലമുള്ളവയാണ്.  എന്തൊക്കെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാലൻസ് ഷീറ്റിലെ ആസ്തികൾ? ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടപ്പത്രങ്ങൾ,  അമേരിക്കൻ സർക്കാരിന്റെ ഡോളർ കടപ്പത്രങ്ങൾ, മറ്റു കറൻസികളിൽ വിവിധ രാജ്യങ്ങളിലുള്ള നിക്ഷേപങ്ങൾ, അന്താരാഷ്ട്ര നാണയനിധിയിലെ ആസ്തികൾ, സ്വർണ്ണം എന്നിവയാണവ. 140 കോടി ജനങ്ങളുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിന്നും നികുതി പിരിക്കാൻ അവകാശമുള്ളവരാണ് ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ.  ഈ നികുതി വരുമാനം മുന്നിൽകണ്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കടപ്പത്രങ്ങൾ പുറത്തിറക്കുന്നത്.  അഥവാ ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ ഒരു പങ്ക്  അനുസ്യൂതം ലഭിക്കുന്ന സർക്കാരുകൾ പുറത്തിറക്കിയ കടപ്പത്രങ്ങളിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപിച്ചിരിക്കുന്നത്.

ഇതിനും പുറമെയാണ് ആഗോള ജിഡിപിയുടെ 15% വരുന്ന ലോകത്തെയേറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിലെ സർക്കാർ പുറത്തിറക്കിയ കടപ്പത്രങ്ങളിലുള്ള ആർബിഐ നിക്ഷേപം. പിന്നെ അന്താരാഷ്ട്ര നാണ്യനിധിയിലും സ്വർണത്തിലുമുള്ള നിക്ഷേപങ്ങൾ. അതായത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലൂടെ ഉൽപ്പന്നങ്ങളായും സേവനങ്ങളായും മാറുന്ന ഇന്ത്യയിലെ  മനുഷ്യ മൂലധനത്തിന്റെയും മറ്റു വിഭവങ്ങളുടെയും ഉൽപാദന ശേഷിയുടെയും ഒരംശമാണ് ഒരു 100 രൂപ നോട്ടിലേക്ക് നോക്കുമ്പോൾ നമ്മൾ കാണുന്നത്. ഇങ്ങനെ പ്രവർത്തിക്കേണ്ട സമ്പദ് വ്യവസ്ഥ തകരാറിലാകുന്നതാണ് നേരത്തെ ശ്രീലങ്കയിലും ഇപ്പോൾ പാക്കിസ്ഥാനിലും കാണുന്നത്; അതോടൊപ്പം ആഴ്ചകളോ മാസങ്ങളോ കൊണ്ടുണ്ടായ അവരുടെ കറൻസികളിലെ ഭീമമായ തകർച്ചയും.

അതുപോലെ 120 രൂപയോളം വിലവരുന്ന ഓരോ അർജൻറീന ഫുട്ബോൾ അസോസിയേഷൻ ഫാൻ ടോക്കണിലും കാണുന്നത് ഫുട്ബോൾ മൈതാനത്ത് ഇന്ദ്രജാലം തീർത്ത മറഡോണയുടെയും മെസ്സിയുടെയും മികവിന്റെ ഒരംശമാണ്; ലോകത്തിനു മുന്നിൽ അവരെ കൊണ്ടുവന്ന അർജൻറീന ഫുട്ബോൾ അസോസിയേഷനും.

സതോഷിയുടെ ഫാൻ ടോക്കണോ?

crypto

എങ്കിൽ ബിറ്റ് കോയിനിലോ?  ഒരാസ്തിയുടെയും പിൻബലമില്ലാത്തതുകൊണ്ട് ബിറ്റ് കോയിന് ബാലൻസ് ഷീറ്റ് ഇല്ല. അതുകൊണ്ടുതന്നെ ആസ്തികളിൽ അടങ്ങിയിരിക്കുന്ന സാങ്കേതിക/സാമ്പത്തിക മികവുമില്ല. എങ്കിലതൊരു ഫാൻ ടോക്കണാണോ? കായികപരമായോ കലാപരമായോ ഉള്ള മികവുമില്ലാത്തതുകൊണ്ട് ഫാൻ ടോക്കണുമല്ല. അദാനി ഗ്രൂപ്പ് ഓഹരികൾക്ക് ഇപ്പോഴുള്ള വിലയുടെ 15% മൂല്യം മാത്രമാണുള്ളതെന്നാണ് ഹിൻഡൺബർഗ് ഇക്കഴിഞ്ഞ ജനുവരി 25ന് പറഞ്ഞത്. എങ്കിൽ 20 ലക്ഷം രൂപയ്ക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു ബിറ്റ് കോയിന് ഒരു 100 രൂപ നോട്ടിന്റെയോ 120 രൂപയുടെ ഒരു അർജൻറീന ഫാൻ ടോക്കണിന്റെയോ പോലും മൂല്യമുണ്ടോ? ഉണ്ടെന്ന് തെളിയിക്കാൻ ശ്രമിക്കുന്നവർ കഷ്ടപ്പെടേണ്ടിവരും! 

വേറൊരു രീതിയിൽ നോക്കിയാൽ ബിറ്റ് കോയിൻ സൃഷ്ടാവായ സതോഷി നകമോട്ടോ എന്ന അജ്ഞാതന്റെ ഫാൻ ടോക്കണായി ഇതിനെ സങ്കൽപ്പിക്കാം. ആർക്കും സൃഷ്ടിക്കാവുന്നൊരു ഡിജിറ്റൽ ടോക്കൺ മാത്രമായ ബിറ്റ് കോയിനെ ഒരാഗോള കറൻസിയായി അവതരിപ്പിക്കുന്ന കൺകെട്ടുവിദ്യ നടത്തി, അതൊരുപാടുപേരെ വിശ്വസിപ്പിച്ച്, ലക്ഷങ്ങളുടെ വിലയ്ക്ക് വാങ്ങിപ്പിച്ച്, 14 വർഷങ്ങൾക്കിപ്പുറവും ആ മായാവലയത്തിൽ നിലനിർത്തുന്നയാൾക്ക് ഒരു ഫാൻ ടോക്കൺ വേണ്ടതല്ലേ? വേണ്ടതുതന്നെയെന്ന് മറ്റാരും പറഞ്ഞില്ലെങ്കിലും ആട്, മാഞ്ചിയം, തേക്ക് തട്ടിപ്പുകാരും ടോട്ടൽ ഫോർ യു/സേഫ് ആൻഡ് സ്ട്രോങ്ങ് പോലുള്ള  പിരമിഡ്/ പോൺസി തട്ടിപ്പുകാരും തീർച്ചയായും പറയും!

English Summary : Bit Coin and Argentina Fan Token

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com