ബിരുദ വിദ്യാർത്ഥികളേ വേഗമാകട്ടെ നിങ്ങൾക്കിതാ 1000 സ്കോളർഷിപ്പുകൾ

Mail This Article
കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണോ നിങ്ങൾ ? എങ്കിൽ ഇതു നിങ്ങൾക്കു ലഭിക്കുന്ന സുവർണാവസരമാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ മൂന്നു വർഷ ബിരുദപഠനത്തിനു പുറമെ ബിരുദാനന്തര ബിരുദ പഠനത്തിനും സ്കോളർഷിപ് ലഭിക്കും. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് 2022-23 അക്കാദമിക് വർഷം 1000 സ്കോളർഷിപ്പുകളാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ അനുവദിച്ചിട്ടുള്ളത്.
അർഹത ആർക്ക്?

സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ സർക്കാർ / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടാതെ സമാന കോഴ്സുകൾക്ക് ഐ എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും അപേക്ഷിക്കാൻ അർഹരാണ്. പ്രൊഫണൽ കോഴ്സുകൾക്കും സെൽഫ് ഫിനാൻസിങ് കോഴ്സുകൾക്കും പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷിക്കാനുള്ള മിനിമം മാർക്കിന്റെ മാനദണ്ഡം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിനും നീക്കി വച്ചിട്ടുള്ള സ്കോളർഷിപ്പുകളുടെ കണക്കും വിജ്‌ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്കോളർഷിപ് എത്ര?
ബിരുദ പഠനത്തിന് ഒന്നാം വർഷം 12,000 രൂപയും രണ്ട് മൂന്ന് വർഷങ്ങളിൽ യഥാക്രമം 18000 രൂ , 24000 രൂപയും ലഭിക്കും. ബിരുദാനന്തര ബിരുദ തലത്തിൽ തുടർപഠനത്തിന് ഒന്നാം വർഷം 40,000 രൂപയും രണ്ടാം വർഷം 60,000 രൂപയും അനുവദിക്കും.
അപേക്ഷിക്കേണ്ടത് എങ്ങനെ?
അപേക്ഷകർ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ scholarship.kshec.kerala.gov.in എന്ന വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്യണം. തുടർന്ന് അതിൽ ലഭ്യമാകുന്ന ഫോറത്തിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ നൽകി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. നൽകിയ അപേക്ഷയുടെ കോപ്പി എടുത്ത് നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടൊപ്പം പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമർപ്പിക്കണം.
തിരഞ്ഞെടുക്കപ്പെട്ടാൽ
സ്കോളർഷിപിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക കൗൺസിലിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. സ്കോളർഷിപ് തുക ബാങ്ക് അക്കൗണ്ട് വഴി കൈമാറും. ഈ വർഷം സ്കോളർഷിപ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ വർഷങ്ങളിൽ സ്കോളർഷിപ് നൽകുന്നത് അവരുടെ അക്കാദമിക് മികവ് വിലയിരുത്തിയിട്ടായിരിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 10 ആണ്
കൂടുതൽ വിവരങ്ങൾക്ക്
scholarship.kshec.kerala.gov.in
e mail: hecscholarship@gmail.com
Phone: 0471-2301297
English Summary : 1000 Scohlarships for Graduate Students