ADVERTISEMENT

ലോക വനിതാ അണ്ടർ 19 ക്രിക്കറ്റ് കിരീടം ഇന്ത്യ നേടിയതോടെ സ്പോർ്ട്സ് എന്‍റർടെയ്ൻമെന്റ് മേഖലയില്‍ പുതിയൊരു വിപണി കൂടി ഉയർന്നു വന്നിരിക്കുകയാണ്. ലോക വനിതാ ട്വന്‍റി ട്വന്‍റി ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ പുറത്തായെങ്കിലും ഏറെ മികവുള്ള ഓസ്ട്രേലിയയെ തോല്‍പ്പിക്കാനുതകുന്ന ടീമെന്ന തോന്നലുളവാക്കിയത് ഇന്ത്യ മാത്രമായിരുന്നു. പുരുഷന്മാരോടൊപ്പം വനിതാ ടീമംഗങ്ങളുടെ വേതനവും ക്രമീകരിച്ചതു വഴി രാജ്യത്ത് വനിതാ ക്രിക്കറ്റിന് അപാരമായ സാധ്യതകളാണ് വാണിജ്യപരമായും ഉയർന്നു വന്നിരിക്കുന്നത്. 

ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടക്കുന്ന ടാറ്റാ വിമന്‍സ് പ്രീമിയർ ലീഗ് പിറവി കൊള്ളുന്നത്. ആദ്യവിമന്‍സ് ലീഗില്‍ തന്നെ മലയാളി സാന്നിധ്യം വരികയും ചെയ്തത് കേരളത്തിന്‍റെ വനിതാ ക്രിക്കറ്റ് മേഖലയ്ക്കും ഉണർവേകുകയാണ്. 

ആശാ ശോഭന

ആശാ ശോഭന. ഈ പേര് ക്രിക്കറ്റ് മേഖലയില്‍ പ്രവർത്തിക്കുന്ന മലയാളികള്‍ക്കപ്പുറം വലിയ പരിചിതമല്ലായിരുന്നു കുറച്ചു നാള്‍ മുന്‍പ് വരെ. ടാറ്റാ വിമന്‍സ് പ്രീമിയർ ലീഗില്‍ ബാംഗ്ളൂർ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി കളിക്കുന്ന താരമായ ആശ മലയാളിയാണ്. തിരുവനന്തപുരം പേരൂർക്കട സ്വദേശി. തിരുവനന്തപുരത്ത് ജനിച്ച് ഇവിടെ പഠിച്ച് കേരളത്തിനായി കളിച്ച് ഇപ്പോള്‍ റെയില്‍വേയ്ക്കും പോണ്ടിച്ചേരിക്കും വേണ്ടി കളിക്കുന്ന ആള്‍. 

വയനാട്ടില്‍ നിന്നുള്ള മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് തിരഞ്ഞെടുത്ത വാർത്ത നമ്മള്‍ അറിഞ്ഞപ്പോഴും ആശാ ശോഭനയെന്ന പേര് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. പേര് കേട്ടാല്‍ മറ്റേതോ സംസ്ഥാനക്കാരിയാണെന്നേ ആർക്കും തോന്നുകയുള്ളൂ. പക്ഷേ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ആദ്യ കളിയില്‍ ഡല്‍ഹിക്കെതിരെ ഫസ്റ്റ് ഇലവനില്‍ ഇറങ്ങാനായതോടെ ആശ ശോഭന ടാറ്റാ വിമന്‍സ് പ്രീമിയർ ലീഗില്‍ കളിച്ച ആദ്യ മലയാളിയായി മാറി. കളിയില്‍ രണ്ട് ഓവർ ബോള്‍ ചെയ്ത ആശ ബാറ്റിങിനും ഇറങ്ങി. (മിന്നു മണി ഡല്‍ഹിയുടെ ആദ്യ ഇലവനില്‍ കളിച്ചില്ല)

പെണ്‍കുട്ടികള്‍ക്ക് പ്രചോദനം

asha1

കോടികള്‍ കിലുങ്ങുന്ന വിമന്‍സ് പ്രീമിയർ ലീഗിന്‍റെ വിപണിത്തിളക്കത്തിലേക്ക് ആശ എത്തിയത് കഠിനമായ ജീവിതവഴികളിലൂടെ സഞ്ചരിച്ചുതന്നെയാണ്. ജോലിക്കപ്പുറമുളള സാധ്യതകള്‍ അന്വേഷിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാവുന്ന കഥ കൂടിയാണത്. ഷെയ്ന്‍ വോണിന്‍റെ കോച്ച് ടെറി ജെന്നറിന്‍റെ സ്പിന്‍ ക്ളിനിക്കില്‍ പഠിച്ചിറങ്ങി ഇന്ത്യക്കായി കളിക്കാന്‍ പരിശ്രമിക്കുന്ന ലെഗ്സ്പിന്നറുടെ കഥ. 

പേരൂർക്കടയില്‍ ഓട്ടോ ഡ്രൈവറായ ജോയിയുടെയും ശോഭനയുടെയും മകളായ ആശ അഞ്ച് വയസു മുതല്‍ ക്രിക്കറ്റിലുണ്ട്. അച്ഛന്‍ ജോയിക്ക് നാല് സഹോദരന്മാർ. അവരുടെ മക്കളും ആശയുടെ സഹോദരന്‍ അനൂപും ചേർന്ന് വീട്ടുവളപ്പിലെപ്പോഴും ക്രിക്കറ്റ് കളിച്ചു. പെണ്‍കുട്ടിയാണെന്ന വ്യത്യാസമൊന്നുമില്ല. റബർ ബോളിലും ലെഗ് സ്പിന്‍ പരീക്ഷിച്ച് അനൂപിന്‍റെ വിക്കറ്റ് ആശ എപ്പോഴും നേടിക്കൊണ്ടിരുന്നു.

വീട്ടിലെ ടിവി കേടായതിനാല്‍ തൊട്ടടുത്ത ദിനുവിന്‍റെ വീട്ടില്‍ കണ്ട ഷാർജ കപ്പാണ് ആശയെ ക്രിക്കറ്റിനെ ഗൗരവമായി കാണാന്‍ പ്രേരിപ്പിച്ചത്. അതും സച്ചിന്‍ തെന്‍ഡുല്‍ക്കർ ഷെയ്ന്‍ വോണിനെ അടിച്ചു പരത്തുന്നത് കണ്ടപ്പോള്‍. പിന്നെയങ്ങോട്ട്, ഫുള്‍ടൈം ക്രിക്കറ്റ് തന്നെ. വീട്ടിലാരും എതിർത്തില്ല. ഒരു ദിവസം, സ്കൂള്‍ വിട്ട് ഓടി വന്നപ്പോള്‍ അനില്‍ കുംബ്ലെയുടെ ചരിത്രനേട്ടമായ പത്താം വിക്കറ്റ് ടീവിയില്‍ കണ്ടു. പിന്നെ, ഇരിക്കപ്പൊറുതിയില്ലാതായത് കോട്ടണ്‍ഹില്‍ സ്കൂളിലെ സ്പോർട്സ് ടീച്ചർ തങ്കമണിക്കാണ്. എന്നും വന്ന് ഒരാള്‍ പറയുകയാണ്, ടീച്ചറെ എവിടെയെങ്കിലും ക്രിക്കറ്റുണ്ടെങ്കില്‍ പറയണേ എന്ന്.....

സീനിയേഴ്സ് ജില്ലാ ടീം സെലക്ഷന്‍

ഒരു ദിവസം ടീച്ചർ പറഞ്ഞു, സീനിയേഴ്സ് ജില്ലാ ടീം സെലക്ഷനുണ്ട്, ഉടന്‍ പോകണമെന്ന്. കോട്ടണ്‍ഹില്ലിന്‍റെ യൂണിഫോമായ പച്ച പാവാടയും വെള്ള ഷർട്ടുമിട്ട് ആശ ഓടി ഗ്രൗണ്ടിലെത്തി. അവിടെ പേസ് എറിഞ്ഞു. ലെഗ് സ്പിന്‍ എറിഞ്ഞാല്‍ ടീമില്‍ എടുക്കുമോയെന്ന സംശയം മൂലമാണ് അങ്ങനെ ചെയ്തത്. എന്തായാലും സെലക്ഷന്‍ കിട്ടി. മോസ്റ്റ് പ്രോമിസിങ് യങ്സ്റ്റർ നേടിയാണ് ആ ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചത്. സെലക്ഷന്‍ ദിവസം പരിചയപ്പെട്ട സ്പോർട്സ് കൗണ്‍സിലിലെ കോച്ച് ശ്രീകുമാറും ക്രിക്കറ്റ് അസോസിയേഷനിലെ ഷബീന ജേക്കബും പിന്നീട് അങ്ങോട്ട് വഴികാട്ടികളായി. നിർഭാഗ്യവശാല്‍ ഇരുവരും ഇന്നില്ല. വനിതാ ക്രിക്കറ്റിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ആളായിരുന്നു ഷബീന. 2008 ല്‍ ആശ ഇന്ത്യന്‍ അണ്ടർ 19 ക്യാംപിലെത്തിയപ്പോള്‍ ഏറ്റവും സന്തോഷിച്ചതും ഷബീനയായിരുന്നു. 

asha4

പട്ടം സെന്‍റ് മേരീസില്‍ പ്ളസ് ടു കഴിഞ്ഞ് വിമന്‍സ് കോളജില്‍ ബി.കോമിന് ചേർന്ന് ഒരു വർഷമായപ്പോഴേക്കും റയില്‍വെയില്‍ കിട്ടി. ക്രിക്കറ്റ് തന്നെ കാരണം. വിശാഖപട്ടണത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പിറ്റെ ദിവസം ഹൈദരാബാദിലെത്തി റയില്‍വെയുടെ സെലക്ഷനില്‍ പങ്കെടുക്കാന്‍ ഷബീന മാഡത്തിന്‍റെ അറിയിപ്പ് കിട്ടിയത്. (എം.എസ്.ധോണിയെക്കുറിച്ചുള്ള ധോണി സിനിമ കണ്ടവർക്ക് ധോണി റയില്‍വെ സെലക്ഷനു പോയത് ഓർമിക്കാം) റയില്‍വെയില്‍ ജോലി കിട്ടിയതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ആരോണ്‍ ജോർജ് തോമസ് എന്ന പരിശീലകന്‍റെ ശിക്ഷണത്തിലാണ് ഓരോ പടികളും ആശ കയറിയത്. 

ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണ്‍, റൈഫി വിന്‍സന്‍റ് ഗോമസ്, ദീപാ ലീലാമണി, രശ്മി രാജലക്ഷ്മി, ഷബീനയുടെ സഹോദരന്‍ സലീം ജേക്കബ് എന്നിവർ എല്ലാ വളർച്ചയിലും കൂടെനിന്നു. 

കഷ്ടപ്പാടിന്റെ നാളുകൾ

തിരിഞ്ഞുനോക്കുമ്പോള്‍ സെലക്ഷനു പോവാന്‍ വണ്ടിക്കൂലി പോലുമില്ലാതെ നിന്ന കാലമാണ് ആശയോർക്കുക. ബാറ്റ് പോയിട്ട് ബോള്‍ വാങ്ങാന്‍ പോലും ബുദ്ധിമുട്ടി. അച്ഛന്‍ ജോയിയുടെ വരുമാനം മാത്രമാണ് ആശ്രയം. പക്ഷേ, മാതാപിതാക്കള്‍ മകളെ പിന്തുണച്ചുകൊണ്ടേയിരുന്നു. കടം വാങ്ങിയും അവർ മകളുടെ സ്വപ്നത്തിനൊപ്പം നിന്നു. 

മേല്‍ പരാമർശിച്ച പേരുകാരെല്ലാം വണ്ടിക്കൂലിയും കിറ്റും തന്നു സഹായിച്ചുകൊണ്ടേയിരുന്നു. കൂട്ടുകാരും ബന്ധുക്കളുമെല്ലാം സാമ്പത്തികമായി സഹായിച്ചു. പണത്തിന്‍റെ കുറവ് എന്‍റെ കളിയെ ബാധിക്കാതിരിക്കാന്‍ എല്ലാവരും സഹായിച്ചു. ചുരുക്കത്തില്‍ ഓരോ ഘട്ടത്തിലും ദൈവം മനുഷ്യരൂപത്തിലെത്തി പിന്തുണച്ചുകൊണ്ടേയിരുന്നു. 

ഇനിയും ഏറെ ദൂരം പോകാനുണ്ട്. വിപണിയും താരത്തിളക്കവുമൊന്നും ബാധിക്കാതെ കളിയില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നുവെന്ന് ആശ പറയുന്നു. സാമ്പത്തികമായ കുറവ് ഒരാളുടെയും പ്രതിഭയെയും ലക്ഷ്യത്തേയും ബാധിക്കരുതെന്ന പ്രാർത്ഥന മാത്രമേ തനിക്കുള്ളൂവെന്ന് പുതിയതായി ഈ രംഗത്തേക്ക് വരാനിരിക്കുന്നവരോടായി ആശ പറയുന്നു.

English Summary : Asha Sobhana A Rising Star in Indian Women Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com