ADVERTISEMENT

സ്മാർട്ഫോണിൽ നാമെല്ലാം ആപ്പുകൾ ഡൗൺ ലോ‍ഡ് ചെയ്യും. അതിനായി അനുമതികൾ മുൻപിൻ നോക്കാതെ നൽകും. പക്ഷേ, ഇതുണ്ടാക്കുന്ന അപകടസാധ്യതയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? 

‘‘നമ്മുടെ മൊബൈൽ ഫോൺ എടുത്താൽ പല ആപ്പുകൾക്കും സന്ദേശങ്ങൾക്കു (എസ്എംഎസിനു) മേൽ അനുമതി കൊടുത്തിട്ടുണ്ടെന്നു കാണാം. ബാങ്കിൽനിന്നുള്ള ഒടിപി അടക്കം വില പിടിച്ച, തികച്ചും രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങളാണ് ഇതുവഴി നിങ്ങൾ ആർക്കൊക്കെയോ തുറന്നുകൊടുക്കുന്നത്. ഈ വിവരങ്ങൾ ഹാക് ചെയ്ത് ആരെങ്കിലും നിങ്ങളുടെ അക്കൗണ്ടിൽനിന്നു പണം അടിച്ചു മാറ്റിയാലും അതെങ്ങനെ സംഭവിച്ചു എന്നറിയാനാകില്ല. എന്നിട്ടു  ബാങ്കിനെയും മറ്റു സംവിധാനങ്ങളെയും പഴിക്കും.പക്ഷേ, യഥാർഥത്തിൽ തെറ്റ് ഫോൺ ഉടമയായ നമ്മുടേതു തന്നെയല്ലേ?’’ 

ചോദിക്കുന്നതു കേരളത്തിലെ പ്രമുഖ സൈബർ വിദഗ്ധരിൽ ഒരാളായ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്. ഓപ്പറേഷൻ റിസർച് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റേഴ്സ് ഡിഗ്രിയുള്ള ഡോ. വിനോദ് സൈബർ ക്രൈം ഫൊറൻസിക്കിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ വികസനരംഗത്ത് ഒന്നര പതിറ്റാണ്ടു പ്രവർത്തിച്ചശേഷം കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി പൊലീസ്, ജുഡീഷ്യറി, റവന്യു ഇന്റലിജൻസ്, കസ്റ്റംസിന്റെ ഇൻവെസ്റ്റിഗേറ്റിങ് ബ്യൂറോ എന്നിവർക്കെല്ലാം സാങ്കേതിക‌വിദഗ്ധൻ എന്ന നിലയിൽ സേവനം നൽകുന്നു. ലോകമെമ്പാടും നടക്കുന്ന സൈബർ ക്രൈമുകളിലെ ഇരകളെ സഹായിക്കാനായി ജീവിതം മാറ്റിവച്ചിരിക്കുകയാണ് ഇദ്ദേഹം. ആപ്പുകളിൽ മാത്രമല്ല, ഇന്റർനെറ്റിലെ സേർച്ച്, ഇ–മെയിൽ, ഫെയ്സ് ബുക്, വാട്സാപ്, ക്യു ആർ കോഡ്, പേയ്മെന്റ് സംവിധാനങ്ങൾ എന്നുവേണ്ട സ്മാർട് ഫോണിൽ, ലാപ്ടോപ്പിൽ, കംപ്യൂട്ടറിൽ ചെയ്യുന്ന ഓരോ പ്രവൃത്തിയും ജാഗ്രതയോടെ വേണം. ഇല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മാത്രമല്ല, ബിസിനസും കുടുംബജീവിതവും സമൂഹത്തിലെ സ്റ്റാറ്റസും അടക്കം എന്തിലും ഹാക്കർമാർ കേറിമേയും. 

എന്നാൽ, പേടിച്ചോ ആശങ്കപ്പെട്ടോ ഇത്തരം ഇടപാടുകളിൽനിന്നു മാറിനിൽക്കാൻ ആർക്കെങ്കിലും കഴിയുമോ? ഇല്ല. വസ്തുതകൾ മനസ്സിലാക്കുകയും അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ചെയ്താൽ മേൽപറഞ്ഞ അപകടസാധ്യത വലിയൊരളവോളം ഒഴിവാക്കാനാകും.- വിനോദ് പറയുന്നു. അതിനുള്ള ചില അറിവുകളും നിർദേശങ്ങളുമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

'സമ്മതിച്ച്' ആപ്പിലാകുന്നവർ 

ഡൗൺലോഡ് ചെയ്യുമ്പോൾ ആപ്പുകൾ ക്യാമറ, എസ്എംഎസ്, ലൊക്കേഷൻ എന്നിവയിലടക്കം പലതിലും സമ്മതം (permission) ചോദിക്കും. അനുവദിച്ചാല്‍ ആപ്പ് ഉടമകളായ കമ്പനിക്ക് (അവർ ആരെന്നോ, എവിടെയെന്നോ ഒന്നും അറിയണമെന്നില്ല) നമ്മുടെ ക്യാമറ, ഫോട്ടോ, എസ്എംഎസ് അടക്കം നിർണായക വിവരങ്ങളിൽ നിയന്ത്രണം കൊടുക്കുകയാണ്. അകലെ ഇരുന്നു നമ്മുടെ ഫോണിലെ വിവരങ്ങളെടുക്കാനും നിയന്ത്രിക്കാനും വരെ അവർക്കു സാധിക്കും. 

എസ്എംഎസിൽ വരുന്ന ഒടിപി അവർക്കെടുക്കാം. അതുപയോഗിച്ചു നമ്മുടെ പണം എടുത്തു കൊണ്ടുപോകാം. ചിലപ്പോള്‍ കൊണ്ടുപോകില്ലായിരിക്കും. പക്ഷേ, അതിനുള്ള സാധ്യത തുറന്നിട്ടിരിക്കുകയാണു നാം. ഇനി അനുമതി നിഷേധിച്ചാലോ? പിന്നെ ആ ആപ്ഉപയോഗിക്കാനും പറ്റില്ല. 

എന്താണു പരിഹാരം?

 ഇവിടെ നമ്മുടെ സാമാന്യബുദ്ധി ഉപയോഗിക്കണം. കലണ്ടർ ആപ് കോൺടാക്ട് ലിസ്റ്റിലും എസ്എംഎസിലും അനുമതി ചോദിച്ചു എന്നിരിക്കട്ടെ. എന്തിനാണു കലണ്ടര്‍ ആപ്പിന് എസ്എംഎസിനു മേല്‍ കണ്‍ട്രോള്‍? എന്നൊരു ചോദ്യം സ്വയം ചോദിക്കുക. ശരിയാണല്ലോ? ആവശ്യമില്ലല്ലോ എന്നു നിങ്ങൾക്കു തോന്നും. വേണ്ട, അനുമതി നിഷേധിക്കാം. ഡിനൈ (Deny) എന്നു കൊടുക്കാം. പക്ഷേ, ആ ആപ് ഉപയോഗിക്കാന്‍ പറ്റില്ല.  ഇത്തരം അനാവശ്യമായ അനുമതികള്‍ ചോദിക്കാനുള്ള അവകാശം ഒരു ആപ്പിനും ഇല്ല. ആവശ്യമുള്ളതു ചോദിക്കാം. കലണ്ടര്‍ ആപ്പിനു ഫോണിന്റെ സ്റ്റോറേജിനു മേൽ കൺട്രോൾ വേണം. ആ അനുമതി കിട്ടിയാലേ മുന്നോട്ടു പോകാനാകൂ. പക്ഷേ, ഫോട്ടോ, എസ്എംഎസ്, കോൺടാക്ട് ലിസ്റ്റ് എന്നിവയൊന്നും കലണ്ടര്‍ ആപ്പിന് ആവശ്യമില്ലെന്നു മനസ്സിലാക്കാം. ഇതിനെ നമുക്കു ‘കംപ്യൂട്ടർ കോമൺസെൻസ്’ എന്നു വിളിക്കാം. അതുപയോഗിച്ചാൽ ആ ആപ് വേണ്ട എന്ന് ഉത്തരം കിട്ടും. ഇങ്ങനെ ഓരോ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും സ്വയം ചോദിക്കുക.

എസ്എംഎസിനു മേല്‍ മെസേജിങ് ആപ്പിന് അനുമതി കൊടുക്കാതെ തരമില്ല. മറ്റൊരു ആപ്പിനും എസ്എംഎസിനുമേൽ അനുമതി കൊടുക്കാതിരിക്കുകയാണു നന്ന്. ഗൂഗിൾ പേയ്ക്ക്  കോൺടാക്ട് ലിസ്റ്റ് വേണ്ടിവരും. പക്ഷേ, ക്യാമറ, എസ്എംഎസ് എന്നിവയൊന്നും ആവശ്യമില്ല. ആവശ്യമുള്ളതു മാത്രം കൊടുക്കുക. ആവശ്യമില്ലാത്തതു കൊടുക്കാതിരിക്കുക. ചിലരുടെ ഗൂഗിൾ പേ എടുത്താൽ ക്യാമറ, എസ്എംഎസുകൾക്കുമേലും അനുമതി കൊടുത്തതായി കാണാം. അതെല്ലാം ഒഴിവാക്കിയാലും ഗൂഗിൾ പേ പോലുള്ളവ പ്രവർത്തിക്കും. 

പക്ഷേ, ചില അനുമതികൾ നൽകിയില്ലെങ്കിൽ കലണ്ടര്‍ ആപ്പുപോലെ ചിലതു പ്രവർത്തിക്കില്ല. അതങ്ങു വേണ്ടെന്നു വയ്ക്കുകയാകും നല്ലത്. 

English Summary : Know More about Mobile Apps and their Controll over phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com