മൊബൈലിനൊരു പാറ്റേണുള്ളതു കൊണ്ട് എല്ലാമായോ?

Mail This Article
എന്റെ ഫോണിൽ പറ്റേൺ ലോക്കുണ്ട്, അതു കൊണ്ട് ആർക്കും അതിലേക്ക് കടക്കാനാകില്ല എന്ന ആശ്വാസത്തിലാണോ നിങ്ങൾ? എന്നാൽ അങ്ങനങ്ങ് ആശ്വസിക്കാൻ വരട്ടെ. പാറ്റേൺ ലോക്കുണ്ടെങ്കിലും ഡേറ്റയും വൈഫൈയും ബ്ലൂടൂത്തുമൊക്കെ സ്ഥിരമായി ഫോണിലും ലാപ്പിലും കംപ്യൂട്ടറിലുമെല്ലാം ഓൺ ചെയ്തിടുന്നതു കൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് സൈബർ വിദഗ്ധനായ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് വിശദീകരിക്കുന്നു.
ഫോണിനു പുറംലോകത്തേക്കുള്ള വാതിലുകളാണ് ഡേറ്റയും വൈഫൈയും ബ്ലൂടൂത്തും എല്ലാം. അതില്‍കൂടി വിവരങ്ങൾ നമ്മിലേക്കെത്തും. നമുക്ക് ആവശ്യമുള്ളവരിലേക്കെത്തിക്കാനും കഴിയും. ഇവയെല്ലാം എപ്പോഴും ഓപ്പണായിരുന്നാൽ ആര്‍ക്കു വേണമെങ്കിലും നമ്മുടെ സിസ്റ്റത്തിൽ കയറാം.
ഏതാണു സുരക്ഷിതം?
വാതിലുകൾ എപ്പോഴും തുറന്നിടണോ? ആവശ്യമുള്ളപ്പോൾ മാത്രം തുറക്കുകയും അതു കഴിഞ്ഞ് അടയ്ക്കുകയും ചെയ്യണോ? ഏതാണു സുരക്ഷിതം എന്നു സ്വയം തീരുമാനിക്കണം. വീടിന്റെ വാതിലുകൾ സ്ഥിരമായി തുറന്നിട്ടാല്‍ ആര്‍ക്കും കടന്നുവരാം. അതിൽ അപകടകാരികളും ഉണ്ടാകാം. അതുകൊണ്ടാണ് ആവശ്യമുള്ളപ്പോൾ മാത്രം തുറക്കുന്നത്. ഇതേ രീതി വൈഫൈ, ഡേറ്റ, ബ്ലൂടൂത്ത് എന്നിവയുടെ കാര്യത്തിലും സ്വീകരിക്കുന്നതാണു നല്ലത്.
വൈഫൈ മോഡത്തിനു പാസ്‌വേഡ് ഉണ്ടല്ലോ, പിന്നെന്താ പ്രശ്നമെന്നു സംശയിക്കാം. ഹാക്കർമാർക്ക് അതൊരു തടസ്സമല്ല. ഹാക് ചെയ്താല്‍ എളുപ്പത്തില്‍ കയറാം. പാസ്‌വേഡ് എങ്ങനെ ഹാക് ചെയ്യാം എന്ന് ഒന്നു സേർച്ച് ചെയ്തു നോക്കൂ. ഗൂഗിൾ തന്നെ പല വഴികൾ പറഞ്ഞു തരും. ഇവിടെ അത്തരം കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയല്ല, മറിച്ച് അപകടസാധ്യതയെക്കുറിച്ചു മുന്നറിയിപ്പു തരികയാണ്. മോഡം ഹാക് ചെയ്യാനായാൽ അതുമായി ബന്ധിപ്പിക്കുന്ന വീട്ടിലെ ഓരോരുത്തരുടെയും ഫോണിൽ കയറാം, വിവരങ്ങൾ എടുക്കാം.
Also Read... സ്മാർട് ഫോൺ തുറന്നിട്ടു ജീവിതം താറുമാറാക്കണോ
ഫോണിനു പിന്നും പാറ്റേണും ഫിംഗർ പ്രിന്റും പോലുള്ള ലോക്കുകൾ ഇല്ലേ, പിന്നെങ്ങനെ ഹാക് ചെയ്യും എന്നാവും അടുത്ത സംശയം. നിങ്ങളുടെ ഫോണ്‍ എടുത്തു പുറത്തേക്കു വിളിക്കുമ്പോഴാണു പാറ്റേണോ പാസ്‌വേഡോ അറിയേണ്ടത്. പുറത്തു നിന്നുവരുന്ന കോളോ മെസേജോ ഫോണിലേക്കെത്താൻ അവ തടസ്സമല്ല. അതായത്, പാറ്റേണും പിന്നും ഫോണ്‍ ലോക് ചെയ്യാനുള്ള സംവിധാനമാണ്. അതുവഴി നമ്മുടെ സ്‌ക്രീന്‍ ലോക് ചെയ്യാം എന്നു മാത്രം.
പക്ഷേ, ഈ സ്‌ക്രീനിൽ കൂടിയല്ലാതെ, പാറ്റേണ്‍ അറിയാതെ തന്നെ നമ്മുടെ ഫോണിൽ കയറാനുള്ള വാതിലുകളാണു ഡേറ്റാ, വൈഫൈ, ബ്ലൂടൂത്ത് എന്നിവ. അവ വഴി പുറത്തുനിന്നു ഹാക് ചെയ്തു വരാം. അതുകൊണ്ട് ഡേറ്റ, വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഓഫ് ചെയ്തിടുക എന്നത് ഫോൺ സ്ക്രീന്‍ ലോക് ചെയ്യുന്നതുപോലെ പ്രധാനമാണ്. നമ്മുടെ ഉത്തരവാദിത്തമാണ്.
English Summary : Switch Off Mobile Data, WiFi, Bluetooth when not in Use