തട്ടിപ്പ്കാര്യം എല്ലാവരെയും അറിയിക്കണം, ഇല്ലെങ്കിൽ അപകടം!

Mail This Article
സാമ്പത്തികനില എങ്ങനെയാണ്? രാവിലെ സുഹൃത്തിന്റെ വാട്സാപ് മെസേജ്. വളരെ നാളുകൾക്കുശേഷമാണ് സുഹൃത്തിന്റെ മെസേജ്. കുഴപ്പമില്ല. അങ്ങനെ പോകുന്നു. ഞാൻ റിപ്ലൈ അയച്ചു. സുഹൃത്ത് എന്തോ മെസേജ് കുറെനേരമായി ടൈപ്പ് ചെയ്യുന്നു. പക്ഷേ, ഒന്നും വരുന്നില്ല. പണം കടം ചോദിക്കാനായിരിക്കും. അടുത്ത മെസേജിൽ കാശ് ചോദിക്കുമെന്ന് ഉറപ്പിച്ച് ഞാൻ കാത്തിരുന്നു. പക്ഷേ, ഒന്നും വരുന്നില്ല. എനിക്കു ദേഷ്യം വന്നു. എന്താ പതിവില്ലാതെ സാമ്പത്തിക സ്ഥിതിയെപ്പറ്റി അന്വേഷണം? ഞാൻ ചോദിച്ചു.
‘അല്ല, നിന്റെ സാമ്പത്തികനില കുഴപ്പമില്ല എങ്കിൽ എനിക്ക് ഒരു അത്യാവശ്യമുണ്ടായിരുന്നു. ആ പണം ഒന്നു തിരിച്ചിട്ടേക്കാമോ?’ ഉടനെ വന്നു മെസേജ്.
ഇതു കണ്ട് ഞാൻ തിരിച്ചുവിളിച്ചു. ‘ഏതു പണത്തിന്റെ കാര്യമാണു പറയുന്നത്?’
‘രണ്ടു മാസം മുൻപ് ഫെയ്‌സ്ബുക് മെസഞ്ചർവഴി എനിക്കു മെസേജ് ഇട്ടില്ലേ? നിന്റെ ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ല, അത്യാവശ്യമായി 20,000 രൂപ ഒരു നമ്പരിലേക്ക് ഗുഗിൾ പേ ചെയ്യാമോ എന്നു പറഞ്ഞ്. അത് ഞാൻ അപ്പോൾത്തന്നെ ചെയ്ത് സ്‌ക്രീൻഷോട്ടും അയച്ചിരുന്നല്ലോ.’
ഞാൻ ഞെട്ടിപ്പോയി. എന്റെ പേരിൽ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടാക്കി ആരോ സുഹൃത്തിനെ പറ്റിച്ചിരിക്കുന്നു. കാര്യം പറഞ്ഞതോടെ സുഹൃത്തും സ്തബ്ധനായി.
‘ഈ വിവരം നീ അറിഞ്ഞിരുന്നോ?’ സുഹൃത്ത് ചോദിച്ചു. ‘ഇത്തരം മെസേജ് വന്നപ്പോൾ ചില സുഹൃത്തുക്കൾ അറിയിച്ചിരുന്നു.’ ഞാൻ പറഞ്ഞു.
‘എന്നിട്ട് അന്ന് നീ എന്തുചെയ്തു.’ ‘അതിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു’.
‘അത്രമാത്രം?’ സുഹൃത്തിന്റെ ശബ്ദം ഉയർന്നു.
‘അല്ലാതെന്തു ചെയ്യാൻ....’ എന്റെ ശബ്ദത്തിൽ നിസ്സഹായത നിറഞ്ഞു.
‘നീ ഒരാവശ്യം പറഞ്ഞാൽ മറിച്ചൊന്നും ചിന്തിക്കാതെ സഹായിക്കുന്നവരെ അത്യാവശ്യ മെസേജ് അറിയിക്കാൻ എന്തൊക്കെ മാർഗങ്ങളുണ്ട്?’
‘അത് പിന്നെ, വാട്‌സാപ് മെസേജ് നേരിട്ടു ചെയ്യാം. ഗ്രൂപ്പുകളിൽ ഇടാം. വാട്‌സാപ് സ്റ്റാറ്റസ് ഇടാം. ഫെയ്സ് ബുക്, മെസഞ്ചർ, ഇൻസ്റ്റ തുടങ്ങിയവയിൽ പോസ്റ്റു ചെയ്യാം. നേരിട്ടു വിളിച്ചുപറയാം.’ ഞാൻ പറഞ്ഞു.
‘നിന്റെ പേരിൽ ഒരാൾ തട്ടിപ്പിനിറങ്ങിയ കാര്യം നീ അറിഞ്ഞിട്ടും ഇതിൽ ഏതു കാര്യമാണ് ചെയ്തത്?’ അവൻ ശബ്ദമുയർത്തി .
‘ഇത് ഇത്ര വലിയ സീരിയസ് സംഭവമാകുമെന്നു കരുതിയില്ല.’ എന്റെ ശബ്ദം പതറി.
ലക്ഷ്യം അടുപ്പമുള്ളവരെ
ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നത് നമ്മളോട് ഏറ്റവും അടുപ്പമുള്ളവരെയാണ്. ഒരു മെസേജ് ഇട്ടാൽ അതു പെട്ടെന്നു വിശ്വസിക്കും. പെട്ടെന്നു സഹായം എത്തിക്കാൻ ശ്രമിക്കും. ഞാൻ അത്തരത്തിൽ ഒരാളാണ്. അതുകൊണ്ട് എനിക്കു പണി കിട്ടി. തട്ടിപ്പു ശ്രദ്ധയിൽ പെട്ടാൽ ഇതുപോലുള്ളവരെ നേരിട്ടു വിളിച്ചുപറയണം. ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടാൽ ആരു കാണാനാണ്. നീ ഈ സംഭവത്തെ വളരെ നിസ്സാരമായി കണ്ടു. ആർക്കൊക്കെ ഇതുപോലെ പൈസ പോയിട്ടുണ്ടാകും. അത്യാവശ്യം വന്നപ്പോൾ ഞാൻ തിരികെ ചോദിച്ചതുകൊണ്ട് നീ അറിഞ്ഞു. പലരും ചോദിക്കുകപോലും ചെയ്യില്ല. ഇതു നിന്റെ തെറ്റാണ്. ഇത് ആവർത്തിക്കാതിരിക്കാൻ എനിക്കു നഷ്ടപ്പെട്ട പണം നീ തരണം. നിനക്കുള്ള ശിക്ഷയായി കരുതിയാൽ മതി.
ശരിയാണ്. തെറ്റ് എന്റേതാണ്. ഞാൻ 20,000 രൂപ ഗൂഗിൾ പേ ചെയ്തുകൊടുത്തു. മൂന്നാം ദിവസം സുഹൃത്ത് പണം തിരികെ അയച്ചു. എനിക്കു കുറച്ചുഫണ്ട് കിട്ടി. ശിക്ഷാ പണം തിരികെ അയയ്ക്കുന്നു എന്ന ഒരു മെസേജും
(സമ്പാദ്യം മാഗസിനിൽ പ്രസിദ്ധീകരിച്ചത്)
പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനുമാണ് ലേഖകൻ
English Summary : Beware about Financial Frauds, Inform Others about it