വില കുതിക്കുമ്പോഴും സ്വർണം വാങ്ങാം, പലതുണ്ട് കാരണങ്ങൾ
Mail This Article
സ്വർണത്തിൽ നിക്ഷേപമുള്ളവരെപ്പോലെ ആഹ്ലാദിക്കുന്നവർ ഇപ്പോൾ മറ്റാരുമുണ്ടാകില്ല. ഏപ്രിലിൽ മാത്രം പവന് കൂടിയത് 3,840 രൂപ. 2024ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിക്ഷേപം എന്ന പദവിയും ഇപ്പോൾ അലങ്കരിക്കുന്നത് മഞ്ഞലോഹംതന്നെ. കഴിഞ്ഞ മൂന്നുമാസംകൊണ്ട് 20 ശതമാനത്തോളം വർധന സ്വർണം രേഖപ്പെടുത്തിയപ്പോൾ ഓഹരി വിപണിയിൽ സെന്‍സെക്സ് രേഖപ്പെടുത്തിയത് ഏതാണ്ട് ഒരു ശതമാനം നേട്ടം മാത്രം. ഇടയ്ക്ക് ചെറിയ തിരുത്തലൊക്കെ ഉണ്ടെങ്കിലും വർഷാരംഭത്തിൽ തുടങ്ങിയ സ്വർണക്കുതിപ്പ് ഇപ്പോഴും തുടരുകയാണ്. ഏതാണ്ട് സമാനനേട്ടം നൽകി തൊട്ടുപിന്നിലായി വെള്ളിയും ഉണ്ട്.
വിലകുതിക്കാൻ പല കാരണങ്ങൾ
നിലവിലെ സാഹചര്യത്തിൽ രണ്ടു പ്രെഷ്യസ് മെറ്റൽസിന്റെയും വില ഇനിയും കൂടുമെന്നാണ് ലോകമെമ്പാടുമുള്ള വിദഗ്ധരുടെ വിലയിരുത്തൽ.അനിതരസാധാരണമായ ഈ സ്വർണക്കുതിപ്പിനു കളമൊരുക്കിയത് പല ഘടകങ്ങളാണ്. പണപ്പെരുപ്പം ഉയർന്നനിലയിൽ തുടരുന്നതിനൊപ്പം വിവിധ രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത സംഘർഷാവസ്ഥയാണ് പ്രധാന കാരണം. രാജ്യങ്ങൾ തമ്മിൽ ചെറുസംഘർഷങ്ങൾ ഉടലെടുത്താൽപോലും സ്വർണവില ഇനിയും റോക്കറ്റുപോലെ കുതിക്കാം. കേന്ദ്ര ബാങ്കുകൾതന്നെ വൻതോതിൽ സ്വർണം വാങ്ങുന്നതാണ് ഡിമാൻഡും വിലയും കുതിക്കാൻ മറ്റൊരു കാരണം. പ്രധാന ഉപഭോഗ രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും ഡിമാൻഡ് വർധിക്കുന്നത് റീട്ടെയിൽതലത്തിലും വിലവർധനയ്ക്ക് ആക്കംകൂട്ടുന്നു. ചൈനയിലെ റിയൽ എസ്റ്റേറ്റ് മാന്ദ്യംമൂലം ചെറുകിടക്കാരും സ്വർണത്തിൽ കൂടുതലായി നിക്ഷേപിക്കുന്നുണ്ട്. ഡോളർ ആശ്രയത്വം കുറയ്ക്കാൻ (ഡീ ഡോളറൈസേഷൻ), ലോകരാഷ്ട്രങ്ങൾ സ്വർണറിസർവ് ഉയർത്തുകയാണ്, പ്രത്യേകിച്ച് ചൈന. ഡോളറിനെതിരെ രൂപ വീണ്ടും ദുർബലമാകുന്നതും ഇന്ത്യയിൽ സ്വർണവില കൂട്ടുന്നു.
വില ഇനിയും കൂടാം, നിക്ഷേപം മികച്ച നേട്ടം തരും
സ്വർണവില ഇനിയും ഉയരാനുള്ള സാധ്യത ഏറെയാണെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. അതിനുള്ള ചില കാരണങ്ങൾ കാണാം:
∙2022–23ൽ അമേരിക്കയിൽ പലിശനിരക്ക് ഉയർത്തിയതുമൂലം സ്വർണവിലയിൽ ഇടിവുണ്ടായി. എന്നാലിപ്പോൾ യുഎസ് പലിശ കുറയ്ക്കാനുള്ള നീക്കത്തിലാണ്. സ്വർണത്തിലേക്ക് ഇനിയും നിക്ഷേപം ഒഴുകിയെത്താനും വില ഉയരാനും ഇതു കാരണമാകും.
∙ലോകത്തെ ഖനികളിലെല്ലാം സ്വർണലഭ്യത ഗണ്യമായി കുറയുകയാണ്. സ്വർണം വേർതിരിച്ചെടുക്കുന്നതടക്കം ഉൽപാദനച്ചെലവാകട്ടെ, ഓരോ വർഷവും കുതിച്ചുയരുകയും ചെയ്യുന്നു. ലഭ്യത കുറയ്ക്കുമ്പോൾ വില കൂടുന്നത് സ്വാഭാവികമാണ്.
∙ആഗോളതലത്തിലെ സംഘർഷങ്ങൾ സർണവിലയെ സ്വാധീനിക്കും. റഷ്യ–ഉക്രൈൻ, പാലസ്തീൻ–ഇസ്രയേൽ യുദ്ധങ്ങളിലേക്ക് മറ്റു രാജ്യങ്ങൾ കടന്നുവരാം, അതല്ലെങ്കിൽ പുതിയ യുദ്ധസാഹചര്യങ്ങൾ ഉടലെടുക്കാം. അങ്ങനെവന്നാൽ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ വില വീണ്ടും കുതിക്കും.
∙ഡോളറിനെതിരെ ബ്രിക് രാജ്യങ്ങളിൽ കുറച്ചു നാളായി നീക്കങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിൽ മോദിസർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഡീ ഡോളറൈസേഷൻ കൂടുതൽ ശക്തമാക്കാം.
ഡീ ഡോളറൈസേഷനും സ്വർണക്കുതിപ്പും
ഏതാനും മാസങ്ങളായി സ്വർണവിലയിലെ വർധനയ്ക്ക് പ്രധാന കാരണമാകുന്നത് ഡീ ഡോളറൈസേഷൻ ആണെന്ന് ധനകാര്യവിദഗ്ധർ. നോട്ടു നിരോധനം എന്ന ഡീ മോണിറ്റൈസേഷൻ നമുക്കു പരിചിതമാണ്. അതുപോലെ ഡോളർ
ഉപയോഗം കുറയ്ക്കാനുള്ള വിവിധ രാജ്യങ്ങളുടെ ശ്രമത്തെയാണ് ഡീ ഡോളറൈസേഷൻ എന്നുപറയുന്നത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ കയ്യിലെ ഡോളറിന്റെ കരുതൽശേഖരം കുറച്ച് പകരം ഗോൾഡ് റിസർവിലേക്കു മാറുകയാണ്. റഷ്യ–ഉക്രൈൻ യുദ്ധത്തെത്തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യയുടെ ഡോളർ റിസർവ് മരവിപ്പിച്ചതാണ് കൂടുതൽ രാജ്യങ്ങളെ ഡീ ഡോളറൈസേഷനു പ്രേരിപ്പിച്ചത്. അതിന്റെ ഭാഗമായി വിവിധ കേന്ദ്രബാങ്കുകൾ സ്വർണശേഖരം വർധിപ്പിച്ചു. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 13.3 ടൺ സ്വർണമാണു വാങ്ങിയത്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 2023ൽ വാങ്ങിക്കൂട്ടിയത് 225 ടൺ സ്വർണവും.
കേരളത്തില്‍ വില നിശ്ചയിക്കുന്നത് ആര്?
രാജ്യാന്തര വിലയുടെ അടിസ്ഥാനത്തിൽ 24 കാരറ്റ് സ്വർണത്തിന്റെ രൂപയിലുള്ള വിലയ്ക്കൊപ്പം ഓരോ ദിവസത്തെയും ഡോളർവില, രൂപയുടെ വിനിമയനിരക്ക് എന്നിവ കൂടി വിലയിരുത്തിയാണ് ഓരോ ദിവസത്തെയും സ്വർണവില നിശ്ചയിക്കുന്നത്. കേരളത്തിലെ സ്വർണവ്യാപാരികളുടെ ഏറ്റവും വലിയ സംഘടനയായ എകെജിഎസ്‌എംഎ രാവിലെ ഒൻപതരയോടെ ഈ വില നിശ്ചയിച്ച് ബന്ധപ്പെട്ടവരെ അറിയിക്കും.
ഇപ്പോൾ വാങ്ങണോ, വിൽക്കണോ?
വില കൂടുമ്പോൾ ഓഹരി വാങ്ങിക്കൂട്ടുക എന്ന അതേ മനോഭാവം ഇപ്പോൾ സ്വർണത്തിലും പ്രകടമാകുന്നുണ്ട്. വില കൂടിയിട്ടും വാങ്ങൽ തകൃതിയാണ്. വിവാഹസീസണായതും വാങ്ങാൻ ആളുകളെ നിർബന്ധിതമാക്കുന്ന ഘടകമാണ്. എന്നാൽ ഇപ്പോൾ വാങ്ങണോ, വിൽക്കണോ എന്നത് ചിന്തിച്ചുചെയ്യേണ്ടതാണ്. വില കുറയുമ്പോൾ വാങ്ങുക, ഉയരുമ്പോൾ വിൽക്കുക ഇതാണ് ഏതു നിക്ഷേപത്തെ സംബന്ധിച്ചും യുക്തിപൂർണമായ രീതി. അതനുസരിച്ചു വില ഗണ്യമായി ഉയർന്നതിനാൽ ഇപ്പോൾ സ്വർണം വാങ്ങാതിരിക്കാം. മറിച്ച്, വിറ്റു നേട്ടം എടുക്കുംമുൻപ് രണ്ടുവട്ടം ആലോചിക്കണം. പണത്തിന് അത്യാവശ്യമുണ്ടെങ്കിൽ ഇപ്പോൾ ഒരു വിഹിതം വിറ്റ് കാര്യം നടത്തുന്നതിൽ തെറ്റില്ല. എന്നാൽ വിലവർധനയുടെ നേട്ടമെടുക്കാനായിമാത്രം വിൽക്കേണ്ടതില്ല. കാരണം ഇപ്പോൾ വില കുറച്ചു കുറഞ്ഞിട്ടുണ്ടെങ്കിലും വില ഇനിയും കൂടുമെന്നുതന്നെയാണ് വിലയിരുത്തൽ. ഇടക്കാലത്ത് ഇടിവുണ്ടായാലും ഭാവിയിൽ സ്വർണവില മുന്നേറും എന്നതിൽ സംശയമില്ല. അതിനാൽ നിക്ഷേപം എന്ന നിലയിൽ ഇപ്പോൾ വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ വിലയിടിയുമ്പോൾ വാങ്ങുന്നതാകും മെച്ചം. വ്യക്തിയുടെ പോർട്ട്ഫോളിയോയിൽ സ്വർണ വിഹിതം 10–15 ശതമാനത്തിലധികം വേണ്ട എന്നാണ് ധനകാര്യവിദഗ്ധർ കാലങ്ങളായി പറയുന്നത്. സ്വർണം വിവിധതരം സാമ്പത്തിക അനിശ്ചിതാവസ്ഥകളെ, നഷ്ടത്തെ പ്രതിരോധിക്കാനുള്ള ഹെഡ്ജിങ് ടൂൾ ആണ്, അല്ലാതെ ദീർഘകാലാടിസ്ഥാനത്തിൽ ഓഹരിയിലെ നേട്ടം പ്രതീക്ഷിക്കാനാകില്ല എന്നതാണ് വിശദീകരണം. എന്നാൽ ആ രീതി മാറുകയാണ്. സ്വർണം ഹ്രസ്വകാലത്തും ഇടക്കാല–ദീർഘകാലയളവിലും നല്ല നേട്ടം നൽകുന്ന നിക്ഷേപമായി മാറിയിരിക്കുന്നു. അതിനാൽ പോർട്ട്ഫോളിയോയിൽ സ്വർണത്തിന്റെ വിഹിതം 20–25 ശതമാനമായി വർധിപ്പിക്കുന്നതിൽ തെറ്റില്ല.
എങ്ങനെ വാങ്ങണം?
വില കൂടിനിൽക്കുമ്പോൾ ഒറ്റയടിക്കു വാങ്ങാതെ വില കുറയുമ്പോഴെല്ലാം വാങ്ങി ആവറേജിങ് നടത്താം. വിവാഹംപോലുള്ളവയ്ക്ക് സ്വർണം ആഭരണമായി വാങ്ങേണ്ടിവരും. പക്ഷേ, അവിടെയും ആഭരണം വാരിവലിച്ചിടാൻ താൽപര്യമില്ലാത്തവർക്ക് സ്വർണം മറ്റു രീതിയിൽ സമ്മാനിക്കാം. കാരണം ആഭരണം വാങ്ങുമ്പോൾ പണിക്കൂലി, നികുതിയിനത്തിൽ 25% എങ്കിലും നഷ്ടം സംഭവിക്കാം. പകരം ഡിജിറ്റലായ സ്വർണത്തിൽ ഈ നഷ്ടം ഇല്ലാതാകും. ഒപ്പം അപകടസാധ്യതകളും സൂക്ഷിക്കാനുള്ള ചെലവും കുറയ്ക്കാം. അത്യാവശ്യം വരുമ്പോൾ പെട്ടെന്നു വിൽക്കാം. പണയംവയ്ക്കാനും ഡിജിറ്റൽ ഗോൾഡ് മികച്ചതാണ്. ഇവിടെ സോവറിൻ ഗോൾഡ് ബോണ്ട്, ഗോൾഡ് ഇടിഎഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ട് എന്നിവ പരിഗണിക്കാം.