ഇഷ്ടമുള്ള ഭക്ഷണം എത്തിക്കാൻ മാത്രമല്ല, കല്യാണ സദ്യയ്ക്കും സ്വിഗി റെഡി
Mail This Article
എന്തിനും, ഏതിനും സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ജോലി ഭാരം വർധിച്ചതും, ഭക്ഷണം ഉണ്ടാക്കാൻ സമയമില്ലാത്തതും, ഓൺലൈൻ ഭക്ഷണം വാങ്ങുന്നത് കൂടുതൽ ലാഭമാണ് എന്ന് വിചാരിച്ച് ഓർഡർ ചെയ്യുന്നതുമെല്ലാം ഭക്ഷണ ഡെലിവറി കമ്പനികളുടെ ബിസിനസ് കൂട്ടുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണ ശാലകളിൽ നിന്നും പെട്ടെന്ന് ഇഷ്ടമുള്ള ഭക്ഷണം വീട്ടിലെത്തിക്കാൻ ഭക്ഷണ ഡെലിവറി കമ്പനികൾ നടത്തുന്ന സേവനങ്ങൾ പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. ഭക്ഷണശാലകൾക്കും ഉപഭോക്താക്കൾക്കും സ്വിഗി പോലുള്ള കമ്പനികൾക്കും ഒരുപോലെ ലാഭമുള്ള ഏർപ്പാടായതിനാലാണ് ഈ ബിസിനസ് മോഡൽ വീണ്ടും വളരുന്നത്.
ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമായ സ്വിഗി വഴി തങ്ങളുടെ വിവാഹ നിശ്ചയ സൽക്കാരം നടത്താൻ ഡൽഹിയിൽ നിന്നുള്ള ദമ്പതികൾ തീരുമാനിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സാധാരണയായി വിവാഹ നിശ്ചയത്തിന് ഭക്ഷണം വിളമ്പാൻ കേറ്ററിങ് കമ്പനിയെ ഏൽപ്പിക്കുന്നത് പോലെ ചെയ്യാതെ സ്വിഗിയെ ഭക്ഷണ സാധനങ്ങൾ എത്തിക്കാനും വിളമ്പാനും ഏർപ്പെടുത്തിയതാണ് പുതുമയായത്. ഈ സംഭവം വൈറലായതിനു പിന്നാലെ ഇവരുടെ കല്യാണത്തിനും സ്വിഗി വഴി ഓർഡർ നടത്തുമെന്ന് കരുതുന്നു എന്ന് സ്വിഗി പ്രതികരിച്ചു. എന്തൊക്കെയായാലും, സ്വിഗിയെ പോലുള്ളവരെ ആഘോഷങ്ങളിൽ കേറ്ററിങ് കമ്പനികൾക്ക് പകരക്കാരാക്കുന്ന രീതി ഇനി പലരും അവലംബിക്കും എന്നുറപ്പാണ്.