ഉടൻ കിട്ടും പലതരം വായ്പകൾ! ചിലവ് അൽപ്പം കൂടിയാലെന്താ, കാശില്ലാതെയും ഓണം അടിച്ചു പൊളിയ്ക്കാം
Mail This Article
ഇഷ്ടപ്പെട്ട ടിവിയോ വാഷിങ് മെഷിനോ മറ്റേതെങ്കിലും ഗൃഹോകരണങ്ങളോ വാങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയാണോ. കയ്യിലാകട്ടെ പണമൊന്നും ഇല്ല എന്ന കാരണത്താല്‍ നിങ്ങള്‍ അവര്‍ക്ക് നേരെ കണ്ണുരുട്ടുകയാണോ. എങ്കില്‍ ചിലവ് അല്‍പ്പം ഏറുമെന്നേയുള്ളൂ നിങ്ങള്‍ക്കും സ്വന്തമാക്കാം ആഗ്രഹിച്ചതെല്ലാം ഈ ഓണക്കാലത്ത്. പക്ഷേ അല്‍പ്പം ശ്രദ്ധിക്കണം എന്നുമാത്രം. പലിശയും ഫീസും അല്‍പ്പം കൂടും. അതു നല്കാന് തയ്യാറെങ്കില്‍ വായ്പ എടുത്തു ഇവ വീട്ടില്‍ കൊണ്ടുപോകാം. അതിനുള്ള ചില മാര്‍ഗങ്ങളാണ് ഇനി പറയുന്നത്. ഇവ പ്രയോജനപ്പെടുത്തും മുമ്പ് മാര്‍ഗനിര്‍ദ്ദേശങ്ങളും നിബന്ധനകളും വ്യക്തമായി സേവന ദാതാക്കളില്‍ നിന്ന് ചോദിച്ച് മനസിലാക്കിയിരിക്കണം. അതൊക്കെ പാലിക്കാന്‍ നിങ്ങള്ക്കാവുമെങ്കില് മാത്രം മുന്നോട്ടുപോകുക.
1.ഷോറൂമില്‍ കിട്ടും ഉടനടിവായ്പ
മിക്ക ഗൃഹോകരണ കമ്പനികളും ഡീലര്‍മാരും സ്വകാര്യ ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്ന് ഷോറൂമില്‍ തന്നെ വായ്പാ സൗകര്യം നല്‍കുന്നുണ്ട്. വളരെ ലളിമായ വ്യവസ്ഥയില്‍ വായ്പ കിട്ടും. അഡ്രസ് പ്രൂഫും ചെക്ക് ലീഫും മാത്രം മതി. വാങ്ങിയ വസ്തുവിന്റെ പരമാവധി വില്‍പ്പന ആറുമുതല്‍ 24 മാസംവരെയുള്ള തവണകളായി തിരിച്ചടയ്ക്കാവുന്ന വിധത്തിലുള്ള വായ്പകളാണ് ഇവര്‍ നല്‍കുന്നത്. പലിശ രഹിത വായ്പകളെന്നും മറ്റും ഇവര്‍ പറയുമെങ്കിലും അതത്ര കണ്ണുമടച്ച് വിശ്വസിക്കേണ്ട. പലിശയ്ക്ക് സമാനമായി പ്രോസസിങ് ഫീ, അഡ്വാന്‍സ് ഇഎംഐ തുടങ്ങിയ രീതിയില്‍ പണം നല്‍കേണ്ടിവരും. പലരീതിയിലുള്ള ഹിഡന്‍ കോസ്റ്റുകളും കാണും. തവണ മുടങ്ങിയാല്‍ പീനല്‍ ചാര്‍ജ് വലുതായിരിക്കും. ഇക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷമേ ഇത്തരം വായ്പകള്‍ എടുക്കാവൂ. ഫിനാന്‍സ് കമ്പനികള്‍ മാറുന്നതനുസരിച്ച് നിബന്ധനകളും മാറും. ചില കമ്പനികള്‍ ഉല്‍പ്പന്നവിലയുടെ 75 ശതമാനം തുകയാണ് വായ്പയായി നല്‍കുക. ബാക്കി തുക രൊക്കം നല്‍കണം. ഉദാഹരണത്തിന് 15000 രൂപയുടെ ടീവി വാങ്ങണം എന്നു കരുതുക. 5000 രൂപ നല്കിയാല് ടി.വി വീട്ടില്‍ കൊണ്ടുപോകാം. ബാക്കി 10000 രൂപ തുല്യതവണകളായി എട്ടുമാസമോ 10 മാസമോ കൊണ്ട് അടച്ചാല്‍ മതി. പ്രോസസിങ് ഫീസ് ആയി 800 രൂപ മുതല്‍ 1000 രൂപവരെ ഈടാക്കും. ഡീലര്‍ നല്കുന്ന എല്ലാ ഓഫറുകളും ഈ പര്‍ച്ചേസിനും ലഭിക്കും. എങ്കിലും ഇക്കാര്യം മുന്‍കൂട്ടി ചോദിച്ച് മനസിലാക്കിയിരിക്കണം.
2. ക്രെഡിറ്റ് കാര്‍ഡ് വായ്പ
ഏറ്റവും ലളിതമായ വായ്പാ സൗകര്യമാണിത്. ഷോറൂമില്‍ ചെല്ലുക. ഇഷ്ടമുള്ള സാധനം വാങ്ങുക. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുക. അതിനുശേഷം ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ വെബ്സൈറ്റില്‍ പ്രവേശിച്ച് ഈ ഇടപാട് ഇഎംഐ സ്കീമിലാക്കാന്‍ പറയുക. അല്ലെങ്കില്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് ഇഎംഐ സ്കീമില്‍ ആക്കാന്‍ പറയുക. അപേക്ഷ വേണ്ട, അഡ്രസ് പ്രൂഫ് വേണ്ട. ഒന്നും വേണ്ട. അനാവശ്യമായ നൂലാമാലകള്‍ ഒന്നും ഇല്ല. ആകെ വേണ്ടത് ഒരു ക്രെഡിറ്റ് കാര്‍ഡും അതില്‍ ആവശ്യത്തിന് ക്രെഡിറ്റ് ലിമിറ്റും മാത്രം. പല കാലയളവിലുള്ള വായ്പാ കാലാവധി കിട്ടും.
മൂന്നുമുതല്‍ 24 മാസം വരെയും അതില്‍ കൂടുതലും വായ്പാ കാലാവധി തരുന്ന കാര്‍ഡ് കമ്പനികളുണ്ട്. പലിശ പ്രതിമാസം 0.75 മുതല്‍ 1.5 ശതമാനം വരെ ഈടാക്കും. പ്രോസസിങ് ഫീസ് നല്‍കണം. 1.5 ശതമാനം മുതല്‍ 2.5 ശതമാനം വരെ ഈടാക്കുന്ന കമ്പനികളുണ്ട്. ചിലര്‍ 200 രൂപ മുതല്‍ 500 രൂപവരെ ഫ്ളാറ്റ് നിരക്കിലും ഈടാക്കാറുണ്ട്. ഇഎംഐ തുക ഓരോ മാസത്തെ ബില്ലില്‍ ചേര്‍ത്ത് വരും. ബില്‍ തുകയ്ക്ക് ഒപ്പം ഇത് അടച്ചുകൊണ്ടിരുന്നാല്‍ മതി. വായ്പ എപ്പോള്‍ വേണമെങ്കിലും ഒരുമിച്ച് അടച്ച് ക്ലോസ് ചെയ്യാം. പക്ഷേ അതിന് പ്രീ ക്ലോഷര്‍ ചാര്‍ജ് നല്‍കേണ്ടിവരും. അടയ്ക്കാന്‍ ബാക്കിയുള്ള തുകയുടെ മൂന്നുശതമാനം മുതല്‍ ഇങ്ങനെ നിരക്ക് ഈടാക്കുന്ന കമ്പനികളുണ്ട്. ഇത്തരത്തിലുള്ള എല്ലാ പര്‍ച്ചേസുകളും ഇഎംഐ ആയി മാറ്റാന്‍ പറ്റില്ല. നിശ്ചിത തുകയ്ക്ക് മേല്‍ വരുന്ന പര്‍ച്ചേസുകള്‍ക്കാണ് മിക്ക കമ്പനികളും ഇത്തരത്തിലുള്ള സൗകര്യം നല്‍കുന്നത്. വാങ്ങിയതിനുശേഷം നിശ്ചിത തിയതിക്കകം ഇഎംഐ ആക്കാനുള്ള റിക്വസ്റ്റ് നല്‍കിയിരിക്കണം. ബില്‍ തിയതിക്ക് മൂന്നു ദിവസം മുമ്പുവരെയുള്ള പര്ച്ചേസുകള്ക്കേ ഈ സൗകര്യം ലഭിക്കൂ എന്നതും മറക്കരുത്. ഇഎംഐ ആക്കാമെന്നുകരുതി വലിയ പര്‍ച്ചേസുകള്‍ നടത്തി കുടുങ്ങരുത്. കസ്റ്റമര്‍ കെയറില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ ഉറപ്പാക്കിയിട്ടേ പര്‍ച്ചേസ് നടത്താവൂ. ഈ സൗകര്യം ഉപയോഗിച്ച് സ്വര്‍ണമോ ആഭരണങ്ങളോ വാങ്ങാന്‍ കഴിയില്ല എന്ന കാര്യവും പ്രത്യേകം ഓര്‍ക്കുക. ഇഎംഐ സ്കീമിലാക്കിയശേഷം കയ്യില്‍ വേറെ വഴിക്ക് പണം കിട്ടിയാല്‍ മടിക്കേണ്ട കമ്പനിയെ വിളിച്ച് പറയാം. മുഴുവന്‍ തുകയും അടച്ചോളാമെന്ന്. പിഴയൊന്നും ഇല്ലാതെ അവര്‍ അത് ചെയ്തുതരും. പക്ഷേ 45 ദിവസത്തിനുള്ളില്‍ ആയിരിക്കണം എന്നുമാത്രം. അല്ലെങ്കില്‍ പ്രീക്ലോഷര്‍ ചാര്‍ജ് വരും.
3. ഗൃഹോപകരണ ബാങ്ക് വായ്പ
പെഴ്സണല്‍ ലോണിനു തുല്യമാണ് ബാങ്കുകളുടെ ഗൃഹോപകരണ വായ്പകള്‍. പലിശ 12 മുതല്‍ 20 ശതമാനം വരെയാണ്. ബാങ്കുകള്‍ മാറുന്നതിന് അനുസരിച്ച് നിരക്കുകളും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. സാലറി സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ചെക്ക് ലീഫ് തുടങ്ങിയവ വായ്പയ്ക്കായി നല്‍കണം. വായ്പാ തുകയുടെ 2 ശതമാനം മുതല്‍ പ്രോസസിങ് ഫീ ഈടാക്കും. ആറു മാസത്തിനു മുന്‍പ് പലബാങ്കുകളും പ്രീ പേയ്മെന്റ് അനുവദിക്കില്ല. അതു കഴിഞ്ഞ് വായ്പ നേരത്തേ ക്ലോസ് ചെയ്യണമെങ്കില്‍ 4 ശതമാനം വരെ തുക പെനാല്‍റ്റിയായി നല്‍കണം.
4. ഇ എം ഐ ഓഫറുകള്‍
ആമസോണ്‍, ഫ്ളിപ് കാര്‍ട്ട് തുടങ്ങി ഒട്ടുമിക്ക ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഇഎംഐ ഓഫറുകള്‍ നല്‍കുന്നുണ്ട്. അതിനുപുറമേ ബൈ നൗ പേ ലേറ്റര്‍ ഓഫറുകളുമുണ്ട്. അവയും അത്യാവശ്യമാണെങ്കില്‍ പരിഗണിക്കാവുന്നതാണ്.
5. ക്രെഡിറ്റ് സ്കോര്‍ കാക്കണം
ഏതുവായ്പ എടുത്താലും ഒരിക്കലും അടവ് മുടങ്ങരുത്. മുകളില്‍ സൂചിപ്പിച്ച എല്ലാ വയ്പാകളുടെയും വിവരങ്ങള്‍ ക്രഡിറ്റ് റേറ്റിങ് കമ്പനികളിലേക്ക് പോകും എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഓഫറുകള്‍ പലരും നല്‍കുമെങ്കിലും വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ വായ്പകള്‍ മാത്രം എടുക്കുന്നതാണ് അഭികാമ്യം. നിങ്ങള്‍ വായ്പ ക്ലോസ് ചെയ്താല്‍ ആ വിവരവും കൃത്യമായി ക്രെഡിറ്റ് റേറ്റിങ് ഏജൻസിയെ അറിയിക്കുന്ന സ്ഥാപനങ്ങളാണ് അഭികാമ്യം. പല വായ്പ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നു എന്ന് വ്യാപക പരാതിയുണ്ട്.
സാധാരണ വായ്പകളുടെ നൂലാമാലകള്‍ ഇല്ലാതെ അനായാസം ലഭിക്കുന്ന വായ്പകളാണ് മുകളില്‍ സൂചിപ്പിച്ചത്. അതിനാല്‍ തിരിച്ചടവ് മുടങ്ങിയാല്‍ വലിയ തുക പിഴയായി നല്‍കേണ്ടിവരും. ഒരു തിരിച്ചടവ് ചെക്ക് മടങ്ങിയാല്‍ 550 മുതല്‍ 750 രൂപവരെ പിഴ ഈടാക്കും എന്ന കാര്യവും മറക്കാതിരിക്കുക. അതേപോലെ തിരിച്ചടവ് മുടങ്ങിയാല്‍ പലിശ നിരക്കിലും വ്യത്യാസം വരും. ഓണത്തിന് ആഹ്ലാദം പകരാന്‍ പിന്നീടുള്ളകാലം മുഴുവന്‍ സാമ്പത്തിക ഞെരുക്കത്തിലമരാതിരിക്കാന് ശ്രദ്ധിക്കുക.