കേന്ദ്രബജറ്റും വ്യക്തികളുടെ ആദായനികുതിബാധ്യതയും

tax–1
SHARE

ഓരോ വര്‍ഷവും ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്തികളുടെ ആദായ നികുതി ബാധ്യത കണക്കാക്കുന്നത്. നികുതിദായകരായ വ്യക്തികളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. അറുപതു വയസിനു താഴെ പ്രായമുള്ള  സാധാരണ പൗരന്‍മാര്‍, അറുപതു വയസോ അതിനു മുകളില്‍ എണ്‍പതു വയസു വരെയോ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍, എണ്‍പതു വയസോ അതിനു മുകളിലോ പ്രായമുള്ള അതി മുതിര്‍ന്ന പൗരന്‍മാര്‍ എന്നിങ്ങനെയാണീ തരംതിരിവ്. 

ഇന്ത്യയില്‍ താമസിക്കുന്ന അതി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നികുതി വിധേയമായ വരുമാനത്തിന്റ ആദ്യ അഞ്ചു ലക്ഷം രൂപ വരെ നികുതി ബാധ്യതയില്ല. അതിനു ശേഷമുള്ള വരുമാനത്തിന് സാധാരണ നിരക്കനുസരിച്ച് നികുതി നല്‍കണം. ഇന്ത്യയില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക്  മൂന്നു ലക്ഷം രൂപ വരെ നികുതി ബാധ്യതയില്ല. അതിനു മുകളിലുള്ള വരുമാനത്തിന് സാധാരണ നിരക്കില്‍ നികുതി നല്‍കേണ്ടി വരും. അറുപതു വയസിനു താഴെയുള്ള നികുതിദായകര്‍ക്ക് രണ്ടര ലക്ഷം രൂപ വരെ അടിസ്ഥാന ഇളവ് അനുവദിച്ചിട്ടുണ്ട്. അതായത് അവരുടെ നികുതി വിധേയ വരുമാനം രണ്ടര ലക്ഷം രൂപയ്ക്കു മുകളിലാണെങ്കില്‍ മാത്രം ആദായ നികുതി നല്‍കിയാല്‍ മതി. രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ അഞ്ചു ശതമാനവും അഞ്ചു ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ ഇരുപതു ശതമാനവും പത്തു ലക്ഷം രൂപയ്ക്കു മുകളില്‍ 30 ശതമാനവുമാണ് 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി ബാധ്യത.

അന്‍പതു ലക്ഷം രൂപയ്ക്കു മുകളില്‍ നികുതി വിധേയ വരുമാനമുള്ളവര്‍ നികുതിക്കു പുറമെ പത്തു ശതമാനം സര്‍ചാര്‍ജും ഒരു കോടി രൂപയിലധികം വരുമാനമുള്ളവര്‍ 15 ശതമാനം സര്‍ചാര്‍ജും നൽകണം. എല്ലാ നികുതികള്‍ക്കും നാലു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും അതി മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള അടിസ്ഥാന ഇളവുകള്‍ പ്രവാസികള്‍ക്കു ബാധകമല്ല. അവരുടെ പ്രായം എന്തു തന്നെയായാലും രണ്ടര ലക്ഷം രൂപയ്ക്കു മുകളിലാണ് ഇന്ത്യയില്‍ ആര്‍ജിക്കുന്ന വരുമാനമെങ്കില്‍ നികുതി നല്‍കേണ്ടി വരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA