ശമ്പളത്തില്‍ നിന്ന് അധികം ടിഡിഎസ് പിടിച്ചാൽ എന്തു ചെയ്യും?

tax 2
SHARE

ശമ്പളത്തില്‍ നിന്ന് ആദായ നികുതി പിടിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈടാക്കേണ്ടതിലേറെ തുക പിടിക്കുകയാണെങ്കില്‍ എന്താണു ചെയ്യുക?  ശമ്പളക്കാര്‍ പലരും ചോദിക്കുന്നൊരു സംശയമാണിത്. 

ടി ഡി എസ്      എന്ന സ്രോതസില്‍ നിന്നുള്ള നികുതി പിടിക്കാനുള്ള വ്യവസ്ഥയുടെ ഭാഗമായി ശമ്പളത്തില്‍ നിന്നു പിടിക്കുന്ന തുക കൂടുതലാണെങ്കില്‍ അതു തിരിച്ചു വാങ്ങാന്‍ പല രീതികളുണ്ട്. ശമ്പളത്തില്‍ നിന്നു  ടി ഡി എസ് പിടിക്കു്മ്പോള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ 24 ക്യൂ എന്ന ഫോമില്‍ ആദായ നികുതി വകുപ്പിനു സമര്‍്പ്പിക്കണം. ഈ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ശമ്പളം നല്‍കുന്ന വ്യക്തിയുടെ ബാധ്യത കൂടിയാണ്. അധികമായി പിടിച്ച  ടിഡിഎസ് സ്വാഭാവികമായും സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് അടച്ചി്ട്ടുണ്ടാകുമല്ലോ. ഇങ്ങനെ അധികമായി അടച്ച തുക അടുത്ത ത്രൈമാസത്തിലെ 24 ക്യൂ റിപോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അതില്‍ ക്രെഡിറ്റു ചെയ്യാനാവും. 

അതിനു ശേഷവും എന്തെങ്കിലും നികുതി ബാധ്യത ഉണ്ടെങ്കില്‍ അതു മാത്രം അടുത്ത ത്രൈമാസത്തില്‍  ടി ഡി എസ്  ആയി പിടിച്ചാല്‍ മതിയാവും. യഥാര്‍ത്ഥത്തില്‍ പിടിക്കേണ്ടിയിരുന്നതിലേറെ തുക  ടി ഡി എസ്  ആയി പിടിച്ചു എന്നും ഇതില്‍ കുറവു മാത്രമേ തനിക്കു നികുതി ബാധ്യതയുള്ളു എന്നും ശമ്പളം നല്‍കുന്ന ഉദ്യോഗസ്ഥനു മനസിലാക്കി കൊടുക്കുകയെന്നതാണ് ഇവിടെ പ്രധാനം. അതിനാവശ്യമായ രേഖകള്‍ അടക്കം രേഖാമൂലമുള്ള അപേക്ഷ കൂടി നല്‍കുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും. 

ഇങ്ങനെ അധികമായി പിടിച്ച  ടി ഡി എസ് തുക അടുത്ത ത്രൈമാസത്തില്‍ ക്രെഡിറ്റു ചെയ്യുന്ന രീതി അതാതു സാമ്പത്തിക വര്‍ഷത്തില്‍ മാത്രമേ സാധ്യമാകു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ അധികമായി പിടിച്ച  ടി ഡി എസ് അടുത്ത സാമ്പത്തിക വര്‍ഷത്തിലെ 24 ക്യൂ റിപോര്‍ട്ടുകളില്‍ ക്രെഡിറ്റു ചെയ്യാനാവില്ല. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍  ടി ഡി എസ്  അധികമായി പിടിച്ചിട്ടുണ്ടെങ്കിലാണ് ഇങ്ങനെയൊരു പ്രശ്്‌നം സാധാരണയായി ഉണ്ടാകുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ട അസസ്സിങ് ഓഫിസര്‍ക്കു മുന്നില്‍ ഇതിനായുള്ള അവകാശവാദം ഉന്നയിക്കാന്‍ സാധിക്കും. പക്ഷേ, രണ്ടു വര്‍ഷത്തിനു ശേഷം ഇത്തരം അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ല. സാമ്പത്തിക വര്‍ഷം അവസാനിച്ച ഉടന്‍ റിട്ടേണ്‍ ഫയല്‍ ചെയ്ത് റീ ഫണ്ട് വാങ്ങുവാന്‍ ശ്രമിക്കുക എന്നതാണ് ഇവിടെ പ്രായോഗികമായി ചെയ്യാനാവുന്നത്. 

ശമ്പളത്തില്‍ നിന്നു നികുതി പിടിക്കുമ്പോള്‍ 1961 ലെ ആദായ നികുതി നിയമത്തിന്റെ 192 -ാം വകുപ്പിലെ വ്യവസ്ഥകളാണ് ബാധകമാകുക.ഈ വകുപ്പു പ്രകാരം ശമ്പള ഇനത്തില്‍ ഏതെങ്കിലും തുക നല്‍കുന്ന വ്യക്തി അതിന് ബാധകമായ നിരക്കില്‍ ആദായ നികുതി പിടിക്കാന്‍ ബാധ്യസ്ഥനാണ്. അതേ സമയം ശമ്പളം ലഭിക്കുന്ന വ്യക്തിയുടെ വരുമാനം നികുതി ബാധകമായ പരിധിയില്‍ എത്തുന്നില്ലെങ്കില്‍ സ്രോതസില്‍ നിന്നു നികുതി പിടിക്കേണ്ടതില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിര്‍ദ്ദിഷ്ട ഡ്രോയിങ് ആന്റ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍ (ഡി.ഡി.ഒ.) ആണ് സ്രോതസില്‍ നിന്നു നികുതി പിടിക്കേണ്ടത്. ഇങ്ങനെ ഈടാക്കുന്ന നികുതി സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് അടക്കുകയും ജീവനക്കാരന് ഉറവിടത്തില്‍ നിന്നു നികുതി പിടിച്ചതിന്റെ ( ടി ഡി എസ് ) സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണം.  ശമ്പളക്കാരുടെ  ടി ഡി എസ് പിടിക്കുമ്പോള്‍  ഫോം 16 ആയാണ് അതിനുള്ള സര്‍ട്ടിഫിക്കറ്റ്  നല്‍കേണ്ടത്. ഇങ്ങനെ നല്‍കുന്ന ഫോം 16 ല്‍ ജീവനക്കാരന്റെ പാന്‍,  ടി ഡി എസ്  പിടിക്കുന്നവരുടെ ടാക്‌സ് ഡിഡക്ഷന്‍ ആന്റ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍ (ടാന്‍ ) എന്നിവ കൃത്യമായി ഉണ്ടെങ്കില്‍ മാത്രമേ അതിനു സാധുതയുണ്ടാകൂ.. 

ഇങ്ങനെ നല്‍കുന്ന  ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ ഡൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിനായി തൊഴിലാളിക്ക് തൊഴിലുടമയെ സമീപിക്കാം. ഇതുമായി ബന്ധപ്പെട്ട 31(5) ചട്ടം അനുസരിച്ച് ഫോം 16 ല്‍ ഡൂപ്ലിക്കേറ്റ് . സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്. ഇങ്ങനെ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ ഡൂപ്ലിക്കേറ്റ് എന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കുകയും വേണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA