ADVERTISEMENT

ഇന്ത്യക്കാരെ ഒന്നടങ്കം പ്രതീക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ധനമന്ത്രി പീയൂഷ് ഗോയല്‍ ഇന്നു രാവിലെ ലോക്‌സഭയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പിന് ഇനി നൂറില്‍ താഴെ ദിവസം മാത്രം അവശേഷിക്കെ മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ക്കാണു സാധ്യത. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ആദായ നികുതി ഇളവിന്റെ പരിധി വര്‍ഷങ്ങള്‍ക്കു ശേഷം വര്‍ധിപ്പിക്കാനുള്ള സാധ്യതയും ഇത്തവണ തെളിഞ്ഞു വരുന്നുണ്ട്.

നിലവിലെ രണ്ടര ലക്ഷം രൂപയില്‍ നിന്ന് ഇത് മൂന്നു ലക്ഷം രൂപയാക്കി ഉയര്‍ത്താനുള്ള സാധ്യതയാണ് പല വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ആദായ നികുതി ഇളവിന്റെ പരിധി അഞ്ചു ലക്ഷം രൂപ വരെ ഉയര്‍ത്തിയേക്കാമെന്ന അമിത പ്രതീക്ഷ പുലര്‍ത്തുന്നവരും ഇതോടൊപ്പമുണ്ട്. നിക്ഷേപങ്ങള്‍ക്ക് 80 സി വകുപ്പനുസരിച്ചു നല്‍കുന്ന ഇളവിന്റെ പരിധി നിലവിലെ ഒന്നര ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തുമെന്ന പ്രതീക്ഷയും ശക്തമാണ്. 

മധ്യ വര്‍ഗത്തിനു പുറമെ സമ്പദ് വ്യവസ്ഥയുടെ അമരക്കാരായ കര്‍ഷകര്‍ക്കും കോര്‍പറേറ്റ് മേഖലയ്ക്കും തെരഞ്ഞെടുപ്പിനു മുന്‍പ് നല്‍കാനായി ഒട്ടേറെ വകകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് അനുമാനം. രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് വായ്പാ ലഭ്യത അനായാസമാക്കാനുള്ള നടപടികള്‍ ഇത്തവണം ബജറ്റിലുണ്ടാകുമെന്നാണ് ഈ മേഖലയുടെ ധാരണ. കര്‍ഷകര്‍ക്കും ഇക്കുറി ബജറ്റില്‍ കാര്യമായ വകയിരുത്തല്‍ ഉണ്ടാകുമെന്ന ധാരണയും ശക്തമാണ്. 2022-ല്‍ എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭവന മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. 

ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഏറെ പ്രതീക്ഷിക്കാമെങ്കിലും തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ ആശങ്ക പെരുകുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com