ADVERTISEMENT

 

ഒരു സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തിക്ക് പരമാവധി നേടാവുന്ന നികുതി ഇളവു എത്രയാണെന്നതിനെ കുറിച്ച് എത്ര വായിച്ചാലും പലർക്കും വീണ്ടും സംശയങ്ങളുണ്ടാകും.

ആദായനികുതി നിയമത്തിൽ വരുമാനങ്ങളെ 1. ശമ്പളം, 2. വാടകവരുമാനം, 3. മൂലധനനേട്ടം, 4. ബിസിനസ്/പ്രഫഷനൽ വരുമാനം, 5. ഇതര വരുമാനങ്ങൾ എന്നിങ്ങനെ അഞ്ചായി തിരിച്ചിട്ടുണ്ട്.

ഇതിൽ ഓരോ ഗണങ്ങളിൽ പെടുന്ന വരുമാനങ്ങൾ പ്രത്യേകമായി കണക്കാക്കി അതാതു വരുമാനങ്ങൾക്കു ബാധകമായ കിഴിവുകൾ നിശ്ചയിക്കാനാകും.ഒപ്പം  ബാധകമായ മറ്റ് കിഴിവുകളും അറിഞ്ഞിരിക്കണം

 80C

ആദായനികുതി വകുപ്പ് 80C പ്രകാരമുള്ള ചിലവുകളോ നിക്ഷേപങ്ങളോ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് നടത്തിയാൽ അതു പ്രകാരമുള്ള കിഴിവ് മൊത്തവരുമാനത്തിൽ നിന്ന് കുറയ്ക്കാം. നടപ്പു സാമ്പത്തിക വർഷത്തിൽ ഇങ്ങനെ പരമാവധി ഒന്നര ലക്ഷം രൂപ വരെ കിഴിവ് നേടാം.

സുകന്യ സമൃദ്ധി, നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, ലൈഫ് ഇൻഷുറൻസ്, ഭവന വായ്പ തിരിച്ചടവ്, യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീമുകൾ, കുട്ടികളുടെ സ്കൂൾ ഫീസ്, വീട് വാങ്ങുമ്പോഴുള്ള സ്റ്റാംപ് ഡ്യൂട്ടി റജിസ്ട്രേഷൻ ഫീസ് മുതലായവ വകുപ്പ് 80C കിഴിവിന്‌ അർഹമായ നിക്ഷേപങ്ങളും ചിലവുകളുമാണ്.

80CCD

വകുപ്പ് 80C യിൽ പരമാവധി ഒന്നര ലക്ഷം രൂപ വരെയേ നേടാനാവൂ. എന്നാൽ നാഷനൽ പെൻഷൻ സ്‌കീമിൽ നിക്ഷേപിക്കുന്നത് വഴി ആ തുകയ്ക്കു കൂടെ മൊത്തവരുമാനത്തിൽ കിഴിവ് അവകാശപ്പെടാം. പെൻഷൻ സ്‌കീമിൽ നിക്ഷേപിച്ച തുക 50,000 രൂപ എന്ന പരിധിക്കു വിധേയമായിരിക്കും. വകുപ്പ് 80CCD(1B) പ്രകാരമാണ് ഈ അധിക കിഴിവ് സാധ്യമാകുക.

80D

നികുതിദായകന്റെയും കുടുംബത്തിന്റെയും മെഡിക്കൽ ഇൻഷുറൻസ് പ്രീമിയവും മെഡിക്കൽ ഹെൽത്ത് ചെക്കപ്പിനായി ചിലവാക്കപ്പെടുന്ന തുകകളും വകുപ്പ് 80D പ്രകാരമുള്ള കിഴിവായി അവകാശപ്പെടാം. പരമാവധി 25,000 രൂപ വരെ ഈ ഇനത്തിൽ ലഭ്യമാണ്.

നികുതിദായകന്റെ മാതാപിതാക്കളുടെ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയവും മെഡിക്കൽ ഹെൽത്ത് ചെക്കെപ്പിനുമായി അദ്ദേഹം മുടക്കുന്ന തുകകളും വകുപ്പ് 80D പ്രകാരമുള്ള കിഴിവിനായി അവകാശപ്പെടാം. ഇതും പരമാവധി 25,000 രൂപ വരെയേ കിട്ടൂ. എന്നാൽ 60 വയസു പിന്നിട്ട മുതിർന്ന പൗരനു വേണ്ടിയാണ് മുടക്കുന്നതെങ്കിൽ 50,000 രൂപയായിരിക്കും പരിധി.

 80G

വകുപ്പ് 80G–ൽ നിർദേശിച്ചിട്ടുള്ള ഫണ്ടുകളിലേക്കും ധർമ്മ സ്ഥാപനങ്ങളിലേക്കും ചാരിറ്റി എന്ന നിലയ്ക്ക് നടത്തുന്ന സംഭാവനകൾ വകുപ്പിൽ പറഞ്ഞിരിക്കുന്നതനുസരിച്ചു മുഴുവനായോ കൊടുത്ത തുകയുടെ 50 ശതമാനമോ വരുമാനത്തിൽ നിന്ന് കുറവ് ചെയ്യാവുന്നതാണ്.

അടിസ്ഥാന ഒഴിവുകൾ

മേൽപറഞ്ഞതൊന്നും ചെയ്യാതെ തന്നെ രണ്ടര ലക്ഷം അടിസ്ഥാന കിഴിവായി കുറവ് ചെയ്യാവുന്നതാണ്. (60 വയസ്സെത്തിയ മുതിർന്ന പൗരന്മാർക്ക് മൂന്നു ലക്ഷവും 80 വയസ്സെത്തിവർക്ക് അഞ്ച് ലക്ഷവുമാണ് ബാധകമായ ഉയർന്ന കിഴിവ് )

ഇതു എല്ലാ വരുമാനങ്ങളും ചേർന്ന മൊത്ത വരുമാനത്തിൽ നിന്നു കിഴിക്കാവുന്ന കിഴിവുകളാണ്. എന്നാൽ ഇതൊന്നും കൂടാതെ തുടക്കത്തിൽ പറഞ്ഞ പോലെ വരുമാനത്തിന്റെ ഗണം അനുസരിച്ചുള്ള കിഴിവുകൾ വേറെയുണ്ട്. ഉദാഹരണത്തിന് ശമ്പള വരുമാനത്തിന് 40,000 രൂപ സ്റ്റാൻഡേർഡ് ഡിഡക് ഷൻ എന്ന രീതിയിൽ നടപ്പ് സാമ്പത്തിക വർഷം കുറവ് ചെയ്യാം, വാടക വരുമാനത്തിന് 30% അറ്റകുറ്റപ്പണിക്ക് എന്ന നിലയിൽ കുറവ് ചെയ്യാം, വീട് വാങ്ങുന്നതിനോ, പണികഴിപ്പിക്കുന്നതിനോ, അറ്റകുറ്റപ്പണികൾക്ക് വേണ്ടിയോ വായ്പ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പലിശ വാടക വരുമാനത്തിൽ നിന്ന് കുറയ്ക്കാം. ബിസിനസ് ആണെങ്കിൽ അതു നടത്തി കൊണ്ടുപോകാനുള്ള ചിലവുകൾ കുറയ്ക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com