ADVERTISEMENT

 വീടും വീടുമായി ബന്ധപ്പെട്ട നികുതിയിളവും സംബന്ധിച്ച് പല സംശയങ്ങളും ആളുകൾക്കുണ്ട്.ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നേട്ടമുണ്ടാക്കാം.ചിലർ താമസിക്കുന്ന വീടിനു ഭവനവായ്പയെടുത്തിട്ടുണ്ടാകും. വീട് ഭാര്യയുടെ പേരിലായിരിക്കും. ഭാര്യയ്ക്കു ജോലിയില്ലാത്തതിനാൽ ഭവനവായ്പയുടെ ഇളവ് ഭർത്താവിന് ക്ലെയിം ചെയ്യാനാകുമെന്നാണ് ഇക്കൂട്ടരുടെ ധാരണ.

എന്നാലിതു സാധ്യമല്ല. ഭവനവായ്പ പലിശയ്ക്ക് ‘ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടിയിൽ നിന്നുള്ള 24–ാം വകുപ്പു പ്രകാരമാണു കിഴിവ്.ഈ കിഴിവ് വീട്ടുടമയായ ഭാര്യയ്ക്കു ജോലിയുണ്ടെങ്കിൽ ക്ലെയിം ചെയ്യാം. 

ദമ്പതികൾക്ക്  രണ്ടാൾക്കും ജോലിയുണ്ടെങ്കിൽ  വീട്  രണ്ടാളുടെയും പേരിൽ വാങ്ങിയാൽ രണ്ടു പേർക്കും അവരവരുടെ റിട്ടേണിൽ ഭവനവായ്പ പലിശയ്ക്ക് 24–ാം വകുപ്പു പ്രകാരം പരമാവധി രണ്ടു ലക്ഷം രൂപ വരെയുള്ള കിഴിവ് ലഭിക്കും. കൂടാതെ മുതലിലേക്ക് അടയ്ക്കുന്ന തുകയ്ക്ക് 80 സി വകുപ്പു പ്രകാരമുള്ള കിഴിവും ഇരുവർക്കും ലഭിക്കും (ലൈഫ് ഇൻഷുറൻസ് പ്രീമിയം, പിഎഫ് എന്നിവയെല്ലാം ചേർത്ത് 80 സി പ്രകാരമുള്ള പരമാവധി കിഴിവ് ഒന്നരലക്ഷം രൂപയാണ്). 

ചുരുക്കത്തിൽ വീട് രണ്ടുപേരുടെയും പേരിൽ വാങ്ങുകയും ജോയിന്റ് ലോൺ എടുക്കുകയും ചെയ്താൽ 40 ലക്ഷം രൂപ പലിശയിനത്തിലും മൂന്നു ലക്ഷം വരെ 80സി പ്രകാരവും കിഴിവു ലഭിക്കും. ഒരാളുടെ പേരിലാണെങ്കിൽ യഥാക്രമം രണ്ടു ലക്ഷം രൂപയും ഒന്നര ലക്ഷം രൂപയും മാത്രമേ ലഭിക്കുകയുള്ളൂ.

ഉദ്യോഗസ്ഥ ദമ്പതികൾ ചേർന്നു വായ്പ എടുത്ത് വാങ്ങിയ ആദ്യ വീടിനു പുറമേ മറ്റൊന്നു കൂടി വാങ്ങിയാലും ഇളവ് ലഭിക്കുമെന്ന് കരുതുന്നവരുണ്ട്, എന്നാൽ താമസിക്കാൻ ഉപയോഗിക്കുന്ന ഒരു വീടിനു മാത്രമേ ആദായനികുതിയൊഴിവുള്ളൂ. രണ്ടാമത്തെ വീട് വാടകയ്ക്കു നൽകിയതായി പരിഗണിക്കും. ഏതു വീട് എന്നത് ഉടമയ്ക്കു തീരുമാനിക്കാം. വീടിനു ലഭിക്കുന്ന ന്യായമായ വാടക വരുമാനത്തിൽ ഉൾപ്പെടുത്തണം. 

ഭവനവായ്പ പലിശ ഇതിൽനിന്നു കുറയ്ക്കാം. ഇപ്രകാരം കുറയ്ക്കുമ്പോൾ വാടകയെക്കാൾ പലിശത്തുക കൂടുതലാണെങ്കിൽ (നഷ്ടം) പരമാവധി രണ്ടു ലക്ഷം രൂപ വരെയുള്ള നഷ്ടം മാത്രമേ ഒരു വർഷം അനുവദിച്ചു കിട്ടുകയുള്ളൂ. അധികമുള്ള നഷ്ടം തുടർന്നുള്ള വർഷങ്ങളിൽ തട്ടിക്കിഴിക്കാൻ സാധിക്കുമെങ്കിൽ തട്ടിക്കിഴിക്കാം. 

അതുപോലെ വീട് റിപ്പയറിങ്ങിനായി എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് 24–ാം വകുപ്പു പ്രകാരം കിഴിവിന് അർഹതയുണ്ട്.  

റിപ്പയറിങ്ങിനായുള്ള വായ്പ ആയതിനാൽ മുതലിലേക്ക് അടയ്ക്കുന്ന തുകയ്ക്ക് 80സി വകുപ്പ് പ്രകാരം കിഴിവു ലഭിക്കുകയില്ല. പുതിയതു  പണിയുന്നതിനും വാങ്ങുന്നതിനും എടുക്കുന്ന വായ്പ തിരിച്ചടവിനു മാത്രമേ 80സി കിഴിവിന് അർഹതയുള്ളൂ.

വീട് ആരുടെ പേരിലാണോ അയാൾക്കാണ് ആദായനികുതി നിയമപ്രകാരം വായ്പ പലിശയിനത്തിൽ കിഴിവിന് അർഹതയുള്ളത്. രണ്ടുപേരുടെയും പേരിലാണു പുതിയ വീടു വാങ്ങുന്നത് അല്ലെങ്കിൽ പണിയുന്നത് എങ്കിൽ രണ്ടു പേർക്കും പലിശയ്ക്ക് തുല്യമായി കിഴിവ് അവകാശപ്പെടാം

ആദ്യമായി വീടു വച്ചവർക്ക് 50,000 രൂപയുടെ അധിക ഇളവു ലഭിക്കാറുണ്ട്, എന്നാൽ എല്ലാ പുതിയ വീടുകൾക്കും  ഈ അധിക ഇളവില്ല. 2016 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31നും ഇടയ്ക്ക് അംഗീകരിച്ചിട്ടുള്ള വായ്പകളുടെ കാര്യത്തിൽ മാത്രമാണ്  80ഇഇ വകുപ്പു പ്രകാരം 50,000 രൂപയുടെ അധിക കിഴിവ് ലഭിക്കുന്നത്. വായ്പത്തുക 25 ലക്ഷത്തിൽ താഴെയായിരിക്കണം. വീടിന്റെ വിലമൂല്യം 50 ലക്ഷത്തിൽ കൂടാൻ പാടില്ല. വായ്പ അംഗീകരിച്ച ദിവസം സ്വന്തമായി മറ്റു വീടുകൾ ഉണ്ടാകാൻ പാടില്ല എന്നി  നിബന്ധനകളുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com