sections
MORE

ആദായനികുതി കുറയ്ക്കാൻ 17 വഴികൾ

HIGHLIGHTS
  • ഭാവിക്കായുള്ള നിക്ഷേപം വഴി ആദായനികുതിയിൽ രണ്ടു ലക്ഷം രൂപയുടെ ഇളവു നേടാം
tax return
SHARE

ആദായനികുതി നിയമമനുസരിച്ച് നിങ്ങൾക്കു ലഭ്യമായ അവസരങ്ങൾ എന്തെല്ലാമെന്ന് അറിയുക, ഉപയോഗപ്പെടുത്തുക.

കിട്ടുന്ന ശമ്പളത്തിൽ നല്ലൊരുപങ്ക് ആദായനികുതിയായി പോകുന്നുവെന്നുള്ള വിഷമം നിങ്ങൾക്കുണ്ടോ? അൽപം വിവേകത്തോടെ ചെലവുകളും നിക്ഷേപങ്ങളും നടത്തിയാൽ തീർച്ചയായും നല്ലൊരു തുക നികുതി ഇനത്തിൽ ലാഭിക്കാം. ഒരു നികുതിദായകനു കിഴിവായി അവകാശപ്പെടാൻ കഴിയുന്ന ആദായനികുതി നിയമത്തിലെ സാധ്യതകൾ കാണുക.

1. നിക്ഷേപത്തിനും ചെലവുകൾക്കും (80C)

നിങ്ങളുടെ നിശ്ചിത ചെലവുകൾ നികുതിബാധക വരുമാനത്തിൽനിന്നു കുറയ്ക്കാം. മിച്ചം പിടിച്ചു ഭാവിക്കായി നിക്ഷേപിച്ചാലും ഇളവു നേടാനാകും. അവ എന്തെല്ലാമെന്നു നോക്കുക.

∙ പബ്ലിക് പ്രോവിഡന്റ് ഫണ്ട്.

∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.

∙ അഞ്ചു വർഷത്തെ ബാങ്ക്–പോസ്റ്റ് ഓഫിസ് ടാക്സ് സേവിങ് ഡിപ്പോസിറ്റ്.

∙ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ.

∙ ഇക്വിറ്റി ലിങ്ക്ഡ് സേവിങ് സ്കീമുകൾ.

∙ കുട്ടികളുടെ ട്യൂഷൻ ഫീസ്.

∙ പോസ്റ്റ് ഓഫിസ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം.

∙ ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്.

∙ നാഷനൽ പെൻഷൻ സ്കീം (NPS).

∙ ലൈഫ് ഇൻഷുറൻസ് പ്രീമിയം.

∙ സുകന്യ സമൃദ്ധി നിക്ഷേപം.

2. പെൻഷൻ ഫണ്ട് (80CCC, 80CCD(1))

∙ പെൻഷനായി ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ആന്വിറ്റി പ്ലാനിലെ നിക്ഷേപം.

∙ അംഗീകൃത പെൻഷൻ സ്കീമുകളിലുള്ള നിക്ഷേപം. ജീവനക്കാർക്ക് ശമ്പളത്തിന്റെ 10ഉം മറ്റുള്ളവർക്കു മൊത്തവരുമാനത്തിന്റെ 20ഉം ശതമാനം വരെ ഇളവു നേടാം.

3. നാഷനൽ പെൻഷൻ സ്കീം
(80CCD(1B))

എൻപിഎസ് എന്ന അംഗീകൃത പെൻഷൻ സ്കീമിൽ നടത്തുന്ന 50,000 രൂപ വരെയുള്ള നിക്ഷേപം.

4. ആരോഗ്യ ഇൻഷുറൻസ് പ്രീമിയം (80D)

സ്വന്തമായി മാത്രമല്ല ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവരുടെ പേരിലും അടയ്ക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിന് ഇളവു കിട്ടും. ഒരു കുടുംബത്തിന് 5,000 രൂപ വരെയുള്ള പ്രിവന്റീവ് ഹെൽത്ത് പരിശോധന (മെഡിക്കൽ പരിശോധനകൾ) ഇളവിനു ക്ലെയിം ചെയ്യാം. എന്നാൽ ഇത്  പരിധിക്കുള്ളിൽത്തന്നെ ആകണം.

5. സ്വന്തം വൈകല്യത്തിന് (80U)

നികുതിദായകന് വൈകല്യമുണ്ടെങ്കിൽ കിഴിവ് കിട്ടും. ഗുരുതര വൈകല്യത്തിന് 1,20,000 രൂപയും 40% ത്തിനു മേൽ വൈകല്യത്തിന് 75,000 രൂപ വരെയുമാണ് ഇളവ്. വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈവശം വേണം. ഇവിടെ വൈകല്യമുണ്ടെങ്കിൽത്തന്നെ ക്ലെയിം ചെയ്യാം. ചികിത്സയ്ക്കു പണം ചെലവഴിക്കണമെന്നില്ല.

6. ആശ്രിതരുടെ വൈകല്യത്തിന് (80DD)

നിങ്ങളുടെ ആശ്രിതർക്ക് ഓട്ടിസം, സെറിബ്രൽ പ്ലാസി, ബുദ്ധിവൈകല്യം, മറ്റു വൈകല്യങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക ഈ വകുപ്പ് പ്രകാരം കിഴിവായി ലഭിക്കും.

പരമാവധി കിഴിവ്– 75,000 രൂപ വരെ.

എൺപതു ശതമാനത്തിലധികം വൈകല്യം–1.25 ലക്ഷം രൂപ വരെ

ജീവിതപങ്കാളി, മാതാപിതാക്കൾ, കുട്ടികൾ, സഹോദരങ്ങൾ ഇവരെല്ലാം ആശ്രിതരിൽ ഉൾപ്പെടും.

ഈ കിഴിവ് ക്ലെയിം ചെയ്യുന്നതിന്, ഒരു അംഗീകൃത മെഡിക്കൽ പ്രാക്ടീഷനറിൽ നിന്ന് ഫോം 10-IA സമർപ്പിക്കണം.

7. പ്രത്യേക അസുഖങ്ങൾക്ക് (80DDB)

നിങ്ങൾക്കോ ആശ്രിതർക്കോ നിശ്ചിത അസുഖങ്ങളുടെ ചികിത്സയ്ക്ക് ചെലവഴിച്ച പണം ക്ലെയിം ചെയ്യാം.

60നു താഴെ 40,000 രൂപ വരെ

60നും 80നും ഇടയിൽ 60,000 രൂപ വരെ

80നു മേൽ 80,000 രൂപ വരെ

ജീവിതപങ്കാളി, മാതാപിതാക്കൾ, കുട്ടികൾ, സഹോദരങ്ങൾ ഇവരെല്ലാം ആശ്രിതരാണ്.

ഡിമെൻഷ്യ, പാർക്കിൻസൺസ് തുടങ്ങിയ നാഡീ രോഗങ്ങൾക്കും കാൻസർ, എയ്ഡ്സ് തുടങ്ങിയവയ്ക്കും ലഭിക്കും.

8. വിദ്യാഭ്യാസ വായ്പാ പലിശ (80E)

നിങ്ങളുടെയോ പങ്കാളിയുടെയോ മക്കളുടെയോ ഉന്നത വിദ്യാഭ്യാസത്തിനായി എടുത്ത വായ്പയിൽ കഴിഞ്ഞ സാമ്പത്തികവർഷം അടച്ച പലിശയ്ക്കു മുഴുവൻ ഇളവു കിട്ടും. അതായത്, പരിധി ഇല്ല. തിരിച്ചടവ് തുടങ്ങി പരമാവധി ഏഴു വർഷം വരെ കിഴിവിന് അർഹതയുണ്ട്.

9. ഭവനവായ്പാ പലിശ (80EE)

2016 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31നും ഇടയിൽ ഭവനവായ്പ അനുവദിച്ചിട്ടുള്ളവർക്ക് കിഴിവു നേടാം. വായ്പ 35 ലക്ഷത്തിൽ കൂടരുത്, വീടിന്റെ നിർമാണച്ചെലവ് 50 ലക്ഷത്തിൽ കവിയരുത്, വായ്പ അനുവദിക്കുമ്പോൾ മറ്റു വീടുകൾ സ്വന്തം പേരിൽ ഉണ്ടാകരുത് എന്നിവയാണു നിബന്ധനകൾ.

പരമാവധി കിഴിവ് 50,000 രൂപ വരെ. ഈ വകുപ്പിൽ കിഴിവു നേടിയ തുക മറ്റുള്ളവയിൽ ക്ലെയിം ചെയ്യരുത്.

10. സംഭാവനകൾ (80G)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പോലെ അംഗീകൃത ഫണ്ടുകൾക്കും സന്നദ്ധ സംഘടനകൾക്കും കൊടുക്കുന്ന സംഭാവനയ്ക്കു മുഴുവൻ കിഴിവു നേടാം. പക്ഷേ, പണം ആയി കൊടുത്താൽ പരമാവധി 2,000 രൂപയ്ക്കേ കിഴിവുള്ളൂ. ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ സംഭാവന നൽകിയാലും കിഴിവിന് അർഹതയില്ല.

11. രാഷ്ട്രീയ പാർട്ടികൾക്കുള്ള
സംഭാവന (80GGC)

അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു സംഭാവനയായി നൽകുന്ന മുഴുവൻ തുകയ്ക്കും കിഴിവു കിട്ടും. പരിധിയില്ല. പക്ഷേ ബാങ്ക് ട്രാൻസ്ഫർ, ചെക്ക്, ഡ്രാഫ്റ്റ് തുടങ്ങിയ രീതിയിലുള്ള സംഭാവനകൾക്കേ കിഴിവു കിട്ടൂ. പണം ആയി നൽകിയാൽ ലഭിക്കില്ല.

12. വീട്ടുവാടക (80GG)

നിങ്ങൾക്കു വീട്ടുവാടക അലവൻസ് ലഭിക്കുന്നില്ലെങ്കിൽ കൊടുത്ത വാടകയ്ക്ക് ഇളവു കിട്ടും. പരമാവധി 80,000 രൂപ, മൊത്തവരുമാനത്തിന്റെ 25%, മൊത്തവരുമാനത്തിന്റെ 10 ശതമാനത്തിലധികം കൊടുത്ത വാടക ഇവയിൽ ഏതാണോ കുറവ് അത് ക്ലെയിം ചെയ്യാം. താമസിക്കുന്ന സ്ഥലത്തിനടുത്തു നിങ്ങൾക്കോ പങ്കാളിക്കോ സ്വന്തം വീട് ഉണ്ടാകരുത്. ഭവനവായ്പയുടെ പലിശയോ ഹൗസിങ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനമോ ക്ലെയിം ചെയ്യുന്നുണ്ടെങ്കിൽ ഈ കിഴിവിന് അർഹതയില്ല.

13. എസ്ബി പലിശയ്ക്ക് (80TTA)

നിങ്ങൾക്ക് സേവിങ്സ് അക്കൗണ്ടിൽ ലഭിച്ച പലിശയ്ക്കാണ് കിഴിവ്. ലഭിച്ച പലിശ അല്ലെങ്കിൽ 10,000 രൂപ, ഏതാണോ കുറവ് അതിനാണു കിഴിവ്.

14. നിക്ഷേപ പലിശയ്ക്ക് (80TTB)

മുതിർന്ന പൗരന്മാർക്കു ലഭിക്കുന്ന പലിശവരുമാനത്തിനു കിഴിവു കിട്ടും. പരമാവധി 50,000 രൂപ വരെയാണു കിഴിവ്. ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫിസ് ഇവയിലെ നിക്ഷേപപലിശയ്ക്കാണിത്.

15. മൂന്നര ലക്ഷം വരെ റിബേറ്റ് (87A)

നിങ്ങളുടെ നികുതിവിധേയ വരുമാനം മൂന്നര ലക്ഷത്തിൽ താഴെ ആണെങ്കിൽ 2,500 രൂപ വരെ റിബേറ്റിന് അർഹതയുണ്ട്. ഉദാഹരണത്തിന്, മൊത്തവരുമാനം അഞ്ചു ലക്ഷം രൂപയും കിഴിവുകൾ ഒന്നര ലക്ഷം രൂപയുമാണെന്നിരിക്കട്ടെ. എങ്കിൽ, നികുതിവിധേയ വരുമാനം മൂന്നര ലക്ഷം രൂപ, നികുതി 5,000 രൂപ. റിബേറ്റ് 2,500 രൂപ. നികുതി ബാധ്യത 2,500 രൂപ.

16. ഭവനവായ്പാ പലിശ (24)

ഭവനവായ്പയുടെ പലിശയിനത്തിൽ അടയ്ക്കുന്ന രണ്ടു ലക്ഷം രൂപയ്ക്കു വരെ ഇളവു കിട്ടും. വസ്തുവും വായ്പയും നിങ്ങളുടെയും പങ്കാളിയുടെയും പേരിലാണെങ്കിൽ രണ്ടുപേർക്കും രണ്ടു ലക്ഷം രൂപ വീതം വരെ ക്ലെയിം ചെയ്യാം.

17. സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ (16)

ശമ്പളം/പെൻഷൻ വരുമാനക്കാർക്ക് ഈ വർഷം മുതൽ 40,000 രൂപ വരെ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ ലഭിക്കും. പക്ഷേ, യാത്രാ അലവൻസുകളും മെഡിക്കൽ റീ ഇംപേഴ്സ്മെന്റുകളും ഈ വർഷം മുതൽ കിഴിവായി ലഭിക്കില്ല.

നിക്ഷേപം വഴി രണ്ടു ലക്ഷത്തിന്റെ ഇളവ്

ഭാവിക്കായി നടത്തുന്ന നിക്ഷേപം വഴി ആദായനികുതിയിൽ രണ്ടു ലക്ഷം രൂപയുടെ ഇളവു നേടാൻ അവസരം ഉണ്ട്. സെക്‌ഷൻ 80C, 80CCC, 80CCD(1) എന്നിവയിലെല്ലാം കൂടി പരമാവധി മൊത്തം കിഴിവ് ഒന്നര ലക്ഷം രൂപയിൽ കവിയരുത്. എന്നാൽ 80CCD(1B) പെൻഷൻ ഫണ്ടിലെ അര ലക്ഷത്തിനുള്ള കിഴിവ് ഇവയ്ക്കു പുറമേയുള്ളതാണ്. ഇതെല്ലാം കൂടിയാകുമ്പോൾ രണ്ടു ലക്ഷം രൂപയാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA