വിറ്റുവരവിന്റെ 94% വരെ ചെലവിനത്തിൽ കുറയ്ക്കാം

HIGHLIGHTS
  • രണ്ടു കോടി വരെ വിറ്റുവരവുള്ളവർക്ക് അനുമാനനികുതി സ്വീകാര്യമെങ്കിൽ കണക്കു സൂക്ഷിക്കേണ്ട
tax 6
SHARE

ആദായനികുതി കണക്കാക്കുമ്പോൾ മൊത്തം വിറ്റുവരവിന്റെ 92 മുതൽ 94 ശതമാനം വരെ ചെലവിനത്തിൽ കുറയ്ക്കാനുള്ള അവസരം ബിസിനസുകാർക്കും കച്ചവടക്കാർക്കും ലഭ്യമാണ്. ബാക്കി ആറോ എട്ടോ ശതമാനം തുക മാത്രം വരുമാനമായി കണക്കാക്കി നികുതി നൽകിയാൽ മതി. അനുമാന നികുതി നിരക്കിൽ വരുമാനം കാണക്കാക്കി നികുതി അടയ്ക്കാൻ തയാറുള്ളവർക്കാണ് ഈ ആനുകൂല്യങ്ങൾ.

ആർക്കെല്ലാം?

ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കരാറുകാർ എന്നിവർക്കെല്ലാം അനുമാന നികുതി സ്വീകരിക്കാം. പക്ഷേ, ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾ, പാർട്ണർഷിപ് സ്ഥാപനങ്ങൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ എന്നിവർക്കേ ഇതിന് അർഹതയുള്ളൂ. അതായത് പ്രവാസി ഇന്ത്യക്കാർക്കില്ല. കമ്മിഷൻ വ്യവസ്ഥയിൽ ബിസിനസ് ചെയ്യുന്നവർക്കോ ഏജൻസി ബിസിനസ് ചെയ്യുന്നവർക്കോ ഈ ആനുകൂല്യം കിട്ടില്ല. എന്നാൽ വിവിധതരം കരാർ അടിസ്ഥാനത്തിൽ ബിസിനസ് ചെയ്യുന്നവർക്കും റീടെയിൽ, ഹോൾസെയിൽ കച്ചവടങ്ങൾക്കും അനുമാന നികുതി ബാധകമാണ്.

വിറ്റുവരവ് രണ്ടുകോടി വരെ

വാർഷിക വിറ്റുവരവ് രണ്ടുകോടി രൂപയോ അതിൽ താഴെയോ ആണെങ്കിൽ അനുമാന നിരക്കിൽ വരുമാനം കണക്കാക്കി നികുതി അടയ്ക്കാനുള്ള അവകാശം ആണ് ആദായനികുതി നിയമം (സെക്‌ഷൻ 44 എഡി)
നൽകുന്നത്. രണ്ടു കോടി രൂപ വരെ വിറ്റുവരവുള്ള
വർക്കു തങ്ങളുടെ വരുമാനം (ലാഭം) വിറ്റുവരവിന്റെ എട്ടു ശതമാനമായി കണക്കാക്കാം. ആ എട്ടു ശതമാനത്തിനു നികുതി നൽകിയാൽ മതി. അതായത്, മൊത്തം വിറ്റുവരവിന്റെ 92 ശതമാനം ചെലവിനത്തിൽ കൊള്ളിച്ച് നികുതി ഒഴിവാക്കാം. .

ൈദനംദിന ഇടപാടുകൾ കണക്കുബുക്കുകളിൽ രേഖപ്പെടുത്തി, ലാഭനഷ്ടക്കണക്കുകൾ തയാറാക്കുന്നതിന്റെ സങ്കീർണതയിൽനിന്നു ചെറുകിടക്കാരെ ഒഴിവാക്കുകയാണ് ഈ സെക്‌ഷൻ ലക്ഷ്യമിടുന്നത്.

ആറു ശതമാനം ആർക്ക്?

ഇനി ബാങ്ക് അക്കൗണ്ട് വഴിയാണ് നിങ്ങളുടെ ഇടപാടുകളെല്ലാമെങ്കിൽ വിറ്റുവരവിന്റെ 94 ശതമാനവും ചെലവിനത്തിൽ കൊള്ളിക്കാം. ബാക്കി ആറു ശതമാനം വരുമാനമായി കണക്കാക്കി അതിനു മാത്രം നികുതി നൽകിയാൽ മതി. ബാങ്ക് വഴിയുള്ള ക്രയവിക്രയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്.

എന്തെല്ലാം ഉൾപ്പെടുത്താം?

ബിസിനസിന് ഉപയോഗിക്കുന്ന ആസ്തിയുടെ തേയ്മാനമുൾപ്പെടെ എല്ലാ നിയമാനുസൃത കിഴിവുകളും അടക്കമാണ് അനുമാന വരുമാനം കണക്കാക്കുന്നത്.

ഇതിൽ പാർട്ണർഷിപ് സ്ഥാപനങ്ങളിൽ പങ്കാളികളുടെ ശമ്പളവും ഉൾപ്പെടും.

റിട്ടേൺ സമർപ്പണം

ആറ്, അല്ലെങ്കിൽ എട്ടു ശതമാനം, ഇതിൽ ഏതാണ് നിങ്ങൾ അനുമാന നികുതിയായി സ്വീകരിക്കുകയെന്ന് നിശ്ചയിക്കുക. എന്നിട്ട് ആ വരുമാനത്തിനു നിലവിലുള്ള നിരക്കിൽ നികുതി നൽകുകയും റിട്ടേൺ സമർപ്പിക്കുകയും വേണം.

അനുമാന നികുതി വേണ്ടെങ്കിൽ

നിങ്ങളുടെ വരുമാനം ആറ് അല്ലെങ്കിൽ എട്ടു ശതമാനം എന്ന അനുമാന നിരക്കിലും താഴെയാണോ? എങ്കിൽ ഈ വകുപ്പിന്റെ ആനുകൂല്യം എടുക്കാതെ വേണമെങ്കിലും നികുതി റിട്ടേൺ സമർപ്പിക്കാം. പക്ഷേ, ഇങ്ങനെ ഉള്ളവർ ഇടപാടു സംബന്ധിച്ചുള്ള കൃത്യമായ കണക്കു ബുക്കുകൾ സൂക്ഷിക്കണം. കണക്കുകൾ ഓഡിറ്റിങ്ങിനു വിധേയമാക്കി റിട്ടേൺ സമർപ്പിക്കുകയും വേണം. ഒരു വർഷം ഇതുപോലെ റിട്ടേൺ നൽകിയാൽ തുടർന്നുള്ള അഞ്ചു വർഷവും ഇതേ രീതിയിൽത്തന്നെ റിട്ടേൺ സമർപ്പിക്കേണ്ടി വരുമെന്നതു ഓർക്കുക.

ഇനി സ്വന്തം വരുമാനം അനുമാന നിരക്കിലും അധികമാണെന്നുണ്ടെങ്കിൽ അധിക ലാഭത്തിനും നികുതിയടച്ച് റിട്ടേൺ സമർപ്പിക്കാൻ അവസരമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA