പുതിയ സാമ്പത്തിക വർഷത്തിൽ ജാഗ്രതയുണ്ടായാൽ ദുഖിക്കേണ്ടി വരില്ല

HIGHLIGHTS
  • വ്യക്തികളുടെ ആദായ നികുതി റിട്ടേൺ ഫയൽചെയ്യേണ്ടത് ജൂലൈ 31നാണ്
2019-new-year 845
SHARE

ഏപ്രിൽ 1ന് പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി. മോദി സർക്കാർ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റിലെ നിർദേഷങ്ങൾ നടപ്പാക്കുന്നത് ഏപ്രിൽ ഒന്നുമുതലാണ്. ഈ സാമ്പത്തിക വർഷം 5 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതി അടക്കേണ്ടതില്ല – അതായത് യഥാർത്ഥത്തിൽ 5 ലക്ഷം വരെ വരുമാനമുള്ളവർ അടയ്ക്കേണ്ട 12500 രൂപ സർക്കാർ ഒരു റിബേറ്റ് നൽകി അവരുടെ ബാധ്യത ഇല്ലാതാക്കിയിരിക്കുകയാണ്. 

ശമ്പളക്കാരാണെങ്കിൽ നിലവിൽ 40000 രൂപവരെ സ്റ്റാന്‍ഡേർഡ് ഡിഡക്ഷൻ ഉള്ളത് 50000 വരെ ആക്കി ഉയർത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ 80 സി പ്രകാരമുള്ള നിക്ഷേപങ്ങളിൽ 150,000 രൂപ വരെ നിക്ഷേപിച്ചാൽ അതിനും ഇളവ് ലഭിക്കും. എൽ ഐ സി പ്രീമിയം, പ്രൊവിഡന്റ് ഫണ്ട്, എൻ എസ് സി, 5 വർഷ പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ് മുതലായവയിൽ നിക്ഷേപിച്ചാൽ അതിനും ഇളവ് കിട്ടും. 

ടിഡിഎസ്

ശമ്പള വരുമാനക്കാരുടെ വരുമാനത്തില്‍ നിന്ന് ടിഡിഎസ് പിടിക്കുവാൻ തൊഴിലുടമയ്ക്ക് ബാധ്യത ഉള്ളതിനാൽ ഇളവിനായി നിക്ഷേപിക്കുന്ന മേൽപറഞ്ഞ തുകകൾ വർഷാരംഭത്തിൽ തന്നെ നിക്ഷേപിച്ചാൽ ശമ്പളത്തില്‍ നിന്ന് ടിഡിഎസ് അതനുസരിച്ച് പിടിച്ചാൽ മതി. പലപ്പോഴും സാമ്പത്തിക വർഷത്തിന്റെ അവസാനത്തില്‍ നിക്ഷേപിക്കുന്നതു മൂലം തൊഴിലുടമ ടിഡിഎസ് പിടിക്കുകയും പിന്നീട് റിട്ടേണ്‍ ഫയൽ ചെയ്ത് റീഫണ്ട് വാങ്ങുകയും ചെയ്യേണ്ടി വരും. 

പ്രശ്നങ്ങളിൽ ചാടരുതേ

വ്യക്തികളുടെ ആദായ നികുതി റിട്ടേൺ അവരുടെ കണക്കുകൾ ഓഡിറ്റിനു വിധേയമല്ലെങ്കിൽ ഫയൽ ചെയ്യേണ്ടത് അടുത്ത ജൂലൈ 31നാണ്. വ്യക്തികൾക്ക് വരവിൽ കവിഞ്ഞ നിക്ഷേപങ്ങളോ ചിലവുകളോ ഉണ്ടോ എന്നു പരിശോധിക്കുന്ന സംവിധാനം ആദായ നികുതി വകുപ്പിന്റെ പക്കൽ ഉണ്ടെന്ന കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. അതായത് യാഥാർത്ഥ വരുമാനം തന്നെ കണക്കാക്കി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്താൽ കൂടുതൽ പ്രശ്നങ്ങളിൽ ചാടാതെ സൂക്ഷിക്കാം. പാൻ നൽകേണ്ടി വരുന്ന എല്ലാ ഇടപാടുകളും സംബന്ധിച്ച് ആദായനികുതി വകുപ്പിന് അറിയിപ്പ് ലഭിക്കും എന്ന കാര്യം എപ്പോഴും ഓർക്കുന്നത് നന്നായിരിക്കും.

അതായത് സ്വർണം വാങ്ങുമ്പാഴും സ്ഥലം വാങ്ങുമ്പോഴും വാഹനങ്ങൾ വാങ്ങുമ്പോഴും ബാങ്ക് നിക്ഷേപം നടത്തുമ്പോഴുമൊക്കെ നാം പാൻ നൽകാറുണ്ട്. അതുകൊണ്ടു തന്നെ അത്തരം കാര്യങ്ങളെല്ലാം ആദായനികുതി വകുപ്പ് അറിയുന്നുണ്ട്. വ്യക്തികളുടെ വരുമാനത്തിന് ആനുപാതികമായാണോ ഇത്തരം നിക്ഷേപങ്ങൾ എന്നു പരിശോധിക്കുന്നതിനുള്ള പ്രൊജക്ട് ഇൻസൈറ്റ് എന്ന സംവിധാനമാണ് ആദായ നികുതി വകുപ്പ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജാഗ്രതയോടെ ഇരുന്നാൽ ദുഖിക്കേണ്ടി വരില്ലെന്നു ചുരുക്കം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA