അറിയണം ആദായ നികുതി റിട്ടേൺ ഫോമുകളിലെ മാറ്റങ്ങൾ

HIGHLIGHTS
  • വിവരങ്ങൾ കൂടുതൽ നൽകണമെന്നതിനാൽ നേരത്തേ തയാറെടുക്കണം
calculating
SHARE

ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള ഫോമുകളിൽ, മുൻകൊല്ലത്തെ ഫോമുകളിൽ ആവശ്യപ്പെട്ടിരുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരും. ഏതൊക്കെ ഫോമുകൾ ആർക്കൊക്കെ എന്നതിലും മാറ്റമുണ്ട്. കമ്പനികളിൽ ഡയറക്ടർമാരായവരും സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരിയുള്ളവരും ലളിതമായ ഐടിആർ–1 സഹജ്, ഐടിആർ–4 സുഗം എന്നീ ഫോമുകൾ നൽകരുതെന്നതു പ്രധാന മാറ്റം. കള്ളപ്പണം വെളുപ്പിക്കാൻ ‘കടലാസ് കമ്പനികൾ’ സ്ഥാപിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

സംഭാവന നൽകുകയും അതിനു നികുതിയിളവു തേടുകയും ചെയ്യുന്നവർ സംഭാവന സ്വീകരിച്ചവരുടെ പേര്, വിലാസം പാൻ തുടങ്ങിയ വിവരങ്ങളും പണമായി എത്ര നൽകി അല്ലാതെ എത്ര നൽകി എന്നതും രേഖപ്പടുത്തണം. 

ശമ്പളക്കാർക്ക്:

 ഐടിആർ–1 (സഹജ്) എന്ന ലളിതമായ ഫോം 50 ലക്ഷം രൂപ വരെ വരുമാനമുള്ള, ഇന്ത്യയിൽ സ്ഥിര താമസമായ (ഓർഡിനറിലി റസിഡന്റ്) വ്യക്തികളെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ശമ്പളം അഥവാ പെൻഷൻ, ഒരു വീടിന്റെ മാത്രം വാടക വരുമാനം, പലിശപോലെ മറ്റു വരുമാനം തുടങ്ങിയവ മാത്രമുള്ള വ്യക്തികൾക്കുള്ളതാണ് ഈ ഫോം. കമ്പനികളിലെ ഡയറക്ടർമാർക്കും സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരിയുള്ളവർക്കും ഇതു നൽകാനാവില്ല 

∙സ്റ്റാൻഡേഡ് ഡിഡക്‌ഷൻ ആയി 40,000 രൂപ ക്ലെയിം ചെയ്യാം

ഹിന്ദു അവിഭക്ത കുടുംബങ്ങൾക്ക്:

∙ഐടിആർ–2 വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (എച്ച്‌യുഎഫ്) മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ് ഐടിആർ–2. എന്നാൽ ഇവർക്ക് കച്ചവടത്തിൽ നിന്നോ പ്രഫഷനിൽനിന്നോ വരുമാനം ഉണ്ടാകാൻ പാടില്ല. 

∙കഴിഞ്ഞ വർഷത്തെ റസിഡൻസി നിലയുടെ വ്യക്തമായ വിവരങ്ങൾ നൽകണം. റസിഡന്റ് ആയിരുന്നോ നോട്ട്ഓർഡനറിലി റസിഡന്റ് ആയിരുന്നോ നോൺ–റസിഡന്റ് ആയിരുന്നോ എന്ന വിവരങ്ങളും എത്ര ദിവസം ഇന്ത്യയിലുണ്ടായിരുന്നു എന്നതും ഇതിൽപ്പെടും.

∙ഏതെങ്കിലും അൺലിസ്റ്റഡ് കമ്പനിയുടെ ഡയറക്ടർ ആണെങ്കിൽ അതിന്റെ പേരും പാൻ നമ്പറും കൈവശമുള്ള ഓഹരിയുടെ എണ്ണവും വിറ്റഓഹരിയുടെ എണ്ണവുമൊക്കെ വേണം.

∙കാർഷിക വരുമാനക്കാർ കൃഷിഭൂമി സംബന്ധിച്ച സമഗ്ര വിവരങ്ങൾ നൽകണം.

∙ വാടക വരുമാനക്കാർ വാടകക്കാരെ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതുണ്ട്.

കച്ചവടക്കാർക്ക്:

ഐടിആർ–3 കച്ചവടത്തിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമുള്ള വ്യക്തികളെയും ഹിന്ദു അവിഭക്ത കുടുംബങ്ങളെയും (എച്ച്‌യുഎഫ്) ഉദ്ദേശിച്ചുള്ളതാണ്. 

സുഗം ഫോം:

 ഐടിആർ–4. സുഗം ഫോം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും മാത്രം ഉപയോഗിക്കാവുന്നതാണ്. ഐടിആർ–1 ൽ ഉള്ള വരുമാനങ്ങൾക്കു പുറമെ, കച്ചവടത്തിൽനിന്ന് നിശ്ചിത നിരക്കിൽ ലാഭം കണക്കാക്കി അനുമാന നികുതി കൊടുക്കുന്നവരാണ് സുഗം ഫോം ഉപയോഗിക്കേണ്ടത്. സഹജ് ഉപയോഗിക്കുന്നതിൽനിന്നു വിലക്കിയിട്ടുള്ളവർക്കൊന്നും ഐടിആർ 4ഉം ഉപയോഗിക്കാൻ പാടില്ല. എന്നാൽ സഹജിൽ നിഷ്കർഷിച്ചിട്ടുള്ള വരുമാനത്തിന്റെ പരിധി 50 ലക്ഷം രൂപയിൽ കൂടിയാൽ സുഗം ഫോം ഉപയോഗിക്കാം.

കമ്പനികൾക്ക് :

ഐടിആർ–6 കമ്പനികൾ നൽകേണ്ടതാണ്. സ്റ്റാർട്ടപ്പുകൾക്കു പ്രത്യേക കോളമുണ്ട്. വ്യവസായ വകുപ്പിന്റെ അംഗീകാരം, നിക്ഷേപകർ, ഓഹരി ഇഷ്യു വില, കിട്ടിയ ഫണ്ട് തുടങ്ങി വിവരങ്ങൾ നൽകണം.

∙ അൺലിസ്റ്റഡ് കമ്പനികളും നിക്ഷേപകരെയും അവരുടെ പൗരത്വം സംബന്ധിച്ചുമൊക്കയുള്ള വിവരങ്ങൾ നൽകണം.

∙ ഐടിആർ 3, 4, 6 എന്നിവ ഉപയോഗിക്കുന്നവർ ജിഎസ്ടി വിവരങ്ങളും നൽകേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഇത് ഐടിആർ–4ന് മാത്രമായിരുന്നു ബാധകം. 

ഇത്തവണ വിവരങ്ങളും അവയുടെ രേഖകളും കൂടുതൽ വേണ്ടതിനാൽ നികുതിദായകർ നേരത്തേതന്നെ തയാറെടുപ്പുകൾ തുടങ്ങണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികൾ റിട്ടേൺ നൽകേണ്ട അവസാന തീയതി ജൂലൈ 31. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA