ADVERTISEMENT

 

 

ജ്വല്ലറിയിൽ സ്വർണാഭരണം വാങ്ങാനായി നിക്ഷേപം നടത്താമോ? 

പലരും മകളുടെ വിവാഹത്തിനുള്ള സ്വര്‍ണം വാങ്ങുന്നതിന് ജ്വല്ലറികൾ നടത്തുന്ന സ്വര്‍ണ പദ്ധതികളിൽ ചേരാറുണ്ട്. മാസം തോറുമോ ആഴ്ചതോറുമോ പണമടച്ച് ആവശ്യം വരുന്ന സ്വർണം വേണ്ടസമയത്ത് വാങ്ങുന്ന രീതിയാണിത്. ഒറ്റയടിക്ക് കനത്ത തുക സംഘടിപ്പിക്കേണ്ട എന്നു മാത്രമല്ല, പദ്ധതിയിൽ ചേരുമ്പോഴോ വാങ്ങുമ്പോഴോ എപ്പോഴാണോ സ്വർണത്തിനു കുറഞ്ഞ വിലയുള്ളത് അതേ ഈടാക്കൂ എന്നാണ് കമ്പനി നൽകുന്ന വാഗ്ദാനം.   

ഒറ്റനോട്ടത്തിൽ തികച്ചും ആദായകരവും ആശ്വാസകരവും എന്നു തോന്നുമെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടുന്ന ഏർപ്പാടാണിത്.

ഇങ്ങനെ ഭാവിയിൽ സ്വർണാഭരണങ്ങൾ നൽകാമെന്ന വാഗ്‌ദാനത്തോടെ മാസ തവണകളായോ ഒരുമിച്ചോ ജ്വല്ലറികൾ ഇടപാടുകാരിൽ നിന്നു പണം മൂൻകൂറായി സ്വീകരിക്കുന്നതിന് സർക്കാരിന്റെയോ റിസർവ് ബാങ്കിന്റെയോ അനുമതിയില്ല.അതുകൊണ്ട് പദ്ധതി ബാങ്കിതര ധനകാര്യക്കമ്പനികളിലെ നിക്ഷേപങ്ങളുടെ പരിധിയിൽ വരില്ല. ജ്വല്ലറി ഷോപ്പുകൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിനും അവസാനം അടച്ച തുകയും പലിശയും കൂട്ടിച്ചേർത്തു പണം തിരികെ നൽകുന്നതിനും അനുമതി ഇല്ല. നിക്ഷേപകർ മുൻകൂറായി നൽകിയ തുകയ്ക്കുള്ള സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും മറ്റും തിരികെ നൽകുന്ന ഇത്തരം പദ്ധതികൾക്കു നിയമസംരക്ഷണമില്ലെന്നറിയുക.

 

• സ്വർണ്ണം വാങ്ങുമ്പോൾ പാൻ നൽകണോ ?

രണ്ടുലക്ഷത്തിലധികം രൂപയുടെ സ്വർണം വാങ്ങുമ്പോൾ പാൻ നൽകണം. ഇതു നൽകിയില്ലെങ്കിൽ ആദായ നികുതി വകുപ്പ് നിങ്ങളോട് വിശദീകരണം ചോദിക്കാൻ സാധ്യതയുണ്ട്. ഒരാൾ കൈവശം വെക്കുന്ന സ്വർണ്ണവും അയാളുടെ സാമ്പത്തിക സ്രോതസ്സും തമ്മിൽ ഒത്തു പോകേണ്ടതുണ്ട്. അതുകൊണ്ട് സ്വർണ്ണം വാങ്ങുമ്പോഴും പഴയ സ്വർണ്ണം മാറ്റി പുതിയതു വാങ്ങുമ്പോഴും ബില്ലുകളും മറ്റു രേഖകളും സൂക്ഷിച്ചു വയ്ക്കുക. പാരമ്പ്യരമായി ലഭിച്ച സ്വർണ്ണം ആണെങ്കിൽ അത് തെളിയിക്കുന്നതിനുള്ള രേഖകളും സൂക്ഷിച്ചു വക്കുക.

 

ആദായ നികുതി വകുപ്പിന് നിങ്ങളുടെ സ്വര്‍ണം  പിടിച്ചെടുക്കാനാകുമോ?

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ 1994ലെ നിർദ്ദേശപ്രകാരം പ്രത്യേകിച്ചു രേഖകൾ ഇല്ലാതെ തന്നെ വിവാഹിതയായ ഒരു സ്ത്രീക്കു 500 ഗ്രാം സ്വർണവും അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വർണവും ഒരു പുരുഷന് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം. അതിൽ കൂടുതൽ സ്വർണ്ണം കൈവശം വെയ്ക്കുകയും മതിയായ രേഖകൾ ഇല്ലാതിരിക്കുകയും ചെയ്താൽ  പരിധിയിൽ കവിഞ്ഞ സ്വർണ്ണം പിടിച്ചു എടുക്കാം. 

 

സ്വർണ്ണവും ആദായ നികുതിയും

സ്വർണ്ണം വിറ്റു കിട്ടുന്ന ലാഭത്തിന് ആദായ നികുതിയിൽ ഇളവ് ഇല്ല. മൂലധന നേട്ടത്തിൽ പെടുത്തി അത് നികുതി വിധേയമാണ്. മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലെങ്കിൽ രണ്ടര ലക്ഷം രൂപക്ക് മുകളിൽ ലാഭം ലഭിച്ചാൽ അതിനു നികുതി അടക്കേണ്ടി വരും.മറ്റു വരുമാനം ഉണ്ടെങ്കിൽ സ്വർണ്ണം വിറ്റു കിട്ടിയ ലാഭം അതിനോട് കൂട്ടിച്ചേർത്തു നികുതി കണക്കാക്കും. മൂന്നു വർഷത്തിൽ കൂടുതൽ കൈവശം വച്ചാണ് വിൽക്കുന്നതെങ്കിൽ (Long Term Capital Gain) ലാഭത്തിന്റെ ഇരുപത് ശതമാനം നികുതി അടയ്ക്കണം. അതുപോലെ ഒരു സാമ്പത്തിക വർഷം അമ്പതിനായിരം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണ്ണമോ മറ്റു വസ്തുക്കളോ സമ്മാനമായി ലഭിച്ചാലും നികുതി ഈടാക്കും. എന്നാൽ 

വിവാഹ സമയത്ത് വധൂവരന്മാരുടെ തൊട്ടടുത്ത ബന്ധുക്കളിൽ നിന്ന് സമ്മാനമായി ലഭിക്കുന്ന സ്വർണ്ണവും മറ്റു വസ്തുക്കളും നികുതി വിധേയമല്ല. 

 

സ്വർണ്ണം വിൽക്കുന്നതിനോ?   

പലരും വസ്തു വാങ്ങുന്നതിനും മറ്റുമായി സ്ത്രീധനം ആയോ പാരമ്പര്യം ആയോ ലഭിച്ച സ്വർണ്ണം വിൽക്കാറുണ്ട്. ഈ ഇടപാടിൽ തുക രണ്ടു ലക്ഷമോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ അത് പണമായി സ്വീകരിക്കാതെ ബാങ്ക് ഇടപാട് ആയി ചെയ്യുക. പണമായി സ്വീകരിച്ചാൽ ആദായ നികുതി വകുപ്പ് സ്വർണം വാങ്ങിയ ആളിൽ നിന്നും പിഴയീടാക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com