നിങ്ങൾ സിബിലിനെ പേടിക്കണോ?

HIGHLIGHTS
  • വായ്പ തിരിച്ചടക്കുന്നതിനുള്ള ശേഷി സൂചിപ്പിക്കുന്നതാണ് സ്കോർ
gold loan
SHARE

നിങ്ങൾക്ക് പതിവായി മൊബൈൽ ഫോണിൽ ആകർഷകമായ പലിശ നിരക്കിൽ വായ്പ എടുക്കൂ എന്ന സന്ദേശം വരാറുണ്ടോ? ഞാൻ വായ്പയ്ക്ക് അപേക്ഷിച്ചിട്ടില്ലല്ലോ പിന്നെയെങ്ങനെ ഈ സന്ദേശം വന്നു എന്ന് അത്ഭുതപ്പെടാൻ വരട്ടെ. നിങ്ങളുടെ ബാങ്കിങ് ഇടപാടുകളിലുള്ള അച്ചടക്കവും മുമ്പ് എടുത്ത വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന ശീലവുമാണ് വായ്പ നൽകാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്. ഇപ്പോൾ പലർക്കും വായ്പ എടുക്കുന്ന കാര്യമോർക്കുമ്പോൾ  സിബില്‍ സ്കോർ പേടിയാണ്. എന്നാൽ കരുതലോടെ വായ്പ തിരിച്ചടച്ചാൽ ഈ ഭയം അസ്ഥാനത്താണ്. വായ്പ തിരിച്ചടക്കുന്നതിനുള്ള ശേഷി സൂചിപ്പിക്കുന്നതാണ് സ്കോർ.

വായ്പ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ സ്കോർ കുറയാൻ കാരണമാകും. കുറെ വായ്പകൾ ഒരുമിച്ചെടുക്കുന്നതും സ്കോറിനെ ബാധിക്കും. ഒരാൾ ക്രെഡിറ്റ് കാര്‍ഡിനായി പല ബാങ്കുകളിൽ അന്വേഷണം നടത്തിയാൽ അയാൾ പണത്തിനായി  ഓടി നടക്കുകയാണെന്ന തോന്നലുളവാക്കും. വായ്പ എടുത്ത ആളുടെ സാമ്പത്തിക അച്ചടക്കവും സ്കോർ കണക്കാക്കുമ്പോൾ പരിഗണിക്കും. വായ്പ എടുത്ത് സ്കോർ കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ അത് മെച്ചപ്പെടുത്താൻ ശ്രമിക്കുക.

300 മുതൽ 900 വരെയുള്ള സ്കോറാണ് സിബിൽ നൽകുന്നത്. അതിൽ 800നു മുകളിലേക്കുള്ള സ്കോർ മികച്ചതാണ് അങ്ങനെ ഉയര്‍ന്ന സ്കോർ ഉള്ളവർക്ക് ആകർഷകമായ പലിശയ്ക്ക് വായ്പ നൽകും. വായ്പ തവണ മുടക്കാതിരിക്കുക എന്നതാണ് മികച്ച വായ്പാസ്കോർ ഉയർത്താനുള്ള പ്രധാന മാർഗം. വായ്പ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നത് സ്കോർ വർധിപ്പിക്കുമെങ്കിലും നേരത്തെ അടച്ചു തീർക്കുന്നത് സ്കോർ ഉയരാൻ സഹായിക്കില്ല.‍‍ ഒരു വായ്പ എടുത്തിട്ട് അത് അടയ്ക്കാനായി മറ്റൊന്ന് എടുക്കുന്നത് സ്കോർ മോശമാക്കും.

സ്കോർ താഴെ പോയാൽ അതു മെച്ചപ്പെടുത്തുന്നതിനു ചില മാർഗങ്ങൾ നോക്കാവുന്നതാണ്. അതിനായിആറു മാസത്തേക്ക് കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണം. കൃത്യമായി തവണകളടക്കുക.ഇതിനിടയിൽ പല ബാങ്കുകളിൽ വായ്പ എടുക്കുന്നതിനായി അന്വേഷണം നടത്തരുത്.പകരം ഈടു നൽകിയുള്ള വായ്പ എടുക്കുകയാണെങ്കിൽ സ്കോർ മെച്ചപ്പെടാനിടയുണ്ട്.

സ്കോർ 700 ഉള്ളയാൾ ഈടു നൽകിയുള്ള വായ്പ എടുത്താൽ സ്കോർ മെച്ചപ്പെടാനിടയുണ്ട്.സ്വർണ വായ്പ എടുക്കുന്നതും സ്കോർ മെച്ചപ്പെടാൻ സഹായിക്കും. വായ്പ എടുത്തയാളുടെ സ്കോർ നില ബാങ്കുകൾ നിരന്തരമായി വിശകലനം ചെയ്യാറുണ്ട്, സ്കോർ 600 ആയിരുന്ന ആൾ വായ്പ കൃത്യമായി തിരിച്ചടച്ച് 750ലേക്ക് നില മെച്ചപ്പെടുത്തുന്നത് നല്ലതാണ്. അതേ സമയം 850 സ്കോർ ഉണ്ടായിരുന്ന ആൾ ശ്രദ്ധയില്ലാതെ 750 ലേക്ക്  കുറഞ്ഞാൽ ബാങ്ക് അയാളെ നിരീക്ഷണം നടത്തികൊണ്ടിരിക്കും. ചുരുക്കി പറഞ്ഞാൽ നല്ല വായ്പാചരിത്രമുള്ളവർക്ക് വായ്പ കിട്ടാനെളുപ്പമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA